മലയാള ഭാഷയ്ക്ക് നല്ലകാലമാണ്. ഭാഷാസ്നേഹികള്‍ക്ക് ആഹ്ലാദിക്കാം. ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകള്‍, വ്യാഖ്യാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍… ഭാഷയ്ക്കും ഭാഷാഭിമാനികള്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം?
ഭാഷയിലും നവോത്ഥാനകാലമാണെന്ന് ഈയിടെ ഒരു പ്രഭാഷകന്‍ പറയുന്നതുകേട്ടു. ഒന്നാം നവോത്ഥാനം കഴിഞ്ഞ് രണ്ടാം നവോത്ഥാനത്തിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞതിനാല്‍ ഇത് നവോത്ഥാനാനന്തര കാലമാണെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം നവോത്ഥാന ഭാഷാചിന്തകളിലൂടെയും മലയാളം വളരുന്നു!
ഏറ്റവുമൊടുവില്‍ ഭാഷയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. ‘ഉത്തരക്കടലാസ്’ എന്ന പദത്തിനാണ് അദ്ദേഹം പുതിയ അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും കണ്ടെത്തിയിരിക്കുന്നത്.
വാര്‍ത്ത ഇങ്ങനെ:
‘ഉത്തരമെഴുതിയാലല്ലേ
ഉത്തരക്കടലാസാവൂ
ഉത്തരക്കടലാസ് കാണാതായി എന്ന വാര്‍ത്തകേട്ടപ്പോള്‍ പേടിച്ചുപോയി. അങ്ങനെ കാണാതായാല്‍ പ്രശ്നം വേറെയല്ലേ? അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ? അതിനു മാര്‍ക്കുമുണ്ടാകും. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാവുമോ? ഞാന്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നുപറയും. ടി.വിയിലെ ചങ്ങാതിമാര്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാല്‍ ഇതാണ് ഉത്തരക്കടലാസ് എന്നു പറയും’
ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും വിജയരാഘവന് നല്‍കിയിട്ടുണ്ട്. ഭാഷാധ്യാപകരും വിദ്യാര്‍ഥികളും ടിവി ചങ്ങാതിമാരടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പഠിപ്പിക്കേണ്ട ഭാഷാപാഠമാണിത്.
വിജയരാഘവന് പഠിച്ച മലയാളം പഠിക്കാത്ത, ഈ ലേഖകനടക്കമുള്ള കുറെ പാവങ്ങളും മലയാളനാട്ടിലുണ്ട്. ഉത്തരമെഴുതാനുള്ള കടലാസിനും ഉത്തരക്കടലാസ് എന്ന് പറയുമെന്നാണ് ഞങ്ങള്‍ പഠിച്ചതും ഞങ്ങളെ പഠിപ്പിച്ചതും.
പരീക്ഷാഹാളുകളില്‍ ഞങ്ങള്‍ക്ക് ചോദ്യക്കടലാസും ഉത്തരക്കടലാസും കിട്ടിയിരുന്നു. ഉത്തരമെഴുതാത്ത, ഉത്തരമെഴുതാനുള്ള കടലാസാണ് ഉത്തരക്കടലാസായി കിട്ടിയിരുന്നത്. ഉത്തരമെഴുതിക്കഴിയും വരെ അത് വെറും വെള്ളക്കടലാസായി അറിയപ്പെടും എന്നാരും ഓര്മ്മിപ്പിച്ചിരുന്നില്ല.
എന്തുകൊണ്ടാണ് കേരളത്തില്‍ പരീക്ഷകള്‍ തുടങ്ങിയ കാലംമുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും പരീക്ഷാമേല്നോട്ടക്കാരും ഭാഷാപണ്ഡിതരുമെല്ലാം ഈ ‘തെറ്റ്’ ആവര്‍ത്തിച്ചത്? എത്ര ആവര്‍ത്തിച്ചാലും തെറ്റ് ശരിയാകില്ലല്ലോ. ഇപ്പോഴെങ്കിലും അതു തിരുത്താന്‍ ഒരാളുണ്ടായത് ഭാഷയുടെ ഭാഗ്യം!
തിയറികൊണ്ട് ഭാഷയില്‍ ഒരു തിരുത്തലും പൂര്‍ണമാവില്ല. അത് പ്രയോഗത്തില്‍ വരുത്തുകയും വേണം. അതുകൊണ്ട് പരീക്ഷാഹാളുകളിലെല്ലാം ഇനി ചോദ്യക്കടലാസും ഉത്തരമെഴുതാനുള്ള വെള്ളക്കടലാസുമേ വിതരണം ചെയ്യാവൂ. ഉത്തരമെഴുതി മടക്കിക്കിട്ടിയാലല്ലാതെ ഉത്തരക്കടലാസ് എന്നുപറയരുത്. ഉത്തരമെഴുതുന്ന കടലാസിനെ ഉത്തരക്കടലാസാക്കുന്ന ടിവി ചങ്ങാതിമാരടക്കമുള്ളവര് ഈ പാഠം മറക്കാതിരിക്കുക.
‘ഉത്തരക്കടലാസ് മാതൃക’യില്‍ എത്രയെത്ര തെറ്റുകളാണ് നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! ചില ഉദാഹരണങ്ങള്‍:
1. കൊടിമരം: ‘വിജയരാഘവസിദ്ധാന്ത’മനുസരിച്ച്, കൊടി ഉയര്ത്തിയിട്ടുണ്ടെങ്കിലേ ‘കൊടിമരം’ ആകൂ. കൊടി ഇല്ലെങ്കില്‍, ‘കൊടി ഉയര്‍ത്തുന്ന മരം’ എന്നേ പറയാവൂ.
2. നോട്ടീസ്ബോര്ഡ്: ഇങ്ങനെ പറയുന്നതിനുമുമ്പ് ബോര്‍ഡില്‍ നോട്ടീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
3. ഇടിമുറി: അകത്ത് ഇടി നടക്കുന്നുണ്ടെങ്കില്‍ മാത്രം ഇടിമുറി എന്നുപറയാം.
ഓപ്പ്റേഷന്‍ തീയേറ്റര്‍, കാര്‍ഷെഡ്, ശവപ്പെട്ടി, മൂത്രപ്പുര… ഉദാഹരണങ്ങള്‍ക്ക് അവസാനമില്ല! എന്തായാലും ഭാഷയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പരിവര്‍ത്തനത്തിന്റെ നന്ദിയായി ‘ഉത്തരക്കടലാസി’നെ കാണാം.
പിന്കുറിപ്പ്:
‘അമ്മേ ദേ നമ്മുടെ ദോശക്കല്ല്’
‘ഇപ്പോള്‍ ദോശക്കല്ലെന്നു പറയാന്‍ പാടില്ല മോനേ, അതില്‍ മാവോ ദോശയോ ഉണ്ടെങ്കിലേ അങ്ങനെ പറയാവൂ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: