കാസർകോട്: എസ്എഫ്ഐയും സിപിഎമ്മും കേരളത്തിൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾക്കെതിരെ ഒന്നും പ്രതികരിക്കാൻ സ്ഥാന,അധികാര മോഹികളായ കേരളത്തിലെ സാംസ്കാരിക നായകർ തയാറാകുന്നില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. കലാലയങ്ങളിൽ എസ്എഫ്ഐ അഴിഞ്ഞാടിയിട്ടും ഒരക്ഷരം പോലും ഉരിയാടാതെ ടി.പത്മനാഭനും എം.മുകുന്ദനും എവിടെപ്പോയിരിക്കുകയാണെന്നും അദ്ദേഹം ചോദിച്ചു.
കാസർകോട്ട് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ഒരു പഴയ എസ്എഫ്ഐക്കാരനാണെന്ന് ആലോചിക്കുമ്പോൾ ഞാൻ ലജ്ജിക്കുന്നു. എസ്എഫ്ഐ എന്നത് സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നല്ല സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ് എന്നായി മാറി. എസ്എഫ്ഐയെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മാത്രമല്ല കേരളത്തിലെ മുഴുവൻ കലാലയങ്ങളിൽ നിന്നും പിരിച്ചുവിടണം. നൂറ് കണക്കിന് കോളേജുകളാണ് പാർട്ടി ഗ്രാമങ്ങളാക്കി എസ്എഫ്ഐ കയ്യടക്കിവച്ചിരിക്കുന്നത്. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടാണ് എസ്എഫ്ഐ നേതൃത്വം അഴിഞ്ഞാടുന്നത്.
പഠിക്കാതെയും ക്ലാസിൽ കയറാതെയും നടക്കുന്നവർക്ക് പിഎസ്സി പരീക്ഷകൾ ഉൾപ്പെടെയുള്ളവയിൽ ഒന്നാം റാങ്ക് ലഭിക്കുന്നുവെന്ന് പറയുന്ന സംസ്കാരം കേരളത്തിന് അപമാനമാണ്. പിണറായി വിജയൻ ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ കൊലപാതക ക്രിമിനൽ കരങ്ങളിലേക്ക് പാർട്ടിയും ഭരണവും വന്നപ്പോൾ മോന്തായം വളഞ്ഞുവെന്ന് പറയുന്നതുപോലെ എസ്എഫ്ഐ ഉൾപ്പെടെയുള്ള മുഴുവൻ സിപിഎം സംഘടനകളും വളഞ്ഞു. സിപിഎമ്മിന്റെ അന്തകരായി എസ്എഫ്ഐ നേതൃത്വം മാറിക്കഴിഞ്ഞു.
സിഐടിയു നോക്കുകൂലിയിലൂടെ പാവങ്ങളെ എങ്ങനെയാണ് സിപിഎമ്മിൽ നിന്നും അകറ്റിയത് അതിനേക്കാൾ വലിയ നാശമാണ് എസ്എഫ്ഐ ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി പ്രവർത്തനത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടിരുന്ന ഒരു കലാലയ അന്തരീക്ഷത്തിലാണ് ഞാൻ പഠിച്ചു വളർന്നത്. എസ്എഫ്ഐയുടെ ഇന്നത്തെ ഫാസിസ്റ്റ് സമീപനം കാണുമ്പോൾ ഞാൻ ലജ്ജിക്കുന്നു. ഇവർ നാടിന്റെ നാശത്തിന് കാരണക്കാരാവുകയാണ്. സർക്കാരും വിദ്യാഭ്യാസ വകുപ്പും ശക്തമായി ഇടപെട്ടാൽ കലാലയങ്ങളുടെ എസ്എഫ്ഐയുടെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കാവുന്നതേയുള്ളൂ.
പണ്ട് വളഞ്ഞവഴി നിയമങ്ങൾക്കെതിരെ സമരം നടത്തിയ ഡിവൈഎഫ്ഐ ഇന്ന് എവിടെപ്പോയി. എസ്എഫ്ഐ നേതാക്കൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പടെ കയറിക്കൂടിയതിനെതിരെ ചുണയുണ്ടെങ്കിൽ സമരം നടത്താൻ ഡിവൈഎഫ്ഐ നേതൃത്വം തയാറാകണം. പിഎസ്സി റാങ്ക് ലിസ്റ്റിൽ പോലും തട്ടിപ്പ് നടന്നുവെന്ന് പറയുമ്പോൾ സിപിഎം നേതാക്കന്മാർക്ക് ലഭിച്ചിരിക്കുന്ന റാങ്കുകളിൽ അഡ്വക്കേറ്റ്, ഡോക്ടർ പോലെയുള്ള പദവികളും ഇതുപോലെയാകാൻ സാധ്യതയുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: