നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ രണ്ടാം വരവിലെ പ്രഥമബജറ്റ് അമ്പത് വര്‍ഷത്തിന് ശേഷം സ്വതന്ത്ര ചുമതലയോടെ ഒരു വനിതാ ധനമന്ത്രിക്ക് അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് ഭാരതത്തിന് അഭിമാനിക്കാവുന്നതാണ്. മോദി ഭാരതത്തിന്റെ 2025 ലേയ്ക്കുള്ള വികസനകുതിപ്പിന് കരുത്തു നല്‍കാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഒരുവട്ടം കൂടി ബിജെപി സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികളുമായി ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ആവേശത്തിലാണ്. സ്വന്തം ദേശത്തെയും ദേശവാസികളെയും പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു പ്രധാനമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിച്ചത് ഒരു ജനപ്രിയബജറ്റാണ്. തനിച്ച് ഭൂരിപക്ഷം പാര്‍ട്ടിക്ക് നല്കിയ സമ്മദിദായകര്‍ക്ക് ബിജെപി സര്‍ക്കാരിന്റെ സമ്മാനമായി അത് കൂടുതല്‍ ജനോപകാരപ്രദവും വികസന കേന്ദ്രീകൃതവുമാക്കാന് കേന്ദ്ര ധനമന്ത്രിക്ക് സാധിച്ചിട്ടുണ്ട്.
വികസനത്തിലൂന്നിയുള്ള ബജറ്റ്
ആഗോള സാമ്പത്തികരംഗം ഒരു വ്യാപാരയുദ്ധത്തിന്റെ നിഴലിലാണ്. വന്‍ ശക്തികള്‍ സ്വന്തം സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍, ഭാരതം സ്വന്തം സ്ഥാനം മെച്ചപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിലാണ്. സുസ്ഥിരവും സര്‍വാശ്ലേഷിയുമായ ഒരു വികസനമാണ് ഭാരതത്തിന്റെ സ്വപ്നം. ഇപ്പോള്‍ മൂന്ന് ദശലക്ഷം കോടി ഡോളര്‍ മൂല്യത്തിനടുത്ത് നില്ക്കുന്ന ഭാരതത്തിന്റെ അടുത്ത വികസന ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് അഞ്ച് ദശലക്ഷം കോടി ഡോളറിന്റെ മൂല്യം കൈവരിക്കുക എന്നതാണ്. അത് കൊണ്ടുതന്നെ വികസനത്തിലൂന്നിയുള്ള ഒരു ബജറ്റാണ് നിര്‍മല സീതാരാമന് തന്റെ പ്രഥമ പ്രയത്നം എന്ന രീതിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യസുരക്ഷയും സാമ്പത്തിക വളര്‍ച്ചയുമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. സര്‍വസ്പര്‍ശിയായ വികസനത്തിനൊപ്പം നിക്ഷേപ സൗഹൃദമായ അന്തരീക്ഷം ഭാരതത്തിലൊരുക്കാനും ഇവിടെ ബിസിനസ്സ് ചെയ്യാനുള്ള സൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്താനും ഉത്പാദനരംഗം ഊര്‍ജസ്വലമായി നിര്‍ത്താനും ബജറ്റ് ലക്ഷ്യമിടുന്നു. ലോകസാമ്പത്തിക ശക്തിയായി ഭാരതത്തെ ഉയര്‍ത്താന്‍ ആഭ്യന്തര വരുമാനം കാര്യമായി വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. കയറ്റുമതി ഇറക്കുമതി സന്തുലനം നിലനിര്‍ത്തി രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കാനും നടപടികള്‍ ആവശ്യമാണ്.
ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും, എല്ലാവര്‍ക്കുമുള്ള വികസനവും, നിക്ഷേപ സൗഹൃദ കാലാവസ്ഥയും, വ്യവസായങ്ങള്‍ വളര്‍ന്ന് വരാനുള്ള സാഹചര്യവും, ആഭ്യന്തര വരുമാന വര്‍ദ്ധനവും, കയറ്റുമതി ഇറക്കുമതി സന്തുലനവും, മെച്ചപ്പെട്ട കാര്‍ഷിക വളര്‍ച്ചയും, ഗ്രാമവികസനവും, ചെറുകിട വ്യവസായങ്ങളുടെയും നവീന സംരംഭകരുടെ പ്രോത്സാഹനവും ഈ പൊതുബജറ്റ് വേണ്ടവണ്ണം പരിഗണിച്ചിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, കാര്‍ഷിക വികസനത്തിനും, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലസ്ഥിരത മെച്ചപ്പെടുത്താനും ഈ ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
ചെറുകിട മേഖലയുടെ പ്രാധാന്യം
ചെറുകിടവ്യാപാര മേഖലയെ ശക്തിപ്പെടുത്താനും, യുവസംരംഭകരെയും വനിതാ വ്യവസായികളെയും പ്രോത്സാഹിപ്പിക്കാനും ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര വളര്‍ച്ചയുടെ മുപ്പത് ശതമാനത്തോളം സംഭാവന നല്കുന്ന ചെറുകിട സൂക്ഷ്മ വ്യവസായ സംരംഭകരെ വികസനം കൊതിക്കുന്ന സര്‍ക്കാരിന് അവഗണിക്കാന്‍ സാധിക്കില്ല. ഈ മേഖലയുടെ ഉത്പാദനക്ഷമതയും കയറ്റുമതി സാധ്യതയുമാണ് എല്ലാവര്‍ഷവും ജൂണ്‍ 27 ആഗോള ചെറുകിടവ്യവസായ ദിനമായി ആഘോഷിക്കുന്ന ഒരു രാജ്യം പരിഗണിക്കേണ്ടത്. ഭാരതത്തിന്റെ സവിശേഷ സൗഭാഗ്യമായ ജൈവ വൈവിധ്യവും, ജനസംഖ്യാ പരമായ മികവും പരമാവധി പ്രയോജനപ്പെടുത്തി ആഗോള സാമ്പത്തിക രംഗത്തിന് കരുത്തേകാനുള്ള ഒരു ദിശാബോധം ഈ ബജറ്റില്‍ ദൃശ്യമാണ്. കാര്‍ഷിക ചെറുകിട മേഖലകളുടെ പ്രോത്സാഹനത്തിലൂടെ മാത്രമേ ഭാരതത്തിന്റെ വികസനം സാധ്യമാവുകയുള്ളു. അതിനെ സഹായിക്കുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവര്ഷത്തില് ജനനന്മ ലക്ഷ്യം വെച്ച് അവതരിപ്പിക്കുന്ന ബജറ്റിന് ഒരു ഗാന്ധിയന്‍ സ്പര്‍ശം അനിവാര്യമാണ്. നൂറ്റിപ്പത്ത് വര്‍ഷം മുമ്പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ ഗാന്ധിജി സ്വപ്നം കണ്ട സുസ്ഥിര വികസനം സാക്ഷാത്ക്കരിക്കാന്‍, കര്‍ഷക പ്രധാനവും ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും ചെറുകിട കച്ചവട സൗഹൃദവുമായ ഒരു സാമ്പത്തിക പദ്ധതിയാണാവശ്യം. ഈ കാര്യം പരിഗണിക്കാന്‍ ഒരു പരിധി വരെ നിര്‍മല സീതാരാമന് സാധിച്ചിട്ടുണ്ട്. ഗാന്ധി ദര്‍ശനം യുവ തലമുറയ്ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇത് വരും തലമുറയിലേയ്ക്കെത്തിക്കാന് ഒരു ഗാന്ധിപീഡിയ എന്ന ആശയം ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്നു. ഗ്രാമ വികസനത്തിന് ഈ ബജറ്റ് ഊന്നല്‍ നല്കുന്നു. സാധാരണ ജനങ്ങളുടെ സ്വപ്നമായ പോഷകാഹാരവും, പാര്‍പ്പിടവും, ശുചിമുറിയും, വൈദ്യതിയും, ശുദ്ധജലവും, സഞ്ചാരയോഗ്യമായ ഗ്രാമീണ പാതകളും സ്ഥിരവരുമാനവും ഉറപ്പ് വരുത്തുന്ന പദ്ധതികളാണ് ധനമന്ത്രി തന്റെ കന്നി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തിയിരുപതാമാണ്ട് ഭാരതം ആഗോള മനുഷ്യമൂലധനത്തിന്റെ ലക്ഷ്യസ്ഥാനമായി മാറുന്ന പശ്ചാത്തലത്തില്‍ ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താനുള്ള മനുഷ്യമൂലധനം സമാഹരിക്കേണ്ടത് വലിയ തോതില്‍ വികസനം കൊണ്ടുവരാന്‍ അത്യാവശ്യമാണ്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി ഗതാഗതം മെച്ചപ്പെടുത്താനും, റോഡ് റെയില്‍ പദ്ധതികള്‍ പൊതു സ്വകാര്യ സംരംഭമായി നടപ്പിലാക്കാനും കൂടുതല്‍ കേന്ദ്രസഹായം ഈ രംഗത്ത് ലഭ്യമാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
മതിയായ തൊഴിലവസരങ്ങള്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കം പോയി എന്നതായിരുന്നു ഒന്നാം മോദി സര്‍ക്കാരിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാതി. കാര്‍ഷിക ചെറുകിട മേഖലയിലും, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനമേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള വികസന പദ്ധതികളാണ് ഈ ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ മേഖലകളിലും വികസനം ഉറപ്പുവരുത്തി ചെറുകിട ഇടത്തരം മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താവുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് നിര്‍മല സീതാരാമന് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ നിക്ഷേപ സൗഹൃദമാക്കാനും ചെറുകിട കച്ചവടക്കാര്‍ക്ക് വാര്‍ഷിക പെന്ഷന് നല്‍കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്പര്യങ്ങള് സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പരമ്പരാഗത മേഖലകളുടെ വികസനത്തിലൂടെ മാത്രമെ ചെറുകിട സമ്പാദ്യവും കാര്‍ഷിക വരുമാനവും വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളു. വ്യക്തിഗത നികുതിദായകര്‍ക്കും വ്യവസായികള്‍ക്കും ഒരു പോലെ സൗഹൃദമാകുന്ന ഒരു നികുതി സമ്പ്രദായത്തിലൂടെ മാത്രമെ നികുതിദായകരുടെ വിപുലീകരണവും നികുതി വരുമാന വര്‍ധനവും സാധ്യമാവുകയുള്ളു. ഈ ഒരു തിരിച്ചറിവാണ് നികുതി സമ്പ്രദായത്തിലെ പരിഷ്കരണത്തിനും പുതിയ നികുതി നിര്‍ദേശങ്ങള്‍ക്കും അടിസ്ഥാനം. അതിന്റെ ഭാഗമായി അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കുകയും, അധിക വരുമാനക്കാരില്‍ നിന്നുമാത്രം സര്‍ച്ചാര്‍ജ് വസൂലാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് വാഹനവായ്പാ പലിശയില്‍ ഒന്നരലക്ഷം രൂപയുടെ പലിശയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പരോക്ഷ നികുതി വരുമാനം കൂട്ടാനും നടത്തിപ്പിലെ പ്രയാസങ്ങള്‍ ഒഴിവാക്കാനും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചരക്ക് സേവനനികുതിയുടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും റീഫണ്ട് ഉറപ്പാക്കുന്നതിലും നിയമനടപടികള്‍ സുഗമവും സുതാര്യമാക്കുന്നതിലും ധനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്.
വരവ് ചെലവ് കണക്കുകള്ക്കനുസൃതമായിട്ട് വേണം നാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കാന്‍. മഹാഭാരതത്തിലെ അഗസ്ത്യമുനിയുടെയും മുനിപത്നിയായ ലോപമുദ്രയുടെയും കഥയിലൂടെ വ്യാസഭഗവാന് വ്യക്തമാക്കുന്ന ജനസൗഹൃദമായ ഒരു നികുതി സമ്പ്രദായമാണ് പുതിയ ധനമന്ത്രിക്ക് സാമ്പത്തിക നയ പ്രഖ്യാപനത്തില്‍ പ്രേരണയായത് എന്നു വേണം കരുതാന്‍. സാമ്പത്തിക നിര്‍ദ്ദേശങ്ങളായാലും സംഭാവനയായാലും അത് പൊതുജനങ്ങള്‍ക്ക് ഒരു ഭാരമായിരിക്കാന്‍ പാടില്ല എന്നാണ് അഗസ്ത്യമുനിയുടെ അഭിപ്രായം. പാണ്ഡ്യരാജാവിന്റെയും ബസവേശ്വരന്റെയും ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ജനസൗഹൃദവും ജനനന്മയ്ക്കുതകുന്നതുമായ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയത് കാരണമാണ് നികുതി വരുമാനം ആറരലക്ഷം കോടിയില്‍ നിന്നും പന്ത്രണ്ട് ലക്ഷം കോടി രൂപയോളം വര്‍ദ്ധിക്കാനിടയായത്. വികസനോന്മുഖമായ പദ്ധതിക്കായുള്ള വിഭവസമാഹരണത്തിന് നികുതി വരുമാനം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഈ രംഗത്ത് ഡിജിറ്റല്‍ സംവിധാനങ്ങളുടെ ആവശ്യകതയും ബജറ്റ് ചൂണ്ടിക്കാണിക്കുന്നു.
കര്‍ഷകസൗഹൃദമായ സമീപനം
കര്ഷകസൗഹൃദമാണ് നിര്‍മല സീതാരാമന്റെ കന്നി ബജറ്റ്. കാര്‍ഷിക വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ തുള്ളിയില്‍ നിന്നും ഒരായിരം പറ വിളകൊയ്യാന്‍ കര്‍ഷകരെ തയാറാക്കുക എന്നതാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ലക്ഷ്യം. നൂതനമായ കൃഷിരീതികളും കാര്‍ഷിക സാങ്കേതിക വിദ്യയും കര്‍ഷകന്റെ കാര്യക്ഷമതയും, കൃഷിഭൂമിയുടെ ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. മത്സ്യബന്ധനവും, മത്സ്യബന്ധന സമൂഹവും കാര്‍ഷികസമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. മത്സ്യ ബന്ധനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ആധുനീകരണവും, സാങ്കേതിക സഹായവും, മെച്ചപ്പെട്ട ഗുണനിലവാരവും അത്യാവശ്യമാണ്.
അന്നദാതാക്കളായ കര്‍ഷകരെ ഊര്ജദാതാക്കാളാക്കി മാറ്റാനുള്ള പദ്ധതികളും, മെച്ചപ്പെട്ട കൃഷിരീതികളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും, ഇലക്ട്രോണിക് മാര്‍ക്കറ്റിങ് സംവിധാനത്തിലൂടെ സാധാരണ കര്‍ഷകരെ ആഗോള വിപണിയായി ബന്ധിപ്പിക്കാനും, കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനും, ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് കര്‍ഷകന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സീറോ ബജറ്റ് കൃഷിരീതികളിലൂടെ പാരമ്പര്യത്തിലേയ്ക്കൊരു മടക്കയാത്ര നൂതന ആശയങ്ങള്‍ ലക്ഷ്യമാക്കി തന്നെ അത്യാവശ്യമാണ്. ജലജീവന്‍ മിഷനും, ജലശക്തി അഭിയാനും സുസ്ഥിരമായ ജലലഭ്യതയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വരും കാല സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഈ ബജറ്റ് കര്‍ഷകര്‍ക്ക് സഹായകരമായിരിക്കും.
പുതിയ ഭാരതത്തിന്റെ പൂര്‍ണ വികസനത്തിനനുയോജ്യമായ പശ്ചാത്തല മൊരുക്കുന്നതില്‍ ഈ ബജറ്റ് ഊന്നല്‍ നല്കുന്നു. ദേശീയപാതകളും, റെയില്‍വെ വികസന പദ്ധതികളും, വിമാനത്താവളങ്ങളും, വിഴിഞ്ഞം പോര്‍ട്ടുകള്‍ പോലുള്ള വന്‍ പദ്ധതികളും ഇതില്‍ പെടുന്നു. ഇതിനാവശ്യമായ ധനസമാഹരണം തദ്ദേശീയവും വൈദേശികവുമായ സംരംഭകരില്‍ നിന്നും സ്വരൂപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ധനനയ രൂപീകരണത്തിലും സാമ്പത്തികനയം നടപ്പിലാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തി പോരുന്നത്. ധനക്കമ്മി കുറച്ച് കൊണ്ട് വരാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ആഭ്യന്തര ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്‍ദ്ധിപ്പിച്ച് പരമാവധി വരുമാനം ആഭ്യന്തരമായി ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്‍ വ്യവസായമായാലും ചെറുകിട വ്യവസായമായാലും കയറ്റുമതികേന്ദ്രീകൃതമായ പ്രവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഒരു സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കളുടെ ആഭ്യന്തര ഉപഭോഗ വര്‍ദ്ധനവും വിഭവസമാഹരണത്തിനായി ഈ ബജറ്റ് ലക്ഷ്യം വെക്കുന്നു.
അരുണ്‍ ജെയ്റ്റ്ലിയുടെ അവസാനത്തെ ബജറ്റിന്റെ തുടര്‍ച്ചെയന്നോണം സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിരവികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ഈ ബജറ്റ് കാര്‍ഷിക മേഖലയ്ക്കും, പശ്ചാത്തലവികസനത്തിനും സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏറെ പ്രാധാന്യം നല്കിയിരിക്കുന്നു. നാരിയെ നാരായണിയാക്കുന്ന സ്ത്രീസൗഹൃദവും സ്ത്രീ ശാക്തീകരണത്തിനുതകുന്നതുമായ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചക്കും സുസ്ഥിരവികസനത്തിനും പ്രാധാന്യം കല്പിക്കുന്ന ബജറ്റ് സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും, നൈപുണ്യവികസനത്തിനും, തൊഴിലവസര വര്‍ദ്ധനവിനും വേണ്ടത്ര ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഗാന്ധിദര്‍ശനം നവഭാരത സൃഷ്ടിക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമവും ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. യുവജനങ്ങളെയും, സ്ത്രീകളെയും, വയോവൃദ്ധരെയും പാര്‍ശ്വവത്കൃത സമൂഹത്തെയും കാര്യമായി പരിഗണിക്കുന്ന രണ്ടാം ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നതാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ദല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ ഹില്‍ (ഒകഘ) ഇന്ത്യ ലിമിറ്റഡിന്റെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറും കൂടിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: