എറണാകുളം മഹാരാജാസ് കോളജ് വളപ്പില്‍ കുത്തേറ്റുവീണ അഭിമന്യുവിന്റെ മരണത്തിന് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ ജനമനസ്സില്‍ വേദനയ്ക്കും വിങ്ങലിനും ഒപ്പം കുറെയേറെ ചോദ്യങ്ങളും തിങ്ങിനിറയുന്നുണ്ട്. മരിച്ചത് ഏതുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കണ്ണിയായാലും, ഈ നാടിന്റെ മതസൗഹാര്‍ദ മനസ്സിലേയ്ക്കാണ് ആ കത്തി ആഴ്ന്നിറങ്ങിയത്. കുത്തിയിറക്കിയത്, മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതതീവ്രവാദം വളര്‍ത്തുന്നവരും അവരുടെ സഹായികളും. അത്തരക്കാരെ താലോലിക്കുന്ന സംസ്ഥാന ഭരണകൂടം ഭരണസ്വാധീനത്തിന്റെ മറപിടിച്ച് അവര്‍ക്ക് സംരക്ഷണം നല്കുന്നു. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും കുത്തിയവര്‍ പിടിയിലാകാതെ സുരക്ഷിതരായി സൈ്വരവിഹാരം നടത്തുന്നു. അവരെ പൊതിഞ്ഞുപിടിച്ചുകൊണ്ട്, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണകൂടവും, ഭരണകക്ഷിയും ആരുടെയോ വര്‍ഗീയതയ്ക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നു. വൈരനിര്യാതനത്തിനും ഉന്മൂലനത്തിനുമായി അധോലോക സംഘത്തിനും ക്വട്ടേഷന്‍കാര്‍ക്കും സര്‍വസ്വാതന്ത്ര്യം നല്കിയ സിപിഎം ഭരണം കയ്യാളുന്ന കേരളത്തില്‍ മതതീവ്രവാദം മാത്രമല്ല കമ്യൂണിസ്റ്റ് ഭീകരതകൂടിയാണ് നടക്കുന്നത്. ഒരുപടികടന്ന്് അത് പോലീസ് ഭീകരതയായിമാറാനും തുടങ്ങിയിരിക്കുന്നു. കൊന്നും കൊല്ലിച്ചും ആത്മഹത്യ ചെയ്യിച്ചും നടത്തുന്ന ഉന്മൂലനകലയിലൂടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന് ചിലര്‍ക്കൊക്കെ ബോധ്യംവന്നിട്ടും ഭരണത്തെയും പാര്‍ട്ടിയേയും നിയന്ത്രിക്കുന്നവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് വരാപ്പുഴയിലെ ശ്രീജിത്തിനും കോട്ടയത്തെ കെവിനുംശേഷം ആന്തൂരിലും നെടുങ്കണ്ടത്തുനിന്നും ഉയര്‍ന്ന മരണത്തിന്റെയും കൊലപാതകത്തിന്റെയും ഗന്ധം കേരളത്തിലാകെ പടര്‍ന്നത്. അതിന്റെ കറ പലപ്രമുഖരുടെയുംമേല്‍ പതിഞ്ഞിട്ടുമുണ്ട്. അത് എളുപ്പം കഴുകിക്കളയാനാവുന്നതല്ല.
മരിച്ച അഭിമന്യു എസ്എഫ്ഐ നേതാവായിരുന്നു എന്നതുകൊണ്ടുമാത്രം, വര്‍ഗീയ വിരുദ്ധദിനമായി ഈ ഒന്നാംവാര്‍ഷികം ആഘോഷിക്കുകയാണ് എസ്എഫ്ഐയുടെ കുട്ടിസഖാക്കള്‍. അവര്‍ക്കൊപ്പം മുതിര്‍ന്ന സഖാക്കളും പിരിവും ആചരണങ്ങളുമായി രംഗത്തുണ്ട്. ജനങ്ങളോട് ഒരുകാര്യം വിശദീകരിച്ചാല്‍ കൊള്ളാം. ആരുടെ വര്‍ഗീയതയ്ക്കെതിരെയാണ് നിങ്ങളുടെ പോരാട്ടം? ഹിന്ദുക്കളില്‍ മാത്രമേ നിങ്ങള്‍ക്ക് വര്‍ഗീയത കാണാന്‍ സ്വാതന്ത്ര്യമുള്ളൂവെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. മുതിര്‍ന്നവര്‍ നിര്ദേശിക്കുന്നതിനപ്പുറം പോകാന്‍ കുട്ടികള്‍ക്ക് അവകാശമില്ലല്ലോ. ഇവിടിപ്പോള്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയവര്‍ ഏതു മതവിഭാഗക്കാരായിരുന്നെന്നും അവര്‍ ഏതുതീവ്രവാദ സംഘടനയിലെ കണ്ണികളായിരുന്നെന്നും എല്ലാവര്ക്കും നന്നായറിയാം. മുങ്ങിയവര്‍ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ആളുകളായിരുന്നു. അവര്‍ക്ക് പിന്നില്‍ വലിയ തീവ്രവാദ ശൃംഖലതന്നെ ഉണ്ടെന്നും വ്യക്തം. അത്തരക്കാര്‍ക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമില്ലാതെ ആകാശംനോക്കി വര്‍ഗീയതയെ എതിര്‍ക്കാനിറങ്ങുന്നത് ആരുടെകണ്ണില്‍ പൊടിയിടാനാണ്? ഹൈന്ദവ ദൈവനിന്ദയും ബീഫ് ഫെസ്റ്റും ആര്‍ത്തവ മേളയുംനടത്തി ഹൈന്ദവരെ പ്രകോപിപ്പിക്കാന്‍ നോക്കിയവര്‍ക്ക് മതസൗഹാര്‍ദത്തേക്കുറിച്ചും വര്‍ഗീയ വിരുദ്ധതയേക്കുറിച്ചും പറായന് ആര് അവകാശം കൊടുത്തു?
വര്‍ഗീയതയും ജാതീയതയും ഊതിപ്പെരുപ്പിക്കാനും ആളിക്കത്തിക്കാനും പഴയകാല ചരിത്രങ്ങള്‍ ചികയുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി അടക്കമുള്ള സഖാക്കള്‍ ഇടതടവില്ലാതെ പറയുന്നൊരുകാര്യമുണ്ട്-ഇതു കേരളമാണെന്ന്. വ്യംഗ്യം, ഇവിടം പ്രബൂദ്ധതയുടെ നാടാണ് എന്നായിരിക്കാം. തങ്ങളെപ്പോലുള്ള പുരോഗമന, വര്‍ഗീയ വിരുദ്ധ ചിന്താഗതിക്കാരുടെ നാടാണെന്ന്. പക്ഷേ, സഖാക്കള്‍ തിരിച്ചറിയാത്ത കാര്യം, ഇന്നുകാണുന്നത് മാറുന്ന കേരളമാണ് എന്നതാണ്. പണ്ടുകണ്ട കേരളമല്ലിത്. ഇരുമ്പുമറയ്ക്കപ്പുറത്തെ ശരിയായ കമ്യൂണിസ്റ്റ്ലോകം കേരളജനത കണ്ടറിഞ്ഞു കഴിഞ്ഞു. അഥവാ, സ്വയംകൃതാനര്‍ഥങ്ങളിലൂടെ നിങ്ങള്‍തന്നെ അത് തുറന്നുകാണിച്ചു. അതൊക്കെ ജനമനസ്സിലൂണ്ട്. ചിന്തിച്ച് തീരുമാനിക്കാനും തീരുമാനിച്ചത് പ്രാവര്‍ത്തികമാക്കാനുമുള്ള പ്രബൂദ്ധത ഇന്ന് ഇവിടുത്തെ സമൂഹത്തിനുണ്ട്. കേവലം നിരര്‍ഥകവും നാടകീയവുമായ ആചരണങ്ങള്‍കൊണ്ട് അവരെ തെറ്റിധരിപ്പിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: