2008-ല്‍ പാട്ടുനിര്‍ത്തി പറന്നുപോയ മലയാളത്തിന്റെ വാനമ്പാടിയായിരുന്ന ശാന്ത പി. നായര്‍ 1929-ല്‍ തൃശൂര്‍ ആമ്പാടിത്തറവാട്ടില്‍ വാസുദേവന്‍ പൊതുവാളിന്റെയും ലക്ഷ്മിയുടെയും മകളായാണ് ജനിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് എടുത്തതിനുശേഷം ചെന്നൈയിലുള്ള ക്യൂന്മേരി കോളേജില്‍നിന്ന് ബിഎ ബിരുദമെടുത്തു. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശമായിരുന്നു പില്ക്കാലത്ത് ശാന്ത പി. നായരെ മലയാള ചലച്ചിത്ര പിന്നണിരംഗത്തെത്തിച്ചത്. തുടക്കം കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൗണ്‍സറായിട്ടാണെങ്കിലും കെ.പി. ഉദയഭാനുവിന്റെകൂടെ നിലയത്തില്‍ ലളിതഗാനങ്ങള്‍ ആലപിച്ചുതുടങ്ങി.
1951-ല്‍ റിലീസ് ചെയ്ത ‘തിരമാല’ എന്ന മലയാ ള ചിത്രത്തിലായിരുന്നു ആദ്യമായി പാടിയത്. പി. ഭാസ്കരന്റെ വരികള്‍ക്ക് വിമല്‍കുമാര്‍ ഈണം നല്കി കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കൂടെയുള്ള ഒരു യുഗ്മഗാനം. ‘ഹേ കളിയോടമേ….’ പിന്നെ ‘അമ്മതന്‍ തങ്കക്കുടം…’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍. അന്നത്തെ പേരെടുത്ത ഗായിക പി. ലീലയ്ക്കൊപ്പം ശാന്ത പി. നായരും മലയാള ചിത്രങ്ങള്‍ക്കു പ്രിയങ്കരിയായിരുന്നു.
ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അറിയാതെ മൂളിപ്പോകുന്ന ഒട്ടനവധി മധുരഗാനങ്ങള്‍ സമ്മാനിച്ചിട്ടാണവര്‍ കടന്നുപോയത്. പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത ഒരു ഗായികയുടെ അവിസ്മരണീയമായ പാട്ടുകള്‍ ഇന്നും നിലനില്ക്കുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ അവാര്‍ഡ് നേടിയ പ്രശസ്ത മലയാളചിത്രമായ ‘നീലക്കുയിലി’ലെ ‘ഉണരുണരൂ…ഉണ്ണിക്കണ്ണാ…’ എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം (കെ. രാഘവന് മാസ്റ്ററുടെ സംഗീതത്തില്‍) മലയാളിക്കു മറക്കാനാവുമോ? അതുപോലെ സരളമായ മലയാള പദങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്കരന് എഴുതി രാഘവന് മാസ്റ്റര്‍ ഈണം നല്കിയ, ‘രാരിച്ചന്‍ എന്ന പൗരന്’ എന്ന സിനിമയിലെ പോപ്പുലര്‍ ഹിറ്റായ ‘നാഴിയൂരിപാലുകൊണ്ട് നാടാകെ കല്യാണം’ തുടങ്ങിയവയൊക്കെ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ടല്ലോ.
അന്നത്തെ മികച്ച ഗായകന്മാരായ കമുകറ പുരുഷോത്തമന്, കെ.എസ്. ജോര്‍ജ്, എ.എം. രാജാ എന്നിവരോടൊപ്പം നിരവധി ഹിറ്റുഗാനങ്ങള്‍ ശാന്ത പാടിയിട്ടുണ്ട്. അതില്‍ ഒട്ടുമിക്കതിന്റെയും രചന തിരുനയിനാര്‍കുറിച്ചി മാധവന്‍നായരും സംഗീതം ബ്രദര്‍ ലക്ഷ്മണനുമായിരുന്നു. (വയലാര്‍-ദേവരാജന്‍ ടീം പോലെ). വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ ‘വാസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര് കിളിയേ’ എന്ന പാട്ട് ‘ചതുരംഗം’ എന്ന ചിത്രത്തിനുവേണ്ടി കെ.എസ്. ജോര്‍ജും ചേര്‍ന്നാലപിച്ചതാണ്.
‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞൂ, തുമ്പീ തുമ്പീ വാവാ, ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണി’, 1961-ല്‍ ‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കടവത്തു തോണി അടുത്തപ്പോള്‍…’ എന്ന ഗാനം എസ്. ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.സംഗീതത്തെ നെഞ്ചോടു ചേര്‍ത്തുവച്ച ഗായികയുടെ ‘സംഗീതമേ ജീവിതം ഒരു മധുര സംഗീതമേ ജീവിതം’ കമുകറ പുരുഷോത്തമനുമായി എത്ര മനോഹരമായിട്ടാണ് ശാന്ത ആലപിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആകാശവാണിയുടെ ഗാനശേഖരത്തില്‍നിന്നും അവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സംഗീതം ഇഷ്ടമല്ലാത്ത േശ്രാതാക്കള്‍ പോലും അതില്‍ ലയിച്ചുപോകാറുണ്ട്.
എഴുത്തുകാരനായിരുന്ന കെ. പത്മനാഭന് നായരായിരുന്നു ഭര്‍ത്താവ്. മകള്‍ ലതാ രാജുവും മരുമകന് ജെ.എം. രാജുവും തമിഴ് സിനിമയില്‍ പിന്നണി ഗായകരാണ്. വളര്‍ന്നുവരുന്ന പേരക്കുട്ടി ആലാപ് രാജുവും മലയാളത്തിലെയും തമിഴിലെയും പിന്നണിഗായകനാണ്. അങ്ങനെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ രണ്ട് തലമുറകള്‍കൂടിയുണ്ട്. മലയാള സിനിമാഗാനങ്ങളെ താലോലിക്കുന്ന മനസ്സുകളില്‍ ഈ വാനമ്പാടി ഇന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: