തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ സിപിഎമ്മിന്റെ മുഖം ഒന്നുകൂടി വികൃതമാക്കിയിരിക്കുകയാണ്. എന്നിട്ടും മലര്‍ന്നുകിടന്ന് തുപ്പുകയാണ് ഈ പാര്‍ട്ടിയുടെ നേതാക്കള്‍. നാളിതുവരെ എസ്എഫ്ഐയുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നിട്ടുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ നിഷ്കളങ്കര്‍ ചമഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്.
യൂണിവേഴ്സിറ്റി കോളജില്‍ സ്വന്തം സംഘടനയില്‍പ്പെട്ട ഒരുവനെത്തന്നെ കുത്തിവീഴ്ത്തിയത് എസ്എഫ്ഐ അല്ല, എസ്എഫ്ഐ വേഷധാരികളാണെന്ന് എം.എ. ബേബി കണ്ടുപിടിച്ചിരിക്കുന്നു. എസ്എഫ്ഐയില്‍ തെറ്റുതിരുത്തലുണ്ടാവും എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഇവരുടെ പ്രത്യയശാസ്ത്രം ഏതെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ചോദിക്കുന്നത്! ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന വിചിത്രവാദമാണ് കോടിയേരി ഉന്നയിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളില്‍ ചിലര്‍ അരുതാത്തത് ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്തവരെ സംഘടനയില്‍നിന്ന് പുറത്താക്കിക്കഴിഞ്ഞു. മറ്റേതെങ്കിലും സംഘടനയില്‍ ഇത്തരമൊരു നടപടിയുണ്ടാവുമോ എന്നാണ് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നത്. വല്ലാത്ത തൊലിക്കട്ടിതന്നെ. എസ്എഫ്ഐയെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന പ്രൈമറി വിദ്യാര്‍ത്ഥിയോടുപോലും ആ സംഘടന ചെയ്തുകൂട്ടിയിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ല. യൂണിവേഴ്സിറ്റി കോളജു തന്നെ അക്ഷരാര്‍ത്ഥത്തില്‍ കയ്യടക്കിവച്ച് എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും മറ്റ് അധാര്‍മികവൃത്തികള്‍ക്കും കയ്യുംകണക്കുമില്ല.
ഇതിലൊന്നു മാത്രമാണ് കൂട്ടത്തില്‍പ്പെട്ട ഒരുവനെത്തന്നെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുത്തിവീഴ്ത്തിയത്. പരീക്ഷാ നടത്തിപ്പിന്റെ പോലും നിയന്ത്രണം പിടിച്ചെടുത്ത് ഇഷ്ടക്കാരെ ജയിപ്പിക്കുന്നതിന്റെയും, പിഎസ്സി പരീക്ഷയില്‍പ്പോലും കൃത്രിമം നടത്തി പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരെ ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റുന്നതിന്റെയും ഞെട്ടിക്കുന്ന കഥകള്‍കൂടി പുറത്തായതോടെയാണ് നട്ടാല്‍ കിളിര്‍ക്കാത്ത നുണപ്രചാരണവുമായി കോടിയേരിമാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസരംഗത്തെ തിലകക്കുറിയായിരുന്ന, നിരവധി പ്രതിഭാശാലികളെ മഹത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു കലാലയത്തെ ഇന്നു കാണുന്ന നിലയില്‍ അധഃപതിപ്പിച്ചതിന്റെ ഉത്തരവാദിത്വം എസ്എഫ്ഐയ്ക്കല്ല, സിപിഎമ്മിനാണ്. സര്‍വകലാശാലയുടെ സ്ഥലം കവര്‍ന്നെടുത്ത് സ്ഥാപിച്ചിരിക്കുന്ന പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലിരുന്ന് സിപിഎം നേതാക്കള്‍ ചരടുവലിക്കുന്നതിനനുസരിച്ച് എന്ത് മഹാപാതകവും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളാണ് വിദ്യാര്‍ത്ഥികളുടെ വേഷത്തില്‍ ഈ ക്യാമ്പസില്‍ അരങ്ങുതകര്‍ക്കുന്നത്.
കാലാകാലങ്ങളില്‍ ക്യാമ്പസിനകത്തും പുറത്തും ഇവര്‍ നടത്തുന്ന ആസൂത്രിതമായ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനെത്തുന്ന പോലീസിനെ നേരിടാന്‍ മുണ്ടും മടക്കിക്കുത്തി ഇറങ്ങുന്ന വല്യേട്ടന്മാരാണ് സിപിഎം നേതാക്കള്‍. ഇപ്പോള്‍ എസ്എഫ്ഐയെ തള്ളിപ്പറയുന്ന കോടിയേരിയും എം.എ. ബേബിയും തോമസ് ഐസക്കുമൊക്കെ ഇങ്ങനെ വിളയാടിയിട്ടുള്ളവരാണ്. ഇവരാണിപ്പോള്‍ എസ്എഫ്ഐ സ്വതന്ത്രസംഘടനയാണെന്നു പറഞ്ഞ് കൈകഴുകാന്‍ നോക്കുന്നത്.
സിപിഎമ്മും എസ്എഫ്ഐയും ഇവര്‍ക്ക് വിടുപണി ചെയ്യുന്ന അധ്യാപക വേഷധാരികളും ഒറ്റക്കെട്ടായി നില്ക്കുന്ന മാഫിയാ സംഘമാണ് യൂണിവേഴ്സിറ്റി കോളജ് ഭരിക്കുന്നത്. നിയമവാഴ്ചയ്ക്കോ വിദ്യാഭ്യാസ ചട്ടങ്ങള്ക്കോ യാതൊരു പ്രസക്തിയും അവിടെയില്ല. അക്രമങ്ങളും പരീക്ഷാത്തട്ടിപ്പുകളും മാത്രമല്ല, പുറത്തുപറയാനാവാത്ത പല കാര്യങ്ങളും അവിടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ തിരിച്ചറിയപ്പെടുമെന്ന് വന്നതോടെയാണ് കോടിയേരിമാരും കൂട്ടാളികളും സര്‍വസന്നാഹങ്ങളോടെയും ഇപ്പോഴത്തെ അക്രമ സംഭവം തേച്ചുമായ്ച്ചു കളയാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
ഇതിലുള്‍പ്പെട്ടവരെ പിടികൂടി ശിക്ഷിച്ചാല്‍ മാത്രം പോരാ. ഈ കലാലയത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് സ്വതന്ത്രമായ അന്വേഷണത്തിലൂടെ പുറത്തുവരണം. അതിന് പിണറായിയുടെ പോലീസും ക്രൈംബ്രാഞ്ചുമൊന്നും പോരാ. ഒരു ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം. ഇത് സംഭവിക്കുന്നതുവരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണം. അതുവരെ കോടിയേരിമാരുടെ കുപ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: