ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിധിനിര്‍ണ്ണയിച്ചത് ശബരിമല വിശ്വാസികളുടെ സംഘടിതവോട്ടുകള്‍ ആണെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമ്മതിച്ച് കഴിഞ്ഞു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യംനടന്ന തെരഞ്ഞെടുപ്പിലും ഏറ്റവും അവസാനം നടന്ന ഈ തെരഞ്ഞെടുപ്പിലും വിധി നിര്‍ണ്ണയിച്ചത് ശബരിമലയാണെന്നത് ശ്രദ്ധേയമാണ്.
1950ല്‍ തിരുക്കൊച്ചിയില്‍ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ശബരിമല തീവെപ്പ് നടക്കുന്നത്. 1957ല്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതുവരെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പൂഴ്ത്തിവെച്ച ശബരിമല തീവെപ്പ് കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപടി എടുക്കുമെന്ന വാഗ്ദാനം നല്‍കിയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിച്ചുകയറിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ വിശ്വാസികള്‍ക്ക് അനുകൂലമായതും കമ്മ്യൂണിസ്റ്റുകാര്‍ എതിരായതും ചരിത്രത്തിലെ വിരോധാഭാസം തന്നെ. 1950ല്‍ ശബരിമല തകര്‍ക്കപ്പെട്ടപ്പോള്‍ ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പറഞ്ഞത് അന്നത്തെ കോണ്‍ഗ്രസ് മന്ത്രിയും നേതാവുമായ സി.കേശവനാണ്. ആ നിലപാടിനെ തള്ളിപ്പറയാന്‍ ഇനിയും കോണ്‍ഗ്രസുകാര്‍ തയ്യാറായിട്ടില്ല. നിരീശ്വരവാദിയായ നെഹ്രുവിന്റെ പിന്‍ഗാമികള്‍ വിശ്വാസികളുടെ വോട്ടിനുവേണ്ടി അവരുടെ നെഹ്രുവിയന്‍ പൈതൃകത്തെ തമസ്ക്കരിക്കുകയാണ്.
ശബരിമല തീവെപ്പ് കേസ് (1950) അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. അതുകൊണ്ടാണ് സംഭവത്തിന് ശേഷം നാലുകോണ്‍ഗ്രസ് മന്ത്രിസഭകള്‍ മാറിമാറി ഭരിച്ചിട്ടും റിപ്പോര്‍ട്ട് വെളിച്ചംകാണാതെ പോയത്. ഒരുക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവാണ്, കമ്മ്യൂണിസ്റ്റുകാരല്ല എന്ന്, കോണ്‍ഗ്രസിന് വോട്ടുചെയ്തുവെന്ന് പറയുന്ന ഭക്തര്‍ അറിഞ്ഞുകാണുകയില്ല. 1983ല്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും സന്യാസിശ്രേഷ്ഠന്മാരെയും ഭക്തജനങ്ങളെയും തല്ലിച്ചതച്ചതും തുറുങ്കിലടച്ചതും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നുവെന്നതും ഭക്തര്‍ ഓര്‍ക്കുന്നില്ല.
ശരണം വിളിക്കുന്ന ഓരോ അയ്യപ്പഭക്തനും ശബരിമലയുടെ കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രവഴികളിലൂടെ നടന്നിട്ടുവേണം കെട്ടുമുറുക്കാന്‍. 1949ല്‍ മന്നത്ത് പത്മനാഭന് പ്രസിഡന്റും ആര്. ശങ്കര്‍ മെമ്പറും ആയിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍വന്നത്. അവര്‍ ദേവസ്വം ബോര്‍ഡിന് അഞ്ചിന കര്‍മ്മപരിപാടി പ്രഖ്യാപിച്ചു. ദേവസ്വം ഭരണം ശക്തിപ്പെടുത്തുകയും പുനസംഘടിപ്പിക്കുകയും ചെയ്യുക, ഹൈന്ദവസംസ്കാരത്തെയും ക്ഷേത്രകലകളെയും പോഷിപ്പിക്കുക, ജാതിരഹിത ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കുക, ഹരിജനോദ്ധാരണത്തിലൂടെ സാമൂഹികനീതി നടപ്പാക്കുക, വിദ്യാഭ്യാസരംഗത്തും സാമ്പത്തിക രംഗത്തും ഹിന്ദുക്കള്‍ക്കുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുക എന്നീ പരിപാടികള്‍ വിശദീകരിച്ച് മന്നവും ശങ്കറും സംസ്ഥാനമാകെ സഞ്ചരിച്ച് നിരവധി സമ്മേളനങ്ങളില്‍ പങ്കെടുത്ത് വന്‍ ജനസ്വാധീനം നേടിയത് കോണ്‍ഗ്രസ് നേതൃത്വത്തെ അലോരസപ്പെടുത്തി.
1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന സാഹചര്യത്തില്‍ പുതിയൊരു ദേവസ്വം നിയമനിര്‍മ്മാണം വേണ്ടിവരികയും ഈ അവസരം ഉപയോഗിച്ച് മന്നത്തിനെയും ശങ്കറിനെയും ദേവസ്വം ബോര്‍ഡില്‍നിന്ന് നീക്കുകയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുതിയ ദേവസ്വം ബില്‍ ഹിന്ദുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മന്നവും ശങ്കറും മറ്റ് 13 കോണ്‍ഗ്രസ് എംഎല്‍എമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധ നടപടികളെ എതിര്‍ത്തുകൊണ്ട് ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് 1950 ജൂണ്‍ 25ന് ഡമോക്രാറ്റിക് കോണ്‍ഗ്രസ് രൂപീകരിച്ചു. പ്രസിഡന്റായി ആര്. ശങ്കറും വൈസ് പ്രസിഡന്റായി കളത്തില്‍ വേലായുധന് നായരും തെരഞ്ഞെടുക്കപ്പെട്ടു.
ഇതേ സമയത്താണ് ശബരിമല തീവെപ്പ് സംഭവം നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ പ്രക്ഷോഭങ്ങളുമായി ഡമോക്രാറ്റിക് കോണ്‍ഗ്രസും മന്നവും ശങ്കറും നയിച്ചിരുന്ന ഹിന്ദുമഹാമണ്ഡലവും രംഗത്ത് വന്നു. 1951 ജനുവരി 14ന് മന്നവും ശങ്കറും തിരുവനന്തപുരം റസിഡന്‍സിയില്‍ ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജ്ജിയുമായി ചര്‍ച്ച നടത്തിയ വിവരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. അവര്‍ ജനസംഘത്തിലേക്ക് പോകുന്നുവെന്ന് ഭയന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവരെ പിന്തിരിപ്പിക്കാന് അടിയന്തരമായി ഇടപെട്ട് സംഘടനയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ശബരിമല തീവെപ്പ് കേസിന്റെ രണ്ടാമൂഴമായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ ആശീര്‍വാദത്തോടെ 1983ല്‍ നടന്ന നിലക്കല്‍ കയ്യേറ്റം. അന്ന് അയ്യപ്പഭക്തന്മാര്ക്ക് എതിരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഭക്തന്മാരുട രക്ഷകവേഷംകെട്ടി മുതലെടുക്കുന്നു. ആചാരസംരക്ഷണത്തിനായി ഭക്തജനങ്ങള്‍ പോരാടിയപ്പോള്‍ കാഴ്ചക്കാരായിനിന്ന കോണ്‍ഗ്രസ് ആചാരസംരക്ഷണത്തിന് നടപടിയെടുക്കുമെന്ന് ഇപ്പോള്‍ വാഗ്ദാനം നല്‍കുകയാണ്. കോണ്‍ഗ്രസിന്റെ ഈ അവസരവാദ രാഷ്ട്രീയത്തെ ഭക്തജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: