അടിയന്തരാവസ്ഥയെന്താണെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ അറിയാമെന്നതിന്റെ തെളിവ് എന്താണെന്ന് നോക്കിയിട്ടുണ്ടോ? സംശയിച്ച് നില്‍ക്കണ്ട. അതുതന്നെ. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലശ്രുതി. ജനാധിപത്യത്തിന് മരണമണി മുഴങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജനകീയ പ്രസ്ഥാനത്തിന് ഹൃദയംനല്കി. പൂവ് സ്വപ്നംകണ്ടവര്‍ക്ക് പൂക്കാലം കിട്ടുമെന്ന് ഉറപ്പാണ്. കാരണം അടിയന്തരാവസ്ഥാ മാരണത്തെ ഓടിച്ചതിന്റെ ചോരപ്പാടുകള്‍ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കരളില്‍ കരുവാളിച്ച് കിടപ്പുണ്ട്.
ജനാധിപത്യം കൊടിയേറുമ്പോള്‍ ഏകാധിപത്യത്തിനും സ്വേഛാധിപതികള്‍ക്കും സ്ഥാനം കുപ്പത്തൊട്ടിയിലാണ്. ഇന്ത്യയുടെ സൗന്ദര്യവും ലയവും ജനാധിപത്യത്തിന്റെ അനിര്‍വചനീയമായ മന്ദഹാസമാണെന്ന് അറിയുന്നവര്‍ ചുരുക്കം. ഏറെക്കാലം ഇംഗ്ലീഷുകാര്‍ തങ്ങളുടെ കാല്ക്കീഴിലിട്ട് ചവിട്ടിമെതിച്ചെങ്കിലും ഇന്ത്യയുടെ തനിമക്കും സ്വത്വത്തിനും ഒരുപോറല്പോലും ഏറ്റില്ല എന്നതത്രേ സത്യം. അവര്‍ അതുകൃത്യമായി മനസ്സിലാക്കി.
കൃശഗാത്രനായ ഒരുമനുഷ്യന്റെ അസാമാന്യമായ ഇച്ഛാശക്തിക്കുപിന്നില്‍ ഇന്ത്യ അണിനിരന്നതിന്റെ ഫലമായിരുന്നു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഉയര്‍ന്നുപൊങ്ങിയത്. ലക്ഷക്കണക്കിന് മക്കള്‍ അതിനുവേണ്ടി ജീവന്‍കൊടുത്തു. കോരിത്തരിപ്പിക്കുന്ന ആ ഓര്മകള്ക്കുമുമ്പില് നമ്രശിരസ്കരാകാതിരിക്കാനാവില്ല.
അങ്ങനെ ലഭ്യമായ സ്വാതന്ത്ര്യത്തെ അപമാനിക്കാനാണ് ഒരുരാഷ്ട്രീയകക്ഷി നട്ടപ്പാതിരയ്ക്ക് അടിയന്തരാവസ്ഥയെന്ന പൈശാചികതയുടെ വസൂരിവിത്തുകള്‍ വാരിവിതറിയത്. സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരായ, സ്വന്തംനാടിന്റെ അഭ്യുന്നതിയില്‍ ആഹ്ലാദചിത്തരായ ബഹുസഹസ്രം നേതാക്കളെ തുറുങ്കിലടച്ചും അഴികള്‍ക്കുള്ളില്‍ കൊല്ലാക്കൊല ചെയ്തും അവര്‍ സംഹാരതാണ്ഡവമാടി. ആരും ചോദ്യംചെയ്യാത്ത, ഒന്നിനെയും പേടിക്കേണ്ടാത്ത ആ കാലഘട്ടം, ഓര്‍മയില്‍ വര്‍ണാഭമാക്കുന്ന ഖദറുകാരുടെ വികാരം അന്നും ഇന്നും ഒന്നുതന്നെ.
ഇന്നത്തെ കേന്ദ്ര ഭരണകൂടത്തിനെതിരെ കനല് വാരിയെറിയുമ്പോള്‍ ഒരുവേള നാല്പത്തിനാലുവര്ഷം മുമ്പത്തെ ജൂണ്‍ മാസം അവരോര്‍ക്കണം. ഖദറും കാക്കിയും ഒന്നായി അലറിപ്പാഞ്ഞുനടന്ന ആ ദിനങ്ങളില്‍ എത്രയെത്ര നവയൗവനങ്ങള്‍ ഇനിവരാത്ത വിധം യവനികക്കുള്ളില്‍ മറഞ്ഞുവെന്ന് ചിന്തിക്കണം. മനുഷ്യമനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരുടെമുമ്പില്‍ വെള്ളിടിയായ അതേ അടിയന്തരാവസ്ഥ ഇപ്പോള്‍ കേരളത്തില്‍ കരാളനൃത്തം ചവിട്ടുകയല്ലേ?
അന്ന് കോഴിക്കോട്ടെ ചാത്തമംഗലം എഞ്ചിനിയറിംഗ് കോളജില്‍നിന്ന് പിടിച്ചുകൊണ്ടുപോയ രാജനെ ഉരുട്ടിക്കൊന്ന രാക്ഷസസേനയുടെ പിന്മുറക്കാര് അതേപണിയല്ലേ ഇപ്പോഴും ചെയ്യുന്നത്? അന്ന് ഒത്താശക്കാരായും പിന്‍പാട്ടുകാരായും ഖദറുകാരായിരുന്നെങ്കില്‍ ഇന്ന് ചെങ്കൊടിക്കാരാണെന്ന വ്യത്യാസമേയുള്ളൂ. അടിയന്തരാവസ്ഥയെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മയിലേക്ക് രാജനും കക്കയംക്യാമ്പും വരുന്നെങ്കില്‍ ഇന്ന് ഇടുക്കിയിലെ കുമാറും മുണ്ടിയെരുമ സ്വദേശി ഹക്കിമും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുമാണെന്ന വ്യത്യാസം മാത്രം. ഇടിവീരന്മാരായ പൊലീസുകാര്‍ക്ക് പണ്ട് പലപല ഇരട്ടപ്പേരുകളുമുണ്ടായിരുന്നു. അന്നൊക്കെ പത്താംക്ലാസും ഗുസ്തിയും മസിലുമുള്ളവര്‍ക്കായി കാക്കിക്യാമ്പുകളുടെ വാതില്‍ തുറന്നിടുമായിരുന്നു. നിയമത്തിന്റെ പിന്‍ബലത്തില്‍ എന്തുംചെയ്യാന്‍ അത്തരക്കാര്‍ മുന്നിട്ടിറങ്ങി. ഒത്താശക്കാരായി അതത് ഭരണകൂടവും.
ഇന്നത്തെ കഥയോ? എന്തെങ്കിലും വ്യത്യാസമുണ്ടോ? ഖദറിനുമുമ്പില്‍ കമിഴ്ന്നുവീണവര്‍ അങ്കം മാറിയപ്പോള്‍ ചെങ്കൊടി പുതച്ചായി നില്‍പ്പ്. കാക്കിയിട്ടാല്‍ തങ്ങള്‍ പറയുന്നതാണ് നിയമമെന്ന് അവര്‍ വ്യാഖ്യാനിച്ചുകൂട്ടുന്നു. ഭരണക്കാരുടെ വാല്യക്കാരായി റാന്‍മൂളി എന്തിനും തയാറായി അവര്‍ നില്ക്കുന്നു. ഇത്തരക്കാരെയൊക്കെ നിയന്ത്രിക്കേണ്ടവര്‍ റഫറിയുടെ മര്യാദപോലുമില്ലാതെ ഗ്യാലറിയില്‍ കൈയടിച്ച് രസിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയെന്ന ജനാധിപത്യവിരുദ്ധ സംവിധാനത്തെ മറ്റെന്തൊക്കെയോ പേരില്‍ അവര്‍ പ്രത്യാനയിക്കുന്നു. മനുഷ്യന് മനുഷ്യനുനേരെ നടത്തുന്ന മൃഗയാവിനോദമാകുന്നു കാക്കിക്കാരുടെ ചോദ്യംചെയ്യലും തുടര്‍കലാപരിപാടികളും.
രാഷ്ട്രീയ സംഘര്‍ഷത്തില്‍ ക്വട്ടേഷന്‍സംഘവും അനുബന്ധ ഘടകങ്ങളും എന്താണോ ചെയ്യുന്നത്, അതേകാര്യം ഔേദ്യാഗികമായി ചെയ്യുന്ന പടയായി പൊലീസ്സേന അധപ്പതിച്ചിരിക്കുന്നു. തണ്ടും തടിയും അശേഷം വിവരമില്ലായ്മയും കൈമുതലായി നടന്നിരുന്ന പണ്ടത്തെ മിന്നല്‍ പരമേശ്വരന്മാരുടെയും ഉണ്ടച്ചാത്തുമാരുടെയും സ്ഥാനത്ത് വിവരവും വിദ്യാഭ്യാസവുമുള്ള ഗുണ്ടകളാണെന്ന വ്യത്യാസമേയുളളൂ. ഈ മര്‍ദ്ദകസുഖം മോഹിച്ചാണല്ലോ ഐടി ബ്രോകളും മറ്റും കാക്കിക്കുപ്പായത്തിലേക്ക് പരകായപ്രവേശം നടത്തുന്നത്. അവര്‍ മര്‍ദ്ദനത്തിനുംമറ്റും അധുനാധുന ഉപകരണങ്ങളും രീതികളും ഉപയോഗിക്കുന്നു എന്നുമാത്രം. ദേവനും അസുരനും മനുഷ്യരില്‍ പൊതുവെ ഉണ്ടാകുമത്രേ. വിദ്യാഭ്യാസത്തിലൂടെ, പലതരത്തിലുള്ള സംസ്കരണ പ്രക്രിയയിലൂടെ ദേവാംശം നിലനിര്‍ത്തുകയും അസുരാംശം ഇല്ലായ്മ ചെയ്യുകയുമാണ് വേണ്ടത്.
ഇവിടെ ദേവാംശം കൂടുതലുള്ളവരില്‍പോലും അസുരാംശം നിറയ്ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. മനുഷ്യനെ എങ്ങനെ ഇഞ്ചപ്പരുവമാക്കി നശിപ്പിക്കാമെന്നാണ് ചിന്ത. സംസ്കാര സമ്പന്നമായ പൊലീസ് സേനയ്ക്കുപകരം ഭ്രാന്തചിത്തരായ ക്രിമിനല്‍കൂട്ടത്തെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും കിരാതനായ ക്രിമിനല്‍ ഓഫീസര്‍ക്ക് പട്ടുംവളയും നല്കുമ്പോള് മനുഷ്യമുഖമുള്ള ഓഫീസറെ ദ്രോഹിക്കുന്നു. അര്‍ഹതപ്പെട്ട ജോലിക്കയറ്റവും മറ്റുസൗകര്യങ്ങളും നിഷേധിക്കുന്നു. ഇതുകാണുന്ന ഓഫീസര്‍മാര്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ ആയി മാറാന്‍ പരസ്പരം മത്സരിക്കുന്നു.
ഈ രാഷ്ട്രീയക്കളിയില്‍ ഈയാംപാറ്റകളായി വീഴാനത്രേ വാഗമണിലെ കുമാറിനും ഹക്കീമിനും വിധി. മനുഷ്യനെന്ന മനോഹര പദം ഉച്ചരിക്കാന്‍ കഴിയണമെങ്കില്‍ മനുഷ്യത്വം എന്തെന്ന് അറിയണം. സ്വാഭാവിക രീതികളിലൂടെ അതറിഞ്ഞില്ലെങ്കില്‍ പരിശീലന പദ്ധതിയില്‍ നിര്‍ബന്ധമായും അതിനുയുക്തമായ സാധ്യതകള്‍ ഉണ്ടാവണം. മൈതാനപ്രസംഗംകൊണ്ടോ ഭീഷണി ഉമ്മാക്കികൊണ്ടോ അതൊന്നും നടപ്പാക്കാനാവില്ല. ഏതുസംസ്കാര ചിത്തനും ഒരുവേള അടിയന്തരാവസ്ഥ നന്നായിരുന്നുവെന്നു ചിന്തിച്ചുവെന്നിരിക്കട്ടെ… തീര്‍ന്നു അതോടെ മനുഷ്യത്വം. ആയതിനാല്‍ നമുക്ക് മനുഷ്യത്വത്തിനായി വരിവരിയായി നില്ക്കാം. ആ വരിയിലേക്ക് നല്ലനല്ല മനുഷ്യരെ കൈകൊടുത്ത് ചേര്‍ത്ത് നിര്‍ത്താം. സംസ്കാരത്തിന്റെ പൂമ്പാറ്റകള്‍ ഓരോരുത്തരെയും ഉമ്മവെച്ച് പറന്നുയരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: