തൃശൂര്‍: ഏറ്റവും വേഗത്തില്‍ പുരോഗമിക്കേണ്ട വ്യവസായമാണ് സിനിമയെന്നും സിനിമയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായും കേന്ദ്രമന്ത്രി വി. മുരളീധരന്. തൃശൂരില്‍ ജന്മഭൂമി ലെജന്റ്സ് ഓഫ് കേരള അവാര്‍ഡ് നിശയുടെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 രൂപ മുതല്‍ താഴെയുള്ള ടിക്കറ്റിന് ജിഎസ്ടി 18ല്‍ നിന്ന് 12 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 28ല്‍ നിന്നും 18 ശതമാനവുമാക്കി കുറച്ചു. അന്താരാഷ്ട്ര മേളകളില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളുടെ നിര്‍മ്മാണ ചെലവില്‍ പങ്കാളിയായി നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ചെയ്തുവരുന്നുണ്ട്.
വിദേശത്ത് സിനിമ നിര്‍മ്മിക്കുന്നവര്‍ക്കായി കൂടുതല്‍ ഉദാരമായ വിസാ നടപടികള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. അതിനായി ‘വിസാ ഓണ്‍ അറൈവല്‍’ പദ്ധതിയില്‍ 58 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. സിനിമാ നിര്‍മ്മാണ രംഗത്ത് സംസ്ഥാനതല വികസനത്തിനായി 2015 മുതല്‍ മോസ്റ്റ് ഫിലിം ഫ്രണ്ട്ലി അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കേരളത്തിനും ഈ അവാര്‍ഡ് ലഭിക്കാനായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു രാജ്യങ്ങളിലേയും ഇന്ത്യയിലെയും നിര്‍മ്മാതാക്കളെ പരസ്പരം ബന്ധപ്പെടുത്തി സഹകരണാത്മക സംരംഭങ്ങള്‍ക്ക് പ്രേരണ നല്കുന്ന നടപടികള്‍ക്ക് കേന്ദ്രം ഊന്നല്‍ നല്‍കുന്നുണ്ട്. കേന്ദ്രത്തിന്റെ നയങ്ങള്‍ സിനിമ മേഖലയുടെ വളര്‍ച്ചക്ക് കരുത്തേകുമെന്നും മലയാളിയുടെ ജീവിതവും സംസ്കാരവുമാണ് മലയാള സിനിമയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: