കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ജന്മഭൂമി പ്രത്യേക ലേഖകന്‍ പി.ശ്രീകുമാര്‍ തയാറാക്കിയ ‘പ്രസ് ഗ്യാലറി കണ്ട സഭ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നല്കി പ്രകാശനം ചെയ്യുന്നു. എസ്.ആര്. ശക്തിധരന്, പി.ശ്രീകുമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്.എസ്. ബാബു, പി. വേണുഗോപാല്‍, മുന്‍ എംപി എം.പി. അച്യുതന് തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: കേരളാ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച് ജന്മഭൂമി ബ്യൂറോ ചീഫ് പി. ശ്രീകുമാര്‍ തയ്യാറാക്കിയ പുസ്തകമായ ‘പ്രസ് ഗ്യാലറി കണ്ട സഭ’ പ്രകാശനം ചെയ്തു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങള്‍ സ്വയം പരിശോധനയ്ക്കും ശുദ്ധീകരണത്തിനും തയ്യാറാകണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്തും വിശ്വാസിക്കുന്ന സമൂഹമാണ് കേരളം. ജനാധിപത്യം ജനപ്രതിനിധികളും ജനങ്ങള്‍ക്കുമാത്രമല്ല ബാധകമാകുന്നത് എല്ലാ സ്ഥാപനങ്ങളും ഇതില്‍പ്പെടുമെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
കുഞ്ചന്‍ നമ്പ്യാരുടെ പാരമ്പര്യമുള്ള സമൂഹത്തില്‍ ആക്ഷേപ ഹാസ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഗൗരവകരമായ വിഷയങ്ങളെ പോലും തമാശരൂപത്തില്‍ സമീപിക്കുന്നത് പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. നിയമസഭാ ജനാധിപത്യത്തിന്റെ പ്രതീക്ഷയോടൊപ്പം തന്നെ വിയോജിപ്പിന്റെ ഉത്സവംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിന്റെ ചരിത്രവും ദൈനംദിന സംഭവങ്ങള്‍ മനസിലാക്കുന്നതിനുമുള്ള ശരിയായ അവസരമാണ് നിയമസഭാ അവലോകനങ്ങള്‍. അതു കൊണ്ടു തന്നെ ആദ്യ നിയമസഭാ ചേര്‍ന്നതു മുതലുള്ള അവലോകനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭ സ്തംഭിക്കുന്നത് കൂടിവരുന്നകാലമാണിതെന്നും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ട ഇടമാണ് നിയമ നിര്‍മ്മാണ സഭകളെന്നും മുന്‍ സ്പീക്കര്‍ വി.എം. സുധീരന്. ആദ്യകാലങ്ങളില്‍ സഭാ സ്തംഭനങ്ങള്‍ ഇല്ലാതിരുന്നതായി കണക്കുകള്‍ നിരത്തി സുധീരന് വ്യക്തമാക്കി.
അച്ചടക്കമായി വ്യവസ്ഥകള്‍ പാലിച്ച് സുഗമമായി നടക്കേണ്ട നിയമസഭയില്‍ ചിലര്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി വിക്രിയകള്‍ കാണിക്കുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ആശംസ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തുടര്‍ന്ന് നിയമസഭാ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു പരിധിവരെ സഭ സമാധാനപരമായി കൊണ്ടു പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. ശ്രീകുമാര്‍, മീഡിയ അക്കാദമി സെക്രട്ടറി മോഹന്‍, ഇന്സ്റ്റിഡ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് ഉള്‍പ്പടെയുള്ള 30 മാധ്യമപ്രവര്‍ത്തകരെ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് കേരളാ മാധ്യമ അക്കാദമിയുടെ ഫോട്ടോ ജേണലിസത്തിന്റെ ആദ്യ ബാച്ചിന്റെ ബിരുദദാനചടങ്ങ് ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: