ഇടുക്കി: താന്‍ അഭിനയിച്ച സിനിമയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ആശാ ശരത്തിനെതിരെ നടപടിയെടുക്കാന്‍ കട്ടപ്പന ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന് ഇടുക്കി ജില്ലാ എഎസ്പി നിര്‍ദേശം നല്കി. എന്നാല്‍, ആ പ്രൊമോഷനല്‍ വിഡിയോയില്‍ ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്നാണ് നടി നലകുന്ന വിശദീകരണം. ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോള്‍ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസ്സിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത്ത് പറയുന്നു.
വീഡിയോ കണ്ട ചിലര്‍ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്.ഐ. സന്തോഷ് സജീവന് പറഞ്ഞു.മേക്കപ്പില്ലാതെ ‘ദുഃഖിത’യായാണ് ആശ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഗതി പറ്റിക്കലാണെന്നറിയാതെ ആയിരക്കണക്കിനുപേര്‍ വീഡിയോ ഷെയര്‍ ചെയ്തു. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന്, പോലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: