കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി സംരക്ഷിക്കാനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനും ചുമതലപ്പെട്ട ഭൂസംരക്ഷണ വിഭാഗം നിര്‍ജ്ജീവം. സ്പെഷ്യല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലാണ് ഇത് രൂപീകരിച്ചത്.
കൈയേറ്റ പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് ലാന്‍ഡ് സ്പെഷ്യല്‍ കമ്മീഷണറെയും നിയമിച്ചിരുന്നു. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബോര്‍ഡിന് എത്ര ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടെന്ന് പോലും ഭൂസംരക്ഷണ വിഭാഗത്തിന് സ്ഥിരീകരിക്കാനായിട്ടില്ല. 494 ഏക്കര്‍ സ്ഥലം മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, 75,00 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായാണ് വിവരം.
നിയമസഭാ രേഖകള്‍ പ്രകാരം ദേവസ്വങ്ങളുടെ വകയായി ആകെ 2281 ഏക്കര്‍ ഭൂമിയുണ്ട്. അന്യാധീനപ്പെട്ട ഭൂമിയുടെ ജില്ല തിരിച്ചുള്ള കണക്ക് ബോര്‍ഡിന്റെ പക്കലില്ല. അതേസമയം, 494 ഏക്കര്‍ ഭൂമി മാത്രമാണ് അന്യാധീനപ്പെട്ടതെന്ന ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വാദം അവിശ്വസനീയമെന്ന് ഭക്തജനസംഘടനകള്‍ പറയുന്നു.
വിവാദമായ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് നൂറേക്കര്‍ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വ്യക്തമാക്കിയിട്ടുള്ളതാണ്. പാഞ്ചാലിമേട്ടില്‍ വഞ്ചിപ്പുഴ മഠത്തിന്റേതായി ഉണ്ടായിരുന്ന 269 ഏക്കര്‍ സ്ഥലവും ബോര്‍ഡിന്റേതാണെന്ന് ഇപ്പോഴത്തെ പ്രസിഡന്റും പറയുന്നു. ബോര്‍ഡിന് കീഴിലുള്ള എരുമേലി ദേവസ്വത്തിന് 1842.08 ഏക്കര്‍ ഉണ്ടായിരുന്നതില്‍ പതിനാല് ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത്.
ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ ഭൂമാഫിയ ബന്ധമാണ് ഭൂമി തിരിച്ചു പിടിക്കാന്‍ പ്രധാന തടസം. ഭൂമി സംബന്ധിച്ച ചില ആധികാരിക രേഖകള്‍ അതാത് റവന്യൂരേഖകളില്നിന്ന് കാണാതായതും ഭൂമാഫിയ ബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സെറ്റില്‍മെന്റ് രജിസ്റ്ററിന്റെയും ലിത്തോപ്ലാനിന്റെയും പകര്‍പ്പുകളിലും തിരുത്തല്‍ നടത്തിയാണ് പല കേസുകളിലും ഭൂമാഫിയ വിധികള്‍ അനുകൂലമാക്കിയതെന്ന വിവരവും പുറത്തുവരുന്നു.
ഭൂസംരക്ഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്നത് ദേവസ്വം ബോര്‍ഡിന്റെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നത് ഏറെ ശ്രമകരമാകും. നിലവില്‍ എത്ര ഏക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനായെന്ന വിവരം ബോര്‍ഡ് അധികൃതര്‍ മറയ്ക്കുന്നു. പുതിയതായി നിയമിച്ച ദേവസ്വം ട്രൈബ്യൂണലില്‍ ആണ് പ്രതീക്ഷ. എന്നാല്‍, ആവശ്യമായ രേഖകളില്ലാതെ ഉടമസ്ഥാവകാശം സ്ഥാപിക്കുക ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. ഭൂമി കൈയേറിയവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്ക് സബ്കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുള്ളതായും ബോര്‍ഡ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: