ആലപ്പുഴ: കടല്‍ക്ഷോഭം, മത്സ്യക്ഷാമം, വറുതി… കേരളത്തിന്റെ രക്ഷാസൈന്യം എന്ന് വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍.
കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കടല്‍ കര വിഴുങ്ങിത്തുടങ്ങി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരായി നിന്നു. നിരവധി വീടുകള്‍ തകര്‍ന്നു. തീരം കടല്‍ കവര്‍ന്നു. ഇതോടെ തീരവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഇറക്കിവിട്ട് എംഎല്‍എമാരും, മന്ത്രിമാരും ഒളിച്ചോടുന്നു.
കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴയിലും, ചേര്‍ത്തല ഒറ്റമശ്ശേരിയിലും, ചെല്ലാനത്തും മറ്റു പ്രദേശങ്ങളിലും ഇതു തന്നെയായിരുന്നു അവസ്ഥ. കടല്‍ഭിത്തി ഇനി കെട്ടേണ്ട, പുനരധിവാസം മതിയെന്ന സര്‍ക്കാര്‍ നയമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കിയത്. പുനരധിവാസവും തീരസുരക്ഷയും ഒരേ പോലെ പരാജയപ്പെട്ടു. പ്രതിവര്‍ഷം നൂറുകണക്കിന് വീടുകളും ഏക്കറുകണക്കിന് ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.
കരാറുകാരും, ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരുമാണ് അടിയന്തര കല്ലിടല്‍ കൊണ്ട് നേട്ടം ഉണ്ടാക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാസങ്ങളായി വരള്‍ച്ച തുടരുന്നു. കേരളത്തില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ രണ്ട് ലക്ഷത്തോളമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ പകുതിയിലേറെ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവര്‍. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മത്സ്യബന്ധനവും കാരണം കേരളതീരത്ത് മത്സ്യസമ്പത്തില്‍ ഗണ്യമായ ഇടിവുണ്ട്.
നാല് ലക്ഷം ടണ്‍ വരെ മത്തി ലഭിച്ചിരുന്ന കേരള തീരത്ത് കഴിഞ്ഞ വര്‍ഷം 77,000 ടണ്‍ മത്തി മാത്രമാണ് ലഭിച്ചത്. ലക്ഷങ്ങള്‍ മുടക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളും കടലിലിറക്കുന്നത്. എന്നാല്‍, വായ്പ തിരിച്ചടവിനുള്ള പണം പോലും കടലില്‍ നിന്ന് ലഭിക്കാതായതോടെ ആത്മഹത്യാ വക്കിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍. മഹാപ്രളയത്തില്‍ ചട്ടവും നിയമങ്ങളും പോലും ഒഴിവാക്കി അടിയന്തര നടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍, തീരവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിരവധി നടപടിക്രമങ്ങള്‍ പറഞ്ഞ് അലംഭാവം കാട്ടുന്നെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: