പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നാണ് തുടക്കമാവുന്നത്. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി, എന്‍ഡിഎ, വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സമ്മേളനം. കരുത്തുറ്റ ഒരു ഭരണപക്ഷം; അതേസമയം തകര്‍ന്ന, തളര്‍ന്ന ഒരു പ്രതിപക്ഷവും. അതാണിപ്പോള്‍ പാര്‍ലമെന്റില്‍ കാണാന്‍ പോകുന്നത്. ഈ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷം ഈ സമ്മേളനത്തില്‍ സര്‍ക്കാരുമായി സഹകരിക്കുമോ അതോ വേണ്ടാത്ത വിഷയങ്ങള്‍ ഉന്നയിച്ച് സ്തംഭിപ്പിക്കുന്ന പതിവ് തുടരുമോ?. അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാന്‍ കോണ്‍ഗ്രസും കൂട്ടാളികളും തയ്യാറായോ എന്നതാണ് രാജ്യം ഉറ്റുനോക്കുക. എന്നാല്‍ ഇത്രക്കൊക്കെ തോറ്റു തുന്നംപാടിയിട്ടും, യോഗ്യതയില്ലാത്ത, പ്രതിപക്ഷ നേതൃപദവി വേണമെന്ന അവകാശവാദം നടത്തിയാലോ?. ഈ സമ്മേളനത്തില്‍ ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് പ്രതിപക്ഷ നേതൃപദവിക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ അവകാശവാദമാവണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പലവിധത്തിലാണ് പ്രതിപക്ഷകക്ഷികള്‍ പ്രതികരിച്ചത് എന്നതോര്‍ക്കുക. വോട്ടിങ് യന്ത്രത്തെ കുറ്റം പറയാന്‍ കാത്തിരുന്നവര്‍ക്ക് അതിന് സാധിച്ചില്ലെന്നത് കാണാതെ പോയിക്കൂടാ. അത്രവലിയ ആഘാതമാണ് അവര്‍ക്കൊക്കെ ജനങ്ങള്‍ നല്‍കിയത്. ആഴ്ചകള്‍ കഴിഞ്ഞ് സ്വന്തം മണ്ഡലത്തിലെത്തിയ സോണിയ ഗാന്ധി ഈ തിരിച്ചടി സംബന്ധിച്ച് ചില ദു:സൂചനകള്‍ നല്‍കിയത് മറക്കുകയല്ല; അപ്പോഴും വോട്ടിങ് യന്ത്രമാണ് കാരണം എന്ന് പറയാനുള്ള കരുത്ത് അവര്‍ക്കുണ്ടായിട്ടില്ല. ദയനീയതോല്‍വി ഒരു യാഥാര്‍ഥ്യമാണ് എന്ന് രാഹുല്‍ഗാന്ധി തുറന്നുസമ്മതിക്കുകയും ചെയ്തു. മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞുകൊണ്ട് രാഹുല്‍ കോണ്‍ഗ്രസിലെ സര്‍വരെയും ഞെട്ടിച്ചതുമോര്ക്കുക. അതിന് എന്താണ് കാരണങ്ങള്‍ എന്നതറിയില്ല; അത് ഇനിയും വ്യക്തമാവാനുണ്ട്. പക്ഷെ രാഹുല്‍ ഉന്നയിച്ചത് പാര്‍ട്ടിയിലെ ചിലരുടെ മക്കള്‍ പ്രേമവും സീറ്റിനായി ബുദ്ധിമുട്ടിച്ചതും മറ്റുമാണ്. കുടുംബപാരമ്പര്യം മാത്രം യോഗ്യതയായുള്ള ഒരാള്‍തന്നെ വേണമല്ലോ ഇതൊക്കെ പറയാന്‍. അതിനൊക്കെ അപ്പുറം എന്തൊക്കെയോ ഉണ്ടെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. എന്തായാലും അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ട് ആഴ്ചകളായി. തിരികെ അത് ഏറ്റെടുക്കുമെന്ന് ആരും പറയുന്നില്ല, അദ്ദേഹവും. മാത്രമല്ല പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കി, പതിവുപോലെ, അദ്ദേഹം ഒരു വിദേശ ‘രഹസ്യ’യാത്രയിലുമാണ്. എന്തിനാണ് വിദേശയാത്ര ഇത്ര രഹസ്യമാക്കി വെക്കുന്നത്?. ലണ്ടനിലേക്ക് ആണ് പോയതെന്ന് പറയുന്നു ചിലര്‍; അല്ല തറവാട്ടിലേക്ക്, ഇറ്റലിയിലേക്ക്, ആണ് എത്തിയത് എന്നും സൂചനകള്‍ കാണുന്നു,
സൂചിപ്പിച്ചത്, ഇനിയും കോണ്‍ഗ്രസിന് ലോകസഭയില്‍ ഒരു നേതാവായിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടിനേതാവായി സോണിയയെ തെരഞ്ഞെടുത്തു; രാജ്യസഭയില്‍ ഗുലാം നബി ആസാദുണ്ട്. എന്നാല്‍ ലോകസഭയില്‍ ആരാവും നേതാവ്?. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്നിട്ടും നേതാവിനെ നിശ്ചയിക്കാന്‍ കഴിയാതെപോയതെന്ത്?. ആകെയുള്ളത് 52 എംപിമാരാണ്; കഴിഞ്ഞ തവണത്തേക്കാള്‍ വെറും എട്ടുപേര്‍ കൂടുതല്‍. അഞ്ചുവര്‍ഷം നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രാഹുല്‍ രാജ്യമെമ്പാടും, അല്ല ലോകമെമ്പാടും, പടനയിച്ചിട്ടുകിട്ടിയ നേട്ടം വെറും അഞ്ച് എംപിമാര്‍ എന്നതല്ലേ യാഥാര്‍ഥ്യം. അതുകൊണ്ട് അതൊരു നേട്ടമാണ് എന്നാരും കരുതുകയില്ല. കോണ്‍ഗ്രസുകാര്‍ പക്ഷെ അത് തുറന്നുപറയുന്നുണ്ടാവില്ല എന്നര്‍ത്ഥം. ഏത് ‘പോലീസുകാരന്’ ആ പാര്‍ട്ടിയെ നയിച്ചാലും ആ നേട്ടമൊക്കെ ഉണ്ടാവുമായിരുന്നില്ലേ?. അത്രയ്ക്കേ രാഹുലിന് രാഷ്ട്രീയപ്രാധാന്യമുള്ളൂ എന്നര്‍ത്ഥം.
എന്നാല്‍ ഏറെ രസകരമായി തോന്നിയത് കോണ്‍ഗ്രസിന്റെ ഒരു അവകാശവാദമാണ്. തങ്ങളുടെ ലോകസഭയിലെ കക്ഷിനേതാവിന് പ്രതിപക്ഷ നേതൃപദവി നല്‍കണം എന്നതാണത്. ഒരുപക്ഷെ പ്രധാനമന്ത്രിപദം ഏറെ മോഹിച്ചുകഴിഞ്ഞ രാഹുലിന് ഇതെങ്കിലും സമ്മാനിക്കണം എന്ന് ‘അമ്മ ആഗ്രഹിക്കുന്നുണ്ടാവണം. ഏതൊരു മാതാവിന്റെയും ആഗ്രഹമാവുമല്ലോ അതൊക്കെ. എന്നാല്‍ നടക്കാത്ത മോഹമാണിത് എന്നത് ആദ്യമേ പറയാതെ വയ്യ. നിയമം അംഗീകരിക്കാത്ത കാര്യമെങ്ങനെ കോണ്‍ഗ്രസ് അവകാശപ്പെടും? അതും പോട്ടെ, അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇത്തരമൊരു ഔദാര്യം ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടോ? സംശയം വേണ്ട, ഇല്ലതന്നെ.
ചരിത്രമൊന്ന് പരിശോധിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസുകാരുടെ തനിനിറം ആള്ക്കാര് മനസിലാക്കണമല്ലോ. ആദ്യലോകസഭയില്, 1952-957 വരെ, ഒരാളെയും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി അംഗീകരിച്ചില്ല. അത് ആദ്യലോകസഭയായിരുന്നു എന്ന് കരുതാം; എന്നാല്‍ പിന്നീടോ?. രണ്ടാം ലോകസഭയുടെ കാലത്തും (1957-1962 ), മൂന്നാം ലോകസഭയുടെ കാലത്തും (1962 -1967) നാലാം ലോകസഭയുടെ കാലത്തും (1967-1969) അതുതന്നെയായിരുന്നു അവസ്ഥ. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് സംഘടന (ഓള്‍ഡ്) കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ അതിന്റെ നേതാവായിരുന്ന റാം സുഭാഗ് സിങിനെ പ്രതിപക്ഷ നേതാവാക്കി. 1969 ഡിസംബര്‍ മുതല്‍ 1970 ഡിസംബര്‍ വരെ. തുടര്‍ന്ന് അഞ്ചാം ലോകസഭയിലും പ്രതിപക്ഷ നേതാവില്ലായിരുന്നു. ആറാം ലോകസഭ എന്നത് ജനതാപാര്‍ട്ടി സര്‍ക്കാരിന്റെ കാലമാണ്; അന്ന് പ്രതിപക്ഷ നേതാക്കളുണ്ടായി; ആദ്യം വൈ.ബി. ചവാനും പിന്നീട് സി.എം. സ്റ്റീഫനും. മൊറാര്‍ജി സര്‍ക്കാരിന്റെ പതനത്തിനുശേഷം ജഗജീവന്റാം ജനതാപാര്‍ട്ടി നേതാവെന്ന നിലയ്ക്കും കുറച്ചുനാള്‍ പ്രതിപക്ഷ നേതാവായി; അത് 1979 ജൂലൈ മുതല്‍ ആഗസ്റ്റ് വരെ. 7, 8 ലോകസഭകളിലും പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നില്ല. ഇതൊക്കെ ആര് ഭരണത്തിലുള്ള കാലമായിരുന്നു എന്നത് പറയേണ്ടതില്ലല്ലോ. ചുരുങ്ങിയ കാലത്തെ മൊറാര്ജിദേശായ് സര്‍ക്കാര്‍ ഒഴിച്ചാല്‍ ബാക്കിയൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലഘട്ടം. അതായത് യോഗ്യതയില്ലെന്ന പേരില്‍ എന്നും ഏറ്റവും വലിയ കക്ഷിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചവരാണ് അവര്‍.
എന്തായിരുന്നു അന്നത്തെ നിയമം?. ഒന്നാം ലോകസഭയില്‍ സ്പീക്കറായിരുന്ന ജിപി മാവ്ലങ്കര് ആണ് ഇക്കാര്യത്തില്‍ റൂളിംഗ് നല്‍കിയത്. ലോകസഭയില്‍ ‘കോറം’ എന്നത് 10% ശതമാനം അംഗങ്ങളാണ്; അത്രയും പേരുടെ പിന്തുണയില്ലാത്ത പാര്‍ട്ടികളെ പ്രതിപക്ഷ നേതൃപദവിക്കായി പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് റൂളിംഗ് ആയി; അതിന്മേല് പിടിച്ചാണ് കോണ്‍ഗ്രസ് കളിച്ചത്. എന്തായാലും അത് ഔദ്യോഗികമായിത്തന്നെ, 1998ല്‍ ‘പാര്‍ലമെന്റ് ഫസിലിറ്റിസ് നിയമ’ത്തില്‍ ഭേദഗതിയിലൂടെ ചേര്‍ക്കുകയാണ് ഉണ്ടായത്. ലോകസഭയിലെ മൊത്തം അംഗങ്ങളുടെ 10% ഇല്ലാത്ത കക്ഷിക്ക് പ്രതിപക്ഷ നേതൃപദവിക്ക് അര്‍ഹതയില്ല എന്നത് രാജ്യത്തെ നിയമമായി. പ്രതിപക്ഷ നേതൃപദവി മാത്രമല്ല അത്തരമുള്ള പാര്‍ട്ടികളുടെ കക്ഷിനേതാവ്, ഉപനേതാവ്, ചീഫ്വിപ്പ് എന്നിവര്‍ക്കും പ്രത്യേക സര്ക്കാര്സൗജന്യമൊന്നും ലഭ്യമാവുകയില്ല. ഇതാണ് നിയമം എന്നിരിക്കെ 55 എംപിമാര്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയുടെ നേതാവിന് പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാന്‍ കഴിയില്ല.
ഇനി ഇത്തരമൊരു വാദം ഉന്നയിച്ചാല്‍ അതില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. കഴിഞ്ഞ ലോകസഭയില്‍ ഇത്തരം ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയതോര്‍ക്കുക; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷനേതാവായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. എന്നാല്‍ സ്പീക്കര്‍ സുമിത്ര മഹാജന് അത് നിരാകരിച്ചു. പിന്നീട് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി, പിന്‍വാതിലിലൂടെ, കോണ്‍ഗ്രസ് സുപ്രീം കോടതിയിലുമെത്തി; അതും കോടതി തള്ളി. അതിനുശേഷം ഇനി തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃപദവി വേണ്ടെന്ന് കോണ്‍ഗ്രസ് പ്രസ്താവനയിറക്കിയതും ഓര്‍ക്കുക.
ഇപ്പോള്‍ വീണ്ടും ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നത് ഇതേ ആവശ്യമാണ്. ഒരുപക്ഷെ അത് അവരുടെ ഗതികേടാവാം. രാഹുല്‍ഗാന്ധിയെ സമാശ്വസിപ്പിക്കാനുള്ള ഒരു ഉദ്യമവുമാവാം. എന്നാല്‍ നിയമം അനുവദിക്കാത്ത, സ്പീക്കര്‍ നിരാകരിച്ച, സുപ്രീംകോടതി തള്ളിയ ഒരു പ്രശ്നം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിലും വലിയ അപമാനമേ അവര്‍ക്ക് സമ്മാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: