റേച്ചല്‍ കാഴ്സന്റെ വിഖ്യാതമായ കൃതിയാണ് ‘നിന്റെ വസന്തം.’ ആ ഗ്രന്ഥത്തിന്റെ തുടക്കം അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ സംഭവിച്ച സാങ്കല്പിക ദുരന്തത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ്. പുഴുക്കള്‍ ക്കെതിരെ വ്യാപകമായി പ്രയോഗിച്ച ഡിഡിടി വിഷത്തിന്റെ മാരക മാത്രകള്‍ ഒരു ഗ്രാമത്തെ മുഴുവന്‍ കൊന്നൊടുക്കുന്ന കഥ. മനുഷ്യനും മൃഗവുമൊന്നും ശേഷിക്കാതെ പിടഞ്ഞുമരിക്കുന്ന ഗ്രാമത്തിന്റെ കഥ. വിഷ ശക്തിയില്‍ ഗ്രാമത്തിലെ കുരുവികള്‍ അപ്പാടേ പിടഞ്ഞുവീണ് മരിക്കുന്നതും അവര്‍ ചിത്രീകരിച്ചിരിക്കുന്നു. കുരുവിയും റോബിനും കാറ്റ് ബേര്‍ഡും റെന്‍ പക്ഷിയുമൊക്കെ തങ്ങളുടെതല്ലാത്ത കുറ്റത്തിന് പിടഞ്ഞുമരിച്ച കഥ ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കി. അപകടകാരികളായ രാസവിഷങ്ങള്ക്കെതിരെ ജനരോഷം ഉണര്‍ത്തുന്നതില്‍ ‘നിശ്ശബ്ദ വസന്തം’ വിജയിച്ചു.
പക്ഷേ വിഷം തീണ്ടാതെയും ലോകത്ത് കുരുവികള്‍ പിടഞ്ഞുമരിക്കുന്നുണ്ട്. ആയിരമോ പതിനായിരമോ അല്ല. ലക്ഷക്കണക്കിന് കുരുവികള്‍. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഒലിവ് തോട്ടങ്ങളിലാണ് കുരുവികള്‍ കുരുതി കൊടുക്കപ്പെടുന്നത്. പട്ടിണിയോ ഭക്ഷ്യവിഷമോ അല്ല പാവം പക്ഷികളെ കൊന്നൊടുക്കുന്നതെന്ന് അറിയുക; വിളവെടുപ്പിനെത്തുന്ന കരുണയില്ലാത്ത യന്ത്രങ്ങളാണ് കുരുവിപ്പക്ഷികളെ ഞെക്കിക്കൊല്ലുന്നത്.
മധ്യയൂറോപ്പിലെ വിദൂരനാടുകളില്‍ നിന്നും നല്ല കാലാവസ്ഥ തേടി ദേശാന്തരഗമനം നടത്തി മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെത്തുന്ന പക്ഷികളെയാണ് രാത്രിയുടെ അവസാന യാമങ്ങളിലെ തണുത്തു മരച്ച നിശ്ശബ്ദതയില്‍ ഈ യന്ത്രങ്ങള്‍ കശക്കി എറിഞ്ഞ് കൊല്ലുന്നത്. സ്പെയിനിന്റെ സ്വയംഭരണ ഭാഗമായ ‘ആന്‍ഡലൂഷ്യ’യില്‍ മാത്രം പ്രതിവര്‍ഷം 25 ലക്ഷം കുരുവികള്‍ ഇപ്രകാരം കൊല്ലപ്പെടുന്നതായി പക്ഷി ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. അത് ഈ നിരക്കില്‍ തുടര്‍ന്നാല്‍ ഈ ഭൂവിഭാഗത്തിലെ പക്ഷികളുടെ 50 ശതമാനത്തിലും താഴെയാവുമെന്നാണ് വിദഗ്ദ്ധരുടെ ആശങ്ക.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്താണ് മെഡിറ്ററേനിയന്‍ നാടുകളിലേക്ക് കുരുവികള്‍ എത്തുക. കുരുവികള്‍ക്കു പുറമെ റോബിന്, ഗ്രീന്‍ ഫ്ളിന്ച്, വാബ്ലര്‍, വാഗ്ടൈല്‍ തുടങ്ങിയ പക്ഷികളുമുണ്ടാവും ഈ യാത്രയില്‍. ഒലിവ് മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന അതി വിസ്തൃതമായ ഒലിവ് തോട്ടങ്ങളിലാണ് അവ കൂടുകെട്ടി രാപാര്‍ക്കുക. പക്ഷേ രാത്രിയുടെ അന്ത്യയാമങ്ങളിലെത്തുന്ന പ്രത്യേകതരം ട്രാക്ടര്‍ യന്ത്രങ്ങള്‍ ഒലിവുമരങ്ങളെ മൊത്തമായി ഉള്ളിലേക്ക് വലിച്ചുകയറ്റി ശക്തിയായി കുലുക്കും. മരത്തിലെ സകല കായ്കളും, ഒപ്പം അവയില്‍ രാപാര്‍ക്കുന്ന പാവം കുരുവികളും യന്ത്രത്തിനുള്ളിലെത്താന് വേണ്ടത് നിമിഷങ്ങള്‍ മാത്രം ഒരു ലോഡ് കായ്കളില്‍ ചുരുങ്ങിയത് ആറ് പക്ഷികളുടെ മൃതശരീരങ്ങളും കാണുമത്രെ. കറുപ്പു കലര്‍ന്ന ചാരനിറമുള്ള ഈ കൊച്ചുപക്ഷികള്ക്ക് ഒരിക്കലും യന്ത്രത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനാവില്ല. യന്ത്രത്തിന്റെ മുരള്‍ച്ചയ്ക്കും വെളിച്ചത്തിനും പെട്ടെന്നുള്ള ആക്രമണത്തിനും മുന്നില്‍ അവ കീഴടങ്ങുന്നു. പോര്‍ട്ടുഗലില്‍ മാത്രം ലക്ഷത്തിലേറെ കുരുവികളാണ് ഇപ്രകാരം വര്‍ഷംതോറും കൊല്ലപ്പെടുന്നത്.
നേരത്തെ കുടപോലെ വിടരുന്ന യന്ത്രങ്ങള്‍ തയ്യാറാക്കി മനുഷ്യപ്രയത്നം കൊണ്ടാണ് ഒലിവുകായ്കള്‍ പറിച്ചിരുന്നത്. ”ജോലി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുത്തന്‍ യന്ത്രങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. പ്രശ്നം വിളവെടുപ്പിന്റെ സമയമാണ്. നേരം വെളുക്കുന്നതിനു മുന്‍പ് നടക്കുന്ന വിളവെടുപ്പില്‍നിന്ന് കിളികള്‍ക്ക് രക്ഷപ്പെടാനാവില്ല. പോര്‍ട്ടുഗല്‍ ആസ്ഥാനമായുള്ള ജനിതക ശേഖര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ‘വനീസമാത’ നിരീക്ഷിക്കുന്നു. പക്ഷേ പുലരും മുന്‍പുള്ള തണുത്ത അന്തരീക്ഷത്തില്‍ വിളവെടുക്കുന്ന ഒലിവ് കായ്കളുടെ സുഗന്ധവും ഗുണമേന്മയും ഏറിയിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
രാത്രിയിലെ വിളവെടുപ്പ് നിരോധിക്കണമെന്ന ആവശ്യത്തിന് കരുത്തേറിവരികയാണ്. ‘ആന്‍ഡലൂഷ്യയില്‍’ ഉദ്യോഗസ്ഥതലത്തില്‍ തന്നെ ഇക്കാര്യം ഉയര്‍ന്നുകഴിഞ്ഞു. കാരണം ഓരോ നാടിന്റെയും ജൈവ മണ്ഡലത്തിന്റെ സൂചകമാണ് പക്ഷികളുടെയും, വിശിഷ്യ കുരുവികളുടെയും സമൃദ്ധി. അവയുടെ എണ്ണത്തില്‍ വരുന്ന കുറവ് പരിസ്ഥിതി ദുരന്തങ്ങളുടെ സൂചനയും. സസ്യങ്ങളിലെ കീടങ്ങളെ നശിപ്പിച്ചും പരജീവി വാഹകരെ തിന്നൊടുക്കിയും നമ്മെ സംരക്ഷിക്കുന്ന കുരുവികള്‍ക്ക് ആര് രക്ഷ നല്‍കും എന്നതാണ് ചോദ്യം. മരങ്ങളുടെ നാശവും തണ്ണീര്‍ത്തടങ്ങളുടെ ക്ഷയവും കൂടുകെട്ടി മുട്ടയിടുന്നതിനുള്ള സൗകര്യങ്ങളിലെ കുറവും കുരുവികളെ നമ്മുടെ നാട്ടില്‍ത്തന്നെ അന്യരാക്കിക്കഴിഞ്ഞു. കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയത. ഉദ്യാന നിര്‍മിതിയിലെ വൈകൃതങ്ങള്‍. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തതരംഗങ്ങള്‍. കറുത്തീയ മുക്തമായ പെട്രോളില്‍ ചേര്‍ക്കുന്ന മീതൈല്‍ ടെര്‍ഷ്യറി ബ്യൂടൈല്‍ ഈതര്‍ (എംടിബിഇ), സെന്‍ സീന്‍ തുടങ്ങിയ വിഷങ്ങള്‍. അമിതമായ കീടനാശിനി പ്രയോഗം തുടങ്ങിയവയെല്ലാം കുരുവി വര്‍ഗത്തെ കുരുതി കൊടുക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അന്തര്‍ദേശീയ പരിസ്ഥിതി സംഘടന (ഐയുസിഎന്‍) അപകട പട്ടികയില്‍ പെടുത്തിയതുകൊണ്ടോ മാര്‍ച്ച് 20 ന് ലോക കുരുവി ദിനം ആചരിച്ചതുകൊണ്ടോ മാത്രം ഈ പാവം പക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ല. അതിനുവേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബോധപൂര്‍വമായ ഇടപെടലാണ്. എങ്കില്‍ മാത്രമേ മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നടക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടിലും ആവര്‍ത്തിക്കാതിരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: