ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നത് വെറുതെ പറയുന്നതല്ല. കാര്യവിവരമുള്ളവര്‍ പണ്ടേ ചൂണ്ടിക്കാട്ടിയതാണ്. ഇന്നത്തെ ന്യൂജന്‍രീതികളും നിലപാടുകളും അറിയാന്‍പാടില്ലാത്ത പാവങ്ങളായിരുന്നു അവര്‍. അതിനാല്‍ അതാരും അത്രയ്ക്കങ്ങട് കണക്കിലെടുത്തിരുന്നില്ല എന്ന് സാരം.
ഏതായാലും ലോകസഭയിയില്‍ എത്തിയ തങ്ങളുടെ പ്രതിനിധികള്‍ എന്തൊക്കെ പറയുന്നു, ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒടയതമ്പുരാന്‍ അറിയുന്നതുപോലെ മാലോകര്‍ക്കും അറിയാനായത് എത്ര നന്നായെന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നുണ്ടാവും. ‘താന്‍ ഓട് പൊളിച്ചല്ല സഭയിലെത്തിയതെ’ന്ന് കേരളാവിലെ ഒരു സുമുഖന്‍ എംപി പറഞ്ഞത് കോരിത്തരിപ്പോടെ കേട്ട പാര്‍ട്ടി അണികള്‍ക്കുമുമ്പില്‍ മറ്റൊരു ടിയാന്’ ഇത് പ്രൈമറി സ്കൂളല്ല’ എന്ന് ചൂണ്ടിക്കാട്ടിയത് വലിയ അഭിമാനമായാണ് പാരമ്പര്യപ്പാര്‍ട്ടി കാണുന്നത്. സ്പീക്കര്‍ എന്നാല്‍ അംഗങ്ങള്‍ പറയുന്നതൊക്കെ കേട്ട് ‘മിഴുങ്ങസ്യ’ നില്ക്കുന്ന പാവത്താനാവണമെന്നാണ് മനസ്സിലിരിപ്പ്. ഒച്ചവെച്ച് കാര്യം പന്തികേടാക്കാന്‍ പന്തിയില്‍ ഉപ്പ് വിളമ്പാന്‍പോലും ആളില്ലെന്ന കാര്യം വായിട്ടലയ്ക്കുന്ന തിരക്കില്‍ ടിയാന്മാര് മറന്നുംപോയി.
പേരില്‍തന്നെ സാംസ്കാരിക ധാരയുടെ മിന്നലാട്ടമുള്ള സ്പീക്കര്‍ ‘കളിയൊക്കെ പുരയിലോ പാര്‍ട്ടിയാപ്പീസിലോ വെച്ചിട്ട് പോരാന്‍’ സുഖസുന്ദര ഭാഷയില്‍ പറഞ്ഞു വെക്കുകയും ചെയ്തു. ആംഗലേയ ഭാഷാലാവണ്യത്തിന്റെ ആഗോളകുത്തക ഏറ്റെടുത്ത തിര്വന്തോരത്തെ അംഗത്തിനും കിട്ടി നല്ല പെരുക്ക്. കളി ഇങ്ങനെയൊക്കെ പോകെ ഒരുടിയാന്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ സ്റ്റൈലില്‍ കുത്തിയിരുന്നതാണ് സഭയിലെ ട്വിസ്റ്റ്. കാര്യം വിദേശ സ്യൂട്ടും കോട്ടും തയ്പിച്ച് പ്രൗഢഗംഭീര ചടങ്ങിന് ആളുകളെത്താന്‍ ക്വട്ടേഷന്കൊടുത്ത് മന്ത്രി പ്രവരന്മാരുടെ ലിസ്റ്റ് തയാറാക്കി ഇരുന്നതായിരുന്നല്ലോ.
ഒരു തമിഴരശന് ഭാവി പ്രധാനമന്ത്രിയായി ചൂണ്ടിക്കാട്ടി എതിരാളികളെ അരിഞ്ഞു വീഴ്ത്താന്‍ ജനമധ്യത്തില്‍വെച്ച് വാളുംനല്‍കി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് ഗിന്നസ് റെക്കാര്‍ഡ് നേടിയ ചേകവരും അതില്‍ പങ്കെടുത്ത് ആവേശം നല്‍കിയിരുന്നു. ചേകവര്‍ എവിടെ എന്തില്‍ പങ്കെടുത്താലും സ്വാഹാ ആവുമെന്ന് പാവത്താന്‍ അറിഞ്ഞിരുന്നില്ല. അവിടെനിന്ന് കിട്ടിയ വര്‍ധിതാവേശവുമായാണ് നാടുമുഴുവന്‍ നരേന്ദ്ര ഭായിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ വിഷലിപ്ത വാഗ്ധോരണിയുമായി നടന്നത്. പക്ഷേ, ഓര്‍ക്കാപ്പുറത്ത് അടി കിട്ടി. ശരിക്കു പറഞ്ഞാല്‍ റിലേ വിട്ടു പോയി. താനെവിടെയാണിരിക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ആരാണ് മുമ്പിലുള്ളതെന്നും മനസ്സിലാവാത്ത അവസ്ഥ. സിസ്റ്റം മൊത്തം ഫോര്‍മാറ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രശ്നമാണ് വരാന്‍ പോകുന്നത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കഴിഞ്ഞ ദിവസം സഭയില്‍ കണ്ടത്.
രണ്ടാം മോദി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി നടത്തുമ്പോള്‍ പാടവരമ്പില്‍ ചൂണ്ടയിട്ട് പരലിനെ പിടിക്കുന്ന ലാഘവത്തോടെയാണ് സ്വപ്നാടനക്കാരനായ നമ്മുടെ വയനാടിന്റെ പ്രതിനിധി ഇരുന്നത്. മൊബൈലില്‍ കളിയായിരുന്നു ഇഷ്ടന്റെ വിനോദം. പടമെടുപ്പ്, വാട്സാപ് പരതല്‍, കാക്ക നോട്ടം… ഇത്യാദി വിനോദങ്ങള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രിയ മമ്മി അത്യാവശ്യം മാന്യതയോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വയസ് 49 ആയിട്ടും ആണത്തം വരാത്ത ഒരുവന് കാട്ടിക്കൂട്ടുന്നത് ഇടയ്ക്ക് മമ്മിശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു സുപ്രധാന സംഭവവികാസം സഭയില്‍ നടന്നുകൊണ്ടിരിക്കവെ അതിലൊന്നും തരിമ്പും ശ്രദ്ധിക്കാതെ ബീച്ചിലിരിക്കുന്ന ലാഘവത്തോടെ പെരുമാറുന്ന ‘ഇവനെ എന്തു ചെയ്യാന്‍’ എന്നവര്‍ മനസ്സില്‍ കരഞ്ഞിരിക്കും.
ഈ ടിയാന്റെ സ്വഭാവഗതികള്‍ സൂക്ഷ്മമായി അറിഞ്ഞതുകൊണ്ടായിരിക്കാം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വല്ലാത്ത സമ്മര്‍ദ്ദം വേണ്ടെന്ന് മമ്മി മൗന നിര്‍ദ്ദേശം കൊടുത്തത്. കാര്യ പ്രാപ്തിയുള്ള ഒരു പ്രതിനിധി ഇല്ലാത്തതിന്റെ ദു:ഖം ഏറെ അനുഭവിച്ച അമേഠിക്കാര്‍ ഈ സത്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അവരുടെ അനുഭവത്തില്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അവിടെ തോറ്റ് വയനാട്ടില്‍ പൊങ്ങിയ വിദ്വാന്. സാധാരണക്കാര്‍ എത്ര അസാധാരണമായാണ് കാര്യങ്ങള്‍ കാണുന്നതെന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ എന്തിന്.
നാടൊട്ടുക്കും നരേന്ദ്ര മോദിയെന്ന സാധാരണ മനുഷ്യനെ നികൃഷ്ടമായി വേട്ടയാടിയ ഒരു ടിയാന് ലോകസഭയിലെ സുപ്രധാന പ്രസംഗവേളയില്‍ മൊബൈലില്‍ കളിക്കുകയായിരുന്നുവെന്ന് ചിന്തിക്കാനാവുമോ? ഇത് അറിഞ്ഞതുകൊണ്ടാവില്ലേ അമേഠിക്കാര്‍ കണ്ടം വഴി ഓടിച്ചത്. ജനകീയ വിധിയുടെ പക്വതയോടെ ജനങ്ങള്‍ക്കുമുമ്പില്‍ വിനമ്രതാപൂര്‍വം തല കുമ്പിട്ടു നില്ക്കുന്ന നരേന്ദ്ര മോദിയെവിടെ, പവിത്ര സ്ഥലം പകിട കളിക്കാനുള്ള ഇടമാക്കിയ സ്വപ്നലോകത്തെ ബാലഭാസ്കരനെവിടെ. പാരമ്പര്യത്തിന്റെയും പെരുമയുടെയും പേരില്‍ കുറച്ചു നാള് പിടിച്ചുനില്ക്കാന് കഴിയും. കുറച്ചു കാലത്തേക്ക് കുറച്ചുപേരെ പറ്റിക്കാനുമാവും. എന്നാല്‍ എല്ലാ കാലത്തും ഇമ്മാതിരി തട്ടിപ്പുകള്‍ ചെലവാകില്ലെന്ന് ബാലഭാസ്കരന്മാര് ഇനിയെങ്കിലും അറിഞ്ഞാല്‍ അവര്‍ക്കു നന്ന്. ഇത്തരക്കാരന്റെ കൈയിലെങ്ങാനും ഭരണചക്രം കിട്ടിയാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിന്. ഈശ്വരാ അങ്ങ് അദൃശ്യനാണെങ്കിലും എത്ര ദൃശ്യ മികവോടെയാണ് കാര്യങ്ങള്‍ കണ്മുമ്പില് കാട്ടിത്തരുന്നത്.
ഇന്റര്‍നെറ്റിനെപ്പറ്റി കേട്ടിട്ടില്ലാത്ത, അരവയര്‍ നിറയ്ക്കാന്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന, ഇന്‍ഷുറന്‍സ് പരിരക്ഷയോ, ബാങ്ക് ബാലന്‍സോ ഇല്ലാത്ത പ്രിയപ്പെട്ട അമേഠിയിലെ പൊന്നാങ്ങളമാരേ പെങ്ങന്മാരേ നിങ്ങളാണ് യഥാര്‍ഥ ജനാധിപത്യം കാണിച്ചു തന്നത്. അവകാശങ്ങളുടെയും ധാര്‍മികാധികാരങ്ങളുടെയും മേല്‍ നാല്പത്തിനാല് വര്‍ഷംമുമ്പ് കനല് വാരിയിട്ടപ്പോഴും നിങ്ങള്‍ ജനാധിപത്യത്തിന്റെ മാനുഷിക വഴി ചൂണ്ടിക്കാണിച്ചുതന്നു. ന്യൂജന്‍ ഗോസായിമാര്‍ക്ക് അത് മനസ്സിലാകാത്തതുകൊണ്ടാണല്ലോ ലോകസഭയില്‍ പകിട കളിക്കാന്‍ ഒരു ടിയാന് അവസരം കിട്ടിയത്. കാലം അവരെ പഠിപ്പിക്കുമെന്ന് ആശിക്കുക.
നാം പറഞ്ഞു വന്നത് ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നാണല്ലോ. മൊബൈല്‍ റിപ്പേറിങ്ങില്‍ കമ്പമുള്ളയാളെ ജനപ്രതിനിധിയാക്കാന്‍ ഇനിയാരും ഇറങ്ങിപ്പുറപ്പെടരുത്. പാര്‍ട്ടി ആസ്ഥാനത്തിനടുത്തോ നല്ല ബിസ്നസ് അന്തരീക്ഷമുള്ളിടത്തോ ഒരു കടയിട്ടു കൊടുത്താല്‍ പോരേ? കൂടെ ഇഷ്ടപ്പെട്ട എണ്ണപ്പലഹാരത്തിനായി ഒരു തട്ടുകടയും. ആര്‍ക്കും ഉപദ്രവമില്ലല്ലോ. വിവര സാങ്കേതികവിദ്യയാണെങ്കില്‍ റോക്കറ്റ് കണക്കെ വളരുകയുമാണ്. കേസ്കൂട്ടങ്ങള്‍ ഒരുപാടുള്ളതിനാല്‍ വക്കീല്‍ ഫീസ് ഒപ്പിക്കേണ്ടി വരും. നല്ലൊരു വരുമാനം ഒപ്പിക്കാന്‍ വന്‍സാധ്യതയുള്ളപ്പോള്‍ ഏടാകൂടത്തിന് ഒരുങ്ങേണ്ടിയിരുന്നോ? എല്ലാം നഷ്ടക്കച്ചവടമായി 10 ജന്‍പഥില്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ നരേന്ദ്ര ഭായിയേയും സംഘത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോയാ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: