ജനകീയസര്‍ക്കാര്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എത്ര വേഗമാണ് ജനവിരുദ്ധമായതെന്ന് നാം കണ്ടു. അതോടൊപ്പം ജുഡീഷ്യറിയും അവരുടെ ധാര്‍ഷ്ട്യസമീപനം തിരിച്ചറിഞ്ഞിരിക്കുന്നു. തുടരെത്തുടരെ ജുഡീഷ്യറിയില്‍നിന്ന് ഉണ്ടാവുന്ന കനത്ത പ്രഹരങ്ങള്‍ അതാണ് കാണിക്കുന്നത്. രാഷ്ട്രീയപരമായ നീക്കങ്ങളാണിവയെന്നു പറഞ്ഞ് ഇതൊന്നും തള്ളാനാവില്ല. അത്രമാത്രം യുക്തിഭദ്രമാണത്.
ഏറ്റവുമൊടുവില്‍, ഒരു ഉന്നത പൊലീസ് ഓഫീസര്‍ക്കെതിരെ നടത്തിയ മ്ലേച്ഛനീക്കങ്ങള്ക്കാണ് കോടതിയില്‍നിന്ന് വിമര്‍ശനമുയര്‍ന്നത്. അതിനൊപ്പം ആ ഓഫീസറെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവിട്ടു. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ് (സിഎടി) ഉത്തരവിട്ടത്. ഒരുദ്യോഗസ്ഥനെ വേട്ടയാടാന്‍ ഭരണകൂടം സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട് ഉത്തരവില്‍. ഒരിക്കലും ഭരണകൂടം ചെയ്തുകൂടാത്തതാണ് ഇവയൊക്കെ.
സര്‍ക്കാറിന്റെ സ്വേച്ഛാപരമായ നടപടികളും നീക്കങ്ങളും പൊതുസമൂഹത്തിന് ആരോഗ്യകരമായിരുന്നില്ല. പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ അമ്പത്തൊന്നും എഴുപതും വെട്ടുവെട്ടി ഉന്മൂലനംചെയ്യുന്ന അതേ നയംതന്നെയാണ് സര്‍ക്കാറും പിന്തുടരുന്നത്. എല്ലാവരും തങ്ങളുടെ വരുതിയില്‍ നില്‍ക്കണമെന്ന ഫാസിസ്റ്റ് സമീപനമാണ് സര്‍ക്കാറിന്റേത്. ജനവിരുദ്ധനടപടികള്‍ ചൂണ്ടിക്കാണിക്കാനും അതിനെതിരെ പ്രതികരിക്കാനും തുനിഞ്ഞാല്‍ അത്തരക്കാരെ നിശ്ശബ്ദനാക്കുകയത്രേ നടപ്പുരീതി.
അങ്ങനെ നിശ്ശബ്ദനാക്കാന്‍ നോക്കിയ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് മുന്‍ ഡയറക്ടറായ ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കഴിവും ആര്‍ജവവും സര്‍ക്കാറിന് ഭീഷണിയാണെന്ന് തോന്നിയപ്പോള്‍ വരുതിയില്‍ നിര്‍ത്താനായി പലതും ചെയ്തു. ‘വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഉണ്ടാകാവുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ചറിഞ്ഞതാണ്. അക്കാര്യം വിശദമാക്കുന്ന ഗ്രന്ഥം രചിച്ചതോടെ ‘കണ്ണിലെ കരടായ ‘ജേക്കബ് തോമസിനെ നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
പ്രളയഫണ്ട്, ഡാം തുറക്കല്‍, ഓഖിഫണ്ട് തുടങ്ങിയ സംഭവഗതികളില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങള്‍ കൂടി ഉണ്ടായതോടെ സര്‍വീസില്‍നിന്ന് പുറന്തള്ളാനാണ് സര്‍ക്കാര്‍ തയാറായത്. ഒത്താശക്കാരായ ഉദേ്യാഗസ്ഥരുടെ പിന്തുണയോടെ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തു. ഇതു ചോദ്യംചെയ്ത് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് സിഎടി അനുവദിച്ചത്. ഡിജിപി റാങ്കില്‍ ഉചിതമായ ചുമതല നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി സെന്‍കുമാറിനോടുളള വൈരനിര്യാതനബുദ്ധിക്ക് കിട്ടിയ പ്രഹരത്തെക്കാള്‍ മാരകമാണ് ഇപ്പോള്‍ കിട്ടിയത്. കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരുമായ ഉദേ്യാഗസ്ഥരെ പന്തുതട്ടുംപോലെ തട്ടിക്കളിക്കുന്നതിനുള്ള കനത്ത ശിക്ഷയാണിത്.
ജനസാമാന്യത്തെയും ഉദേ്യാഗസ്ഥരെയും വരുതിയില്‍ നിര്‍ത്തി എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഇത് ജനമൈത്രി സര്‍ക്കാറല്ല മറിച്ച് ജനശത്രുസര്ക്കാറാണെന്ന് ഔദേ്യാഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.’ കൊമ്മിസാര്‍’ഭരണം എങ്ങനെയിരിക്കുമെന്നതിന്റെ മിനിയേച്ചര്‍ രൂപമാണ് ഇവിടെയുള്ളത്. ഇതിങ്ങനെ മുന്നോട്ടുപോയാല്‍ എന്താവും ഗതിയെന്ന് പറയാനാവില്ല. ജനപ്രതിനിധികള്‍പോലും തെരുവില്‍ തല്ലുകൊണ്ടുവീഴുന്നു. തങ്ങളുടെ പരുക്ക് തെളിയിച്ചുകൊടുക്കാന്‍ ബദ്ധപ്പെടുന്നു. ഇത്തരമവസ്ഥകളിലൂടെ സമൂഹത്തിന് എന്ത് സന്ദേശം കൊടുത്താലും അതിന്റെ മുകളിലും ചിലതുണ്ട് എന്ന് ഓര്മപ്പെടുത്താന് സിഎടിയുടെ ഉത്തരവ് വഴിവെക്കുന്നു എന്നതത്രേ ആശ്വാസകരം. നേര്‍വഴി ചൂണ്ടിക്കാണിക്കുന്നവരുടെ വായ് മൂടിക്കെട്ടാതെ നേരെചൊവ്വെ മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞാല്‍ അത്രയും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: