‘ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന ‘തമിഴരസന്.’ വിജയ് ആന്റണി പോലീസ് ഇന്‍സ്പെക്ടര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പ്രതിനായക ഛായയുള്ള ഒരു ഡോക്ടര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് . അന്യ ഭാഷയില്‍ വളരെ ശ്രദ്ധാപൂര്‍വം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചുപുലര്‍ത്തുന്ന സുരേഷ് ഗോപി അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.
ഏറെ വൈകാരികതയാര്‍ന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. പ്രതിനായകനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക് ഒപ്പം നില്ക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകള്‍ക്കിടയില്‍ തമിഴരസനു വേണ്ടി ദിവസങ്ങള്‍ നീക്കിവെച്ച് പൂര്‍ണ സഹകരണം നല്കി. ചിത്രത്തിലെ മര്‍മ്മ പ്രധാന കഥാപാത്രമായതുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കാനാവില്ല.
വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസ്സുകാരന്റെ പിതാവായിട്ടാണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത്, സംവിധായകന് ബാബു യോഗേശ്വരന് പറഞ്ഞു.
രമ്യാ നമ്പീശനാണ് തമിഴരസനില്‍ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കര്‍ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായന്‍, അശ്വിന് രാജാ തുടങ്ങി വലിയൊരു താരനിരതന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് സംഗീത സംവിധാനം. ആര്. ഡി. രാജശേഖര്‍ ഛായാഗ്രഹണവും അനല്‍ അരസു സംഘട്ടന സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എസ്എന്‍എസ് മൂവീസിന്റെ ബാനറില്‍ കൗസല്യാ റാണി നിര്‍മ്മിച്ച ഫാമിലി ആക്ഷന്‍ എന്റര്‍ടെയ്നറായ ‘തമിഴരസന്’ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: