ന്യൂദല്‍ഹി: ബിജെപിയുടെ അംഗത്വ പ്രചാരണത്തില്‍ കേരളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്. ബംഗാള്‍, തമിഴ്നാട്, അന്ധ്ര, പുതുച്ചേരി, തെലങ്കാന, സിക്കിം, കശ്മീര്‍ താഴ്വര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അംഗത്വ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ കണ്‍വീനര്‍ കൂടിയായ ചൗഹാന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടുമെന്ന് ബംഗാളിലെ തൃണമൂല്‍ അക്രമങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിലവില്‍ 11 കോടി അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇതില്‍ ഇരുപത് ശതമാനം വര്‍ധനവാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ബിജെപി സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്ഷിക ദിനമായ ജൂലൈ ആറിന് തുടങ്ങി ആഗസ്ത് 10ന് അവസാനിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനം. ആഗസ്ത് 16 മുതല്‍ 31 വരെ ആക്ടീവ് അംഗങ്ങളെ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കും. ഈ മാസം 17ന് അമിത് ഷായുടെ അധ്യക്ഷതയില്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെ യോഗം ചേരും. ഇന്നലെ സംസ്ഥാനങ്ങളിലെ സംഘടനാ സെക്രട്ടറിമാരുടെ യോഗം നടന്നു. കേരളത്തില്‍നിന്നും സംഘടനാ സെക്രട്ടറി എം. ഗണേശന്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ സംബന്ധിച്ചു.
ബിജെപിയുടെ മുന്നേറ്റത്തിന് അമിത് ഷായുടെ കഠിനാധ്വാനവും നരേന്ദ്ര മോദിയുടെ ജനപ്രീതിയുമാണ് കാരണമെന്ന് ചൗഹാന് ചൂണ്ടിക്കാട്ടി. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും വിജയത്തില്‍ പങ്കുണ്ട്. ഇത്തവണ വലിയ വിജയമാണ് പാര്‍ട്ടി നേടിയത്. എന്നാല്‍, ഏറ്റവും വലിയ വിജയം വരാനിരിക്കുന്നതേയുള്ളു, അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, എംപി സുരേഷ് പൂജാരി, രാജസ്ഥാന് മുന്‍ അധ്യക്ഷന്‍ അരുണ്‍ ചതുര്‍വേദി എന്നിവരെ മേല്‍നോട്ട സമിതിയുടെ സഹ കണ്‍വീനര്‍മാരായി കഴിഞ്ഞ ദിവസം ഭാരവാഹി യോഗം തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: