തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാപേപ്പര്‍ മോഷണ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു. പേപ്പര്‍ മോഷണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നെങ്കിലും യാതൊരു തീരുമാനവും കൈക്കൊണ്ടില്ല. അഖിലിനെ കുത്തിയ ശിവരജ്ഞിത്തിന്റെ വീട്ടില്‍ നിന്നും കോളേജിലെ ഇടിമുറിയില്‍ നിന്നുമാണ് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. എന്നാല്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും പേപ്പര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മാത്രമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാല് കെട്ട് ഉത്തരക്കടലാസുകളാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഈ ഉത്തരക്കടലാസിന്റെ കൂട്ടത്തില്‍ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗമായ പ്രണവിന് പരീക്ഷാസമയത്ത് നല്കിയ ഉത്തരക്കടലാസ് ബുക്ക് ലെറ്റ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവരഞ്ജിത്തിന്റെ കൈയിലെത്തിയെന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു.
നാക് അക്രിഡിറ്റേഷന് സംഘത്തിന്റെ പരിശോധനയ്ക്ക് മുമ്പ് ഉപേക്ഷിച്ച ഉത്തരക്കടലാസ് കെട്ടുകളാണ് വീട്ടില്‍നിന്ന് കണ്ടെടുത്തതെന്നായിരുന്നു ശിവരഞ്ജിത്ത് പോലീസിനോട് പറഞ്ഞത്. എന്നാല്‍ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളെക്കുറിച്ച് യാതൊരു അന്വേഷണവും ഇല്ല. ഇത് സംബന്ധിച്ച് സര്‍വകലാശാലയ്ക്കും അറിയില്ല.
കോപ്പിയടിക്കു വേണ്ടിയാണ് ഈ ഉത്തരക്കടലാസുകള്‍ തിരിമറി നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ശിവരഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി പരീക്ഷാപേപ്പര്‍ മോഷണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സര്‍വകലാശാല പരീക്ഷകളില്‍ കൃത്രിമം കാട്ടിയാണ് പ്രതികളില്‍ ചിലര്‍ വിജയിച്ചിരുന്നതെന്നും ഇതിലൂടെ വ്യക്തമാണ്.
ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത കേരള സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ ഹാജര്‍ നേടാനായാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജകത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: