ചാരുംമൂട്(ആലപ്പുഴ): വള്ളികുന്നം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ വള്ളികുന്ന് തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ (32)യെ പോലീസുകാരന് അജാസ് പെട്രോളൊഴിച്ച് ചുട്ടുകൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലാണെന്ന് പോലീസ്. സൗമ്യയുടെ അമ്മ ഇന്ദിരയുടെയും, മൂത്തമകന് ഋഷികേശിന്റെയും വെളിപ്പെടുത്തലും ഇതിനെ സാധൂകരിക്കുന്നതാണ്. പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ അജാസു (33)മായി സൗമ്യ ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന്റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.
അടുത്തിടെയും അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍, വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ സൗമ്യ ഇത് നിരസിച്ചുവെന്നുമാണ് വിവരം. ഫോണ്‍കോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. സൗമ്യയ്ക്കൊപ്പം ക്യാമ്പില്‍ പരിശീലന കാലയളവില്‍ ഉണ്ടായിരുന്നവരുടെ അടക്കം മൊഴി എടുക്കും.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോരയ്ക്കാണ് അന്വേഷണ ചുമതല. സൗമ്യയുടെ ഭര്‍ത്താവ് സജീവന് ലിബിയയിലാണ് ജോലി ചെയ്യുന്നത്. ഋഷികേശ്, ആദികേശ്, ഋതിക എന്നിവരാണ് മക്കള്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാര തീയതി തീരുമാനിച്ചിട്ടില്ല.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ സ്കൂട്ടറില്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ സൗമ്യയെ കാറിടിച്ച് വീഴ്ത്തിയ ശേഷം അജാസ് കൊടുവാളിന് വെട്ടുകയായിരുന്നു. പിന്നീട് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സൗമ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിനിടെ അജാസിന് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: