കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള എംഎല്‍എമാരുടെ രാജി രാജ്യമൊട്ടാകെ വാര്ത്തയാകുന്നതിനിടയില് അപ്രസക്തമാവുന്നത് ദേവഗൗഡയുടെ മകന് എച്ച്.ഡി. കുമാരസ്വാമിയും, ആധിയും, വേവലാതികളുമാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കുമാരസ്വാമി, മുഖ്യമന്ത്രി കസേരയോടുള്ള അത്യാര്ത്തിമൂലമാണല്ലോ അന്നേരംവരെ പറഞ്ഞതും വിളിച്ചതുമൊക്കെ വിഴുങ്ങിയത്. കര്‍ണാടകത്തില്‍ ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പിന്‍സീറ്റ് ഡ്രൈവിങിനായിരുന്നു കോണ്‍ഗ്രസ് നീക്കം.
പിന്നീടുള്ളകാലം സ്വാമിക്ക് അടിമത്തമായിരുന്നു ഫലം. സിദ്ധരാമയ്യയും കൂട്ടരും ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കണം, നില്ക്കാന് പറയുമ്പോള്‍ നില്‍ക്കണം. പേരിന് മുഖ്യമന്ത്രിയെന്നൊക്കെ പറയാമെങ്കിലും ഫലത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് അലക്കും ആവിപിടിക്കലുമായിരുന്നു പണി. ഗതികെട്ടപ്പോള്‍ തനിക്ക് മടുത്തു എന്ന് പത്രസമ്മേളനങ്ങളില്‍ മുഖം വീര്‍പ്പിച്ച് വിതുമ്പിയിട്ടുണ്ട് അദ്ദേഹം.
മുപ്പത്തേഴ് സീറ്റുള്ള കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് ജനാധിപത്യത്തെ പരിഹസിക്കാനൊരുങ്ങിയതിന് പിന്നില്‍ ഭയമായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളെല്ലാം ബിജെപി തൂത്തുവാരുകയും രാജ്യം കോണ്‍ഗ്രസ് വിമുക്തമാവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അവര്‍ ഈ ഒടുക്കത്തെ കളിക്ക് മുതിര്‍ന്നത്. റിസോര്‍ട്ടുകളിലെ ജനാധിപത്യ ബലപരീക്ഷണത്തിന് പലകുറി വേദിയായ നാടാണ് കര്‍ണാടക. ജനങ്ങള്‍ വോട്ടുചെയ്ത് കഴിഞ്ഞാലും ജനാധിപത്യപ്രക്രിയ പൂര്‍ണമാകില്ലെന്ന് സാരം. പാര്‍ട്ടി ടിക്കറ്റില്‍ ജയിപ്പിച്ചെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ത്തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. നാടൊട്ടുക്ക് എല്ലാ തെരഞ്ഞെടുപ്പിലും തോറ്റ് തുന്നംപാടിയ ഒരു കൂട്ടര്‍ക്കൊപ്പം കൈ കോര്‍ക്കാന്‍ പോയതിന്റെ ഫലമാണ് കുമാരസ്വാമി ഇപ്പോള്‍ നേരിടുന്നത്.
സംഗതി ഒറ്റാലില് ഒന്നുമില്ലെങ്കിലും ഭാവമതൊന്നുമല്ല. കുമാരസ്വാമിയുടെ അച്ഛന് ദേവഗൗഡ തൊണ്ണൂറാം വയസ്സിലും പ്രധാനമന്ത്രിയാവാന്‍ കുപ്പായം ഒരുക്കിവെച്ചിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അറിയാമല്ലോ ആര്‍ത്തിയുടെ ആഴം. രാഷ്ട്രീയത്തിന്റെ ദിശയും സ്വഭാവവും മാറിയ കാലമാണിത്. രാഷ്ട്രീയം ജനസേവനമാണെന്നത് വെറും പോസ്റ്റര്‍ വാചകമല്ല ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും അതേറ്റുപാടുന്നു.
അഴിമതിയും ധൂര്‍ത്തും മാത്രം കൈമുതലായ ഒരു കുടുംബത്തിന്റെ പിടിയില്‍ രാജ്യത്തെ അകപ്പെടുത്തിയ കോണ്‍ഗ്രസ് രാഷ്ട്രീയം പരിപൂര്‍ണമായ നാശത്തിന്റെ വക്കിലാണ്. കുമാരസ്വാമിയിലൂടെ പാര്‍ട്ടിക്ക് പിടിയുണ്ടെന്ന് തോന്നിച്ചിരുന്ന കര്‍ണാടകവും ഇപ്പോള്‍ കൈവിടുന്നു. കോണ്‍ഗ്രസായി തുടരുന്നതുതന്നെ മാനക്കേടാണെന്ന് കരുതുന്ന എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവെക്കുന്നു. രാജിവച്ചവരെ ഭീഷണിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്വട്ടേഷന്‍ ടീമുമായി ഹോട്ടലുകളില്‍ തമ്പടിക്കുന്നു.
തെരഞ്ഞെടുപ്പ് തോറ്റതോടെ പ്രസിഡന്റ് പണി മതിയാക്കി ഒളിച്ചോടിയ നേതാവിന്റെ പാര്‍ട്ടിയാണത്. ഇപ്പോഴത്തെ നേതാക്കന്മാരാണെങ്കില് സരിതോര്ജ്ജംകൊണ്ട് പുളകിതരായവര്‍. ആലപ്പുഴ എംപി ആയിരുന്ന കെ.സി. വേണുഗോപാലാണ് ബംഗളൂരു പ്രതിസന്ധി പരിഹരിക്കാന്‍ പോയ നേതാവ്. ആള് തന്നെ ഒരു പ്രതിസന്ധിയാണ്. പോകുന്നിടത്തെല്ലാം പ്രതിസന്ധി സൃഷ്ടിക്കാന്‍ വേണുഗായകനെക്കഴിഞ്ഞേ ആളുള്ളൂ. അമ്മാതിരി ഒരു മുതലിനെ ശിവകുമാറിനെപ്പോലുള്ള പ്ലേമേക്കര്‍മാര്‍ പുറംകാലുകൊണ്ട് തൊഴിക്കുകയല്ലാതെ എന്തുണ്ടാവാനാണ്?
പിസിയും കെസിയും കൂടി കര്‍ണാടകത്തില്‍ പോയിരിക്കുന്നതെന്തിനെന്ന് കേരളത്തിലെ കോണ്ഗ്രസുകാര്ക്ക്തന്നെ ഒരു നിശ്ചയവുമില്ല. സാധാരണഗതിയില്‍ കാര്യങ്ങള്‍ വൈകിമാത്രം പിടികിട്ടുന്ന ആളാണ് രാഹുല്‍. അദ്ദേഹത്തിനുവരെ ഈ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി. അതുകൊണ്ടാണ് കേരളത്തിലേക്ക് പോന്നത്. ഇതൊന്നും കണ്ടിട്ടും, അറിയാത്തതുകൊണ്ടാവില്ല വേണുവും വിഷ്ണുവുമൊക്കെ ഇങ്ങനെ ചുറ്റിത്തിരിയുന്നത്. ഇനി എങ്ങാനും ബിരിയാണി വിളമ്പുന്നുണ്ടെങ്കിലോ എന്നൊരു കൊതി.
പഴയ കോണ്‍ഗ്രസ്സിന്റെ ചീഞ്ഞുനാറിയ ചില അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ഇനി ബാക്കിയില്ല. അതങ്ങനെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നിടത്തൊക്കെ നുളച്ചുകൊണ്ടിരിക്കും. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത കോണ്‍ഗ്രസ്സിന്റെ തോളിലേറിയതാണ് കുമാരസ്വാമി ചെയ്ത തെറ്റ്. കോണ്‍ഗ്രസ്സിനെതിരെ തെരഞ്ഞെടുപ്പ് കാലത്തുടനീളം നടത്തിയ പ്രചരണങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്ത നാട്ടുകാരെ വഞ്ചിച്ചാണ് കുമാരസ്വാമി മുഖ്യമന്ത്രിയായതെന്ന് സാരം. അത് എത്ര കാലത്തേക്കുള്ള കസേരയാണ്? സ്വാമിക്ക് മുന്‍പും ഇങ്ങനെ വീണുകിട്ടുന്നതാണ് കസേര. അര്‍ഹതയില്ലാത്തിടത്ത് വലിഞ്ഞുകയറുമ്പോള്‍ സംഭവിക്കുന്ന പാളിച്ചകളാണ് കുമാരസ്വാമിയെ ഇപ്പോള്‍ വലംവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: