ആഗോളതാപനം മൂലം ഉണ്ടായിട്ടുള്ള കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതികമായ പ്രശ്നങ്ങളുടെ രൂക്ഷത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മഴയുടെ ലഭ്യതക്കുറവും കനത്ത ചൂടും രാജ്യത്തെ ആകമാനം വരള്‍ച്ചയിലേക്കാണ് നയിക്കുന്നത്. ജൂണ്‍മാസം കഴിഞ്ഞിട്ടും മഴ എത്താത്ത ഒരു സ്ഥിതിവിശേഷം നിലനില്ക്കുന്നു. ഒട്ടുമിക്ക ജലാശയങ്ങളും ഇപ്പോഴേ വറ്റിവരണ്ടു.
ജലദൗര്‍ലഭ്യം മനുഷ്യരുടെ സാധാരണ ജീവിതത്തെ മാത്രമല്ല, കാര്‍ഷിക വ്യാവസായിക രംഗങ്ങളെയും കാര്യമായി ബാധിച്ചിരിക്കുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ കൊടുംക്രൂരതയാണ് ഇതിനെല്ലാം കാരണം. ഇത് അവസാനിപ്പിക്കാന്‍ നമ്മള് തയ്യാറായില്ലെങ്കില്‍ ഇനിയും പ്രശ്നം വളരെ രൂക്ഷമാകും. നീരുറവകള്‍ നികത്തിയും കുന്നും മലകളും നിരത്തിയും മരങ്ങള്‍ വെട്ടിനശിപ്പിച്ചും മത്സരിച്ചു മുന്നേറുകയാണ് മനുഷ്യന്. ബോധവല്‍ക്കരണം കൂടുതല്‍ ആധികാരികമായി നടക്കുമ്പോഴും പ്രകൃതിയിലുള്ള മനുഷ്യന്റെ ചൂഷണം കൂടിവരുകയാണ്.
കേരളത്തില്‍നിന്നും ഒട്ടും വിദൂരമല്ലാത്ത ചെന്നൈ നഗരത്തിലെ ഭീതിജനകമായ കാഴ്ച നാം കണ്ടതാണ്. കടുത്ത കുടിവെള്ളക്ഷാമത്തിന്റെ നീറുന്ന കാഴ്ചകള്‍. ദിനചര്യകള്‍ക്കുപോലും ജലം ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടിയ കാഴ്ച. ജലക്ഷാമം മൂലം ഓഫിസുകള്‍, സ്കൂളുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഒക്കെതന്നെ മൊത്തമായോ ഭാഗികമായോ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. വരുംകാല കേരളത്തിന്റെ നേര്‍ക്കാഴ്ചയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. കാരണം നാം ഇവിടെ കാട്ടിക്കൂട്ടുന്നതും പ്രകൃതിയെ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രവര്‍ത്തികളാണ്.
അതിന് അടുത്തകാലത്തുണ്ടായ ഒരു ഉദാഹരണമാണ് ശാസ്താംകോട്ട തടകത്തിന്റെ കാര്യത്തിലുള്ളത്. ഭൂമിയുടെ വരദാനമായ ഈ തടാകം അധികൃതരുടെ തലതിരിഞ്ഞ തീരുമാനംമൂലം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നു. അല്ല നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പാരിസ്ഥിതികമായി നിരവധി പ്രത്യേകതകളുള്ള ശാസ്താംകോട്ട തടാകത്തിന് ഇനി 3.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 5.25 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും മാത്രമാണ് അവശേഷിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ പരിസ്ഥിതി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതം, ജൈവ വൈവിധ്യസംരക്ഷണം, പച്ചത്തുരുത്ത്, ജലസംരക്ഷണം തുടങ്ങി, നിരന്തരം വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന അവസരത്തില്‍ കായലിന്റെ വൃഷ്ടിപ്രദേശത്ത് അധികൃതര്‍തന്നെ രാത്രിയുടെ മറവില്‍ കുന്നിടിച്ചും മണ്ണ് കടത്തിയും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്.
സര്‍ക്കാര്‍വക വെറും ഭൂമി ടൗണില്‍തന്നെ ഏക്കര്‍ കണക്കിന് ഉണ്ടായിരിക്കെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നൊന്നായി കായല്‍ കരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണം. നിലവില്‍ റെവന്യൂ ടവര്‍, പോലീസ്, സര്‍ക്കിള്‍ ഓഫീസുകള്‍, കോടതി, കെഐപി ഓഫീസ്, പിഡബ്ലിയു റസ്റ്റ് ഹൗസ് അവസാനമായി എക്സൈസ് ഓഫിസും കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ തീരുമാനങ്ങളില്‍ നിന്നും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇപ്പോള്‍തന്നെ പോലീസ് പിടിച്ചിട്ടിരിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ (തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു) കായലിന്റെ കുന്നിന്ചെരുവില് ശേഖരിച്ചിട്ടിരിക്കുകയാണ്. മഴസമയത്ത് ഇവിടങ്ങളില്‍നിന്നും (വാഹനങ്ങളിലെ) രാസമാലിന്യങ്ങള്‍ കായലിലേക്ക് ഒഴുകുകയാണ്.
കായലിനോട് കുറേകൂടി അടുത്ത പ്രദേശത്താണ് നിര്‍ദിഷ്ട എക്സൈസ് ഓഫീസ് നിര്‍മ്മാണത്തിന് പദ്ധതി ഇട്ടിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ നമ്മള് സാധാരണ എക്സൈസ് ഓഫീസിന്റെ ചുറ്റുപാടും കാണുന്നത് പോലെ പിടിക്കപ്പെടുന്ന വാഹനങ്ങളും കോടയുള്‍പ്പെടെ സാധനങ്ങള്‍ ഇവിടെയും കുന്നുകൂടാനാണ് സാധ്യത. ഇത് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമെന്ന് പേരുകേട്ട കായലിന് കൂടുതല്‍ ദോഷം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. ഒരു ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടിവെള്ള സ്രോതസായ കായലിന്റെ ചുറ്റും നൂറ് മീറ്റര്‍ ചുറ്റളവില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തികളും പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അധികൃതര്‍തന്നെ അട്ടിമറിക്കുന്നത് വരും തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയാണ്.
ഇതുപോലെ ഒരു ജലസ്രോതസ് മനുഷ്യസൃഷ്ടിയായി നിര്‍മ്മിക്കുക എന്നത് അസാധ്യം. മുന്‍കാലങ്ങളില്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ വിവിധങ്ങളായ പദ്ധതികള്‍ക്ക് കോടികള്‍ അനുവദിച്ചു നടപ്പാക്കിയിട്ടുണ്ട് എങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വരകള്‍ മാത്രമായി അവശേഷിക്കുന്നു. റാംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കായലിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ സംരക്ഷണ പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും നടപ്പാക്കികൊണ്ടിരുക്കുന്നത്.
എന്നാല്‍ വകുപ്പുകളുടെ ഏകോപനമില്ലാത്തതും പൊതുസമൂഹത്തിന്റെ ഒത്തൊരുമ ഇല്ലാത്തതും കാരണം സംരക്ഷണ പദ്ധതികള്‍ ഒന്നുംതന്നെ ഫലം കാണുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. (ഇതിനെ സംബന്ധിച്ചുള്ള പല കേസുകളും കോടതി കയറിയിറങ്ങുകയാണ്.) പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ തടാകം വരുംതലമുറയ്ക്കായി സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. ആയതിനാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് സമൂഹവും ഭരണകൂടവും ഒറ്റക്കെട്ടായിനിന്ന് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: