പത്രങ്ങളില്‍നിന്ന്:
”പൊക്കാളി വിത്ത് വിതച്ചു”
‘പൊക്കാളി’ക്കും ‘വിത്തി’ നുമിടയ്ക്ക് അകലമേ വേണ്ട. എഴുതിയിരിക്കുന്നതു കണ്ടാല്‍ ‘പൊക്കാളി’ എന്നയാളാണ് വിത്ത് വിതച്ചതെന്നു തോന്നും. പത്രങ്ങളില്‍ വരുന്നതെല്ലാം ശരിയെന്നു കരുതുന്ന വിദ്യാര്‍ത്ഥികളും മറ്റും ഇങ്ങനെ എഴുതി ശീലിക്കും. ‘പൊക്കാളിവിത്ത്’ എന്നുതന്നെ എഴുതണം.
”വില കുറവിന്റെ മേള”
”ചിട്ടി കമ്പനികള്‍ കബളിപ്പിക്കുന്നു”
ഇത്തരം ‘മൃദുസമീപന’ങ്ങളും അരോചകമാണ്.
”വിലക്കുറവിന്റെ മേള”
”ചിട്ടിക്കമ്പനികള്‍ കബളിപ്പിക്കുന്നു”
എന്നിങ്ങനെയാണ് എഴുതേണ്ടത്.
”ബഷീര്‍ കൃതികളുടെ പുസ്തകങ്ങളും കഥാപാത്രങ്ങളുടെ ചിത്രങ്ങളും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു”
‘കൃതികളുടെ പുസ്തകങ്ങള്‍’ എന്താണാവോ?
”ബഷീറിന്റെ പുസ്തകങ്ങളും (കൃതികളും) കഥാപാത്രങ്ങളുടെ ചിത്രങ്ങളും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു” (ശരി)
”ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ച ശേഷമാകും പണികള്‍ എന്നു തുടങ്ങാന്‍ കഴിയുകയുള്ളുവെന്ന് തീരുമാനിക്കാനാകൂ”
വികലമായ വാക്യം.
”ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ചശേഷമേ പണികള്‍ എന്ന് തുടങ്ങണമെന്ന് തീരുമാനിക്കാനാകൂ” (ശരി)
”പച്ചക്കറികളുടെ വില കേട്ടാല്‍ മുളകിടിച്ച് കഞ്ഞി കുടിക്കാമെന്നു കരുതുന്നുണ്ടാകും. എന്നാല്‍, മുളകിടിക്കാന് അല്പം കാന്താരിമുളക് ഇടാമെന്നുവച്ചാല് അതിന്റെ വിലകേട്ട് ഹൃദയസ്പന്ദനം ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂ. 2000 രൂപയാണ് കാന്താരിമുളകിന്റെ വില. അതുപോലെ പച്ചമുളകിന് 120 രൂപയുമാണ്”
ഇതു വായിക്കുമ്പോള്‍, വിലക്കയറ്റത്തിന്റെ വിഷമതകള്‍ മറന്ന് ചിരിച്ചുപോകും.
‘ഹൃദയസ്തംഭന’ മാവാം ‘ഹൃദയസ്പന്ദന’ മായത്. അതിശയത്തിന്റെ സ്ഥാനത്ത് ‘അത്ഭുത’ മാണ് നല്ലത്. ‘അതുപോലെ’ വേണ്ട.
”കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തെരുവുനായശല്യം മൂലം മരുന്നുവാങ്ങാന്‍ വരുന്ന രോഗികളും കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു.”
‘തെരുവുനായ ശല്യം മൂലം’ എന്ന ഭാഗം ‘ആശുപത്രി ജീവനക്കാരും’ എന്നു കഴിഞ്ഞാണ് ചേര്‍ക്കേണ്ടത്. ഇല്ലെങ്കില്‍ രോഗികള്‍ മരുന്നുവാങ്ങാന്‍ വരുന്നത് തെരുവുനായശല്യം മൂലമാണെന്നു തോന്നും!
”മഴ ചതിച്ചതോടെ മുളപൊട്ടിയ വിത്തുകള്‍ കരിഞ്ഞുണങ്ങി”
”മുളപൊട്ടിയ വിത്തുകള്‍ മഴചതിച്ചതോടെ കരിഞ്ഞുണങ്ങി” എന്നെഴുതുന്നതാണ് ഭംഗി.
മുഖപ്രസംഗങ്ങളില്‍നിന്ന്:
”സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കമ്പനികളുടെക്കൊണ്ട് ഇരകളായവര്‍ക്കുവേണ്ടി നഷ്ടപരിഹാരം ഈടാക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാരിനും ഉണ്ടായില്ല”
”എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കമ്പനികളില്‍നിന്ന് ഇരകള്‍ക്കുവേണ്ടി നഷ്ടപരിഹാരം ഈടാക്കാനുള്ള ഇച്ഛാശക്തി, സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും സര്‍ക്കാരിനുണ്ടായില്ല” (ശരി).
”ജനങ്ങളുടെ ആരോഗ്യം എന്നത് ഏതൊരു ക്ഷേമരാഷ്ട്രത്തിന്റെയും കടമയാണ്”
ആരോഗ്യം കടമയാവില്ല.
”ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഏതൊരു ക്ഷേമരാഷ്ട്രത്തിന്റെയും കടമയാണ്” (ശരി)
”അതിന്റെ വേഗം പേടിപ്പെടുത്തുംവിധം ഇനിയും കുതിക്കുമെന്നാണ് മോദിയുടെ രണ്ടാം ബജറ്റ് ഊന്നുന്നത്.”
അര്‍ത്ഥം ആലോചിച്ച് കണ്ടുപിടിക്കുക! പാവം വായനക്കാര്‍!
പിന്കുറിപ്പ്:
”ലോകത്ത് സ്ത്രീ തുല്യത സൃഷ്ടിച്ചത് റഷ്യന്‍ വിപ്ലവം: എം.എം. ബേബി”
സ്ത്രീവിമോചന പ്രവര്‍ത്തകരോട് ഇത്രയ്ക്കു വേണ്ടായിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: