കമ്യൂണിസം സമഭാവനയുടെ ദര്‍ശനവും കമ്യൂണിസ്റ്റുകാര്‍ തികഞ്ഞ മനുഷ്യസ്നേഹികളുമാണത്രെ! എന്നാല്‍, നവോത്ഥാന നായകന് എന്നുസ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ഭരിക്കുന്ന കേരളത്തിലോ? ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണല്ലോ എം.എം. ലോറന്‍സ്. ചെറുപ്രായത്തില്‍ത്തന്നെ പാര്‍ട്ടിഅംഗമായി. ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണകേസിലെ പ്രതി. കടുത്ത മര്‍ദ്ദനം അനുഭവിച്ചു. എംപിയും കേന്ദ്രകമ്മിറ്റി അംഗവും കരുത്തനായ എല്‍ഡിഎഫ് കണ്‍വീനറുമായിരുന്നു. ഇ.കെ. നായനാര്പോലും സ്നേഹപൂര്‍വം ‘ലോറ’ എന്ന് വിളിച്ചിരുന്ന ആള്. നവതിയിലെത്തിനില്ക്കുന്ന ലോറന്‍സ് പക്ഷെ ഇപ്പോള്‍ എവിടെയുമില്ല.
ലോറന്‍സിന്റെ മകള്‍ ആശ തിരുവനന്തപുരത്ത് സിഡ്കോയില്‍ ദിവസവേതനക്കാരിയായി ജോലി ചെയ്തിരുന്നു. തുച്ഛമായ വേതനം. മകന് ബിജെപി വേദിയിലെത്തിയെന്നുപറഞ്ഞ് അമ്മയെ പിരിച്ചുവിട്ടു. ആശ ആദ്യം പരാതിപറഞ്ഞത് ചിറ്റപ്പന് മന്ത്രിയോട്. ദീനദയാലുവായ മന്ത്രി കണക്കിന് പരിഹസിച്ചു. ഇത് പാര്‍ട്ടി തീരുമാനമാണെന്നുപറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു. നവോത്ഥാന നായകന് എല്ലാം ക്ഷമയോടെ കേട്ടു. പക്ഷെ ആശ ഇപ്പോഴും പടിക്കുപുറത്ത്. ആകെയുള്ള ഉപജീവനമാര്‍ഗമാണ് തട്ടിത്തെറിപ്പിക്കപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ അനുജത്തികൂടിയായ മറ്റൊരു ദീനദയാലുവാണ് തന്റെ തൊഴില്‍തെറിപ്പിച്ചതെന്നു പറഞ്ഞ് ആശ കരയുന്നു.
പാര്‍ട്ടി സംഘടനാ രീതിപ്രകാരം സംസ്ഥാനത്തെ പ്രധാനി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. സര്‍വതന്ത്ര പരിത്യാഗി. മകന് ഒരു വിഷയാസക്തി കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പുത്രദുഃഖമനുഭവിക്കുന്നു. മകന് കഴിഞ്ഞവര്‍ഷം ഒരു അറബി നല്കിയ കേസില്‍പെട്ടു. ദുബായ്യില് ചെറിയൊരു ബിസിനസ് നടത്തിവരികയായിരുന്നു മകന്. കപ്പലണ്ടിമിഠായിയും കടലമിഠായിയും വില്‍ക്കുന്ന ഒരു പെട്ടിക്കട. അത്രേയുള്ളു. പക്ഷെ ബാധ്യതയായി വന്നത് കോടികള്‍! (ദുബായ്യില് ഒരു കപ്പലണ്ടി മിഠായിക്ക് വില ഇവിടുത്തെ 35,000 രൂപയാണേ്രത). പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത കുടുംബമാണ് സെക്രട്ടറിയുടേത്. പണ്ട് കുടുംബത്ത് പശുവൊക്കെയുണ്ടായിരുന്നു. പാല്പീടികകളില് കൊടുത്ത് പഠിച്ചാണ് വളര്‍ന്നത്. ഇപ്പോള്‍ കറക്കാന്‍ പശുവും കെട്ടാന്‍ തൊഴുത്തുമില്ല. 11 കോടി ഇന്ത്യന്‍ രൂപയാണ് അറബി ചോദിച്ചുവന്നത്. അഭിമാനവും സത്യസന്ധതയുമുള്ള കുടുംബം എന്ന ഖ്യാതിയും മാത്രമാണല്ലോ ആകെ സ്വത്ത്. പക്ഷെ വേദനിക്കുന്ന ഏതോ ഒരു കോടീശ്വരന് സെക്രട്ടറിയുടെ ദുഃഖഭാരം അറിഞ്ഞു. സഹായിച്ചു. അറബീം പോയി ഒട്ടകോം പോയി. ബാലകൃഷ്ണന് മാത്രം ബാക്കി!
പക്ഷെ ഇപ്പോഴോ? വ്യാജകേസില്‍ പെട്ടുഴലുന്ന പുത്രന് എല്ലാ തിങ്കളാഴ്ചയും മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍പോയി ഒപ്പിടണം. വിമാനത്തിലാണ് പോക്കുവരവ്. (വിമാനക്കൂലി ആരുകൊടുക്കുന്നു?). ഡിഎന്‍എ പരിശോധനയ്ക്കായി രക്തം കൊടുക്കണമെന്ന ഉപാധിയിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. പുത്രന് കൊടുക്കില്ല (ഇത് പരമവിശിഷ്ട രക്തമാണേയ്) രക്തം അമൂല്യമാണ്. അത് പാഴാക്കരുത്… എന്നുണ്ടല്ലോ. സെക്രട്ടറിയുടെ പുത്രനുവേണ്ടി എത്ര ബാരല്‍ രക്തമൊഴുക്കാനും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ സഖാക്കള്‍ തയാറായിരുന്നു. അത് പറ്റില്ലല്ലോ. ഓഷിവാര പോലീസ് രക്തസാമ്പിള്‍ ശേഖരിക്കാനായി കൂറ്റന്‍ വീപ്പകള്‍ അടുക്കിവച്ച് കാത്തിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ പുത്രനാണല്ലോ. ബലംപ്രയോഗിച്ച് എടുക്കാനാവുമോ?
പക്ഷെ, പിതൃത്വം തെളിയിക്കേണ്ടേ? ബിഹാറിലെവിടെയോ പിതൃശൂന്യനായി ക്ടാവ് അലയുന്നത് ശരിയാണോ? ഭാഗ്യം. അവസാനം പുത്രന് സമ്മതിച്ചു. രക്തംകൊടുത്തു. ഇനി കാത്തിരിക്കാം. (രക്തം കൊടുത്തും ഈ പാര്‍ട്ടിയെ പോറ്റിവളര്‍ത്തും എന്നാരോ പറയാറുണ്ടല്ലോ). കേസില്‍നിന്ന് തലയൂരാനായി മകന് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയുമാണ്.
മിനിറ്റിനുപോലും വിലയുള്ള അഭിഭാഷകനാണത്രേ കേസ് വാദിക്കുന്നത്. കേസ് നടത്താന്‍ പണംമുടക്കുന്നത് പാര്‍ട്ടിയോ സര്‍ക്കാരോ? അതോ നിര്‍ധന കുടുംബത്തില്‍നിന്നുള്ള സെക്രട്ടറിയോ? അതോ നവോത്ഥാനമൂല്യ സംരക്ഷണാര്‍ത്ഥം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നോ?
ഇതിനിടയിലാണ് തോറ്റ എംപിയായ എ. സമ്പത്തിനെ കേരളക്കാര്യം നോക്കാന്‍ ദല്‍ഹിക്ക് അയയ്ക്കുന്നത്. എങ്കില്‍പ്പിന്നെ ജയിച്ച എംപിക്ക് എന്താണ് അവിടെ പണിയെന്നുചോദിക്കുന്നതില് അര്‍ഥമില്ല. കൊഴുത്ത ശമ്പളവും ക്യാബിനറ്റ് റാങ്കുമാണ് തോറ്റയാള്‍ക്ക് കൊടുക്കുന്നത്.
ലോറന്‍സിന്റെ തുച്ഛവേതനക്കാരിയായ മകള്‍ എവിടെ, കോടിയേരിപുത്രന്‍ എവിടെ, തോറ്റ എംപി എവിടെ. ഇതിന് ഇരട്ടനീതി എന്നുപറയാമോ? ലോറന്‍സ് സഖാവ് മിണ്ടുകില്ല. വായ്തുറക്കുകയുമില്ല. മിണ്ടരുത് മഹാമുനേ… മിണ്ടരുത്. സത്യം പറയരുത്.
വാല്‍ക്കഷ്ണം:
വി.എസ്. അച്യുതാനന്ദന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നും ലോറന്‍സ്. 95 കഴിഞ്ഞ കേരള കാസ്ട്രോ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി സര്‍ക്കാര്‍ചെലവില്‍ വാര്‍ധക്യം ആഘോഷിക്കുന്നു. ബംഗ്ലാവ്, കാറ്, പേഴ്സണല്‍ സ്റ്റാഫ് എല്ലാമുണ്ട്. അധ്യക്ഷനും അംഗങ്ങള്‍ക്കുമുള്‍പ്പെടെ പൊതുഖജനാവ് ചെലവഴിക്കുന്നത് പ്രതിമാസം കോടികള്‍. മൂന്നുപരിഷ്ക്കാര റിപ്പോര്‍ട്ടുകള്‍ കമ്മീഷന് മുഖ്യമന്ത്രിക്ക് കൊടുത്തു. മൂന്നും മുഖ്യന് ചവറ്റുകൂനയില്‍ തള്ളി. പണ്ടായിരുന്നുവെങ്കില്‍ കമ്മീഷന് റിപ്പോര്‍ട്ട്കൊണ്ട് ഉമിക്കരി പൊതിയാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: