കാക്കിയിലെ പെണ്‍തിളക്കത്തിന് ശോഭയേറ്റിക്കൊണ്ട് 1972-ല്‍ ഇന്ത്യയില്‍ ഒരു ചരിത്രം പിറന്നു. അതാണ്, കിരണ്‍ ബേദിയെന്ന പേരില്‍ പ്രസിദ്ധയായ കിരണ്‍ ലാല്‍ പെഷവാരിയ. ഇന്ത്യയുടെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍. പഞ്ചാബുകാരായ പ്രകാശ് ലാല്‍ പെഷവാരിയും പ്രേം ലത പെഷവാരിയും ആയിരുന്നു മാതാപിതാക്കള്‍. അന്നുവരെ പുരുഷന്മാരുടെ തോളില്‍ മാത്രം പതിഞ്ഞിരുന്ന മുദ്രയാണ് ആ ഇരുപത്തിമൂന്നുകാരി തോളിലേറ്റിയത്. അമൃതസറില്‍ 1949 ജൂണ്‍ ഒന്പതിനു ജനിച്ച കിരണ്‍ ഇന്നു സപ്തതിയിലെത്തുന്നു. ധീരമായ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കിരണ്‍ ഇന്ത്യയിലെ പെണ്‍കരുത്തിന്റെ പ്രതീകമാണ്.
ചെറുപ്പം മുതലേ കണ്ടുവളര്‍ന്നത് കായികലോകമായിരുന്നു. നല്ലൊരു ടെന്നിസ് കളിക്കാരനായിരുന്ന അച്ഛന്റെ കായികാഭ്യാസ മികവുകള്‍ അടുത്തറിഞ്ഞ കിരണും അച്ഛന്റെ വഴിയില്‍ത്തന്നെ നീങ്ങി. ഒടുവില്‍ 1971ല്‍ 22-ാം വയസ്സില്‍ ഏഷ്യന്‍ വനിതാ ടെന്നിസ് ചാമ്പ്യന്‍ വരെയായി. ജീവിത പങ്കാളിയെ കണ്ടെത്തിയതും ടെന്നിസ് കോര്‍ട്ടില്‍ നിന്നുതന്നെ. മികച്ച ടെന്നിസ് താരമായിരുന്ന ബ്രിജ് ബേദിയെ വിവാഹം കഴിച്ചതോടെ കിരണ്‍ ബേദിയായി. സിവില്‍ സര്‍വീസിലേക്കുളള രണ്ടുവര്‍ഷത്തെ പരിശീലനവും ഏറെ പ്രത്യേകതയുളളതായിരുന്നു. പരിശീലന കാലത്തെക്കുറിച്ച് കിരണ്‍ ബേദി പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഒരു സംഘം ആണ്കുട്ടികള്ക്കിടയില് ഞാനൊരു പെണ്‍കുട്ടി മാത്രം. അതൊരു കടുത്ത പരീക്ഷണമായിരുന്നു. നൂറു പുരുഷന്മാരുമായി മത്സരിച്ച് ഒരു സ്ത്രീ മുന്‍നിരയിലെത്തുക. അതില്‍ ഞാന്‍ വിജയിച്ചു. സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ചരിത്രം കുറിച്ച് കിരണ്‍ 1975-ല്‍ മറ്റൊരു റെക്കോര്‍ഡിന് ഉടമയായി. ആ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡ് നയിക്കാന്‍ രാഷ്ട്രം തിരഞ്ഞെടുത്തത് കിരണ്‍ ബേദിയെയായിരുന്നു! രാജ്യാന്തര വനിതാ വര്‍ഷമായിരുന്ന 1975ന് ഇന്ത്യ തൊടുവിച്ച തിലകക്കുറികൂടിയായിരുന്നു കിരണിന്റെ നേതൃത്വം. പൊരിയുന്ന വെയിലത്ത് 13 കിലോമീറ്റര്‍ പരേഡ് ചെയ്യുമ്പോള്‍ കിരണ്‍ ഗര്‍ഭിണിയായിരുന്നു. 1979ല്‍ വിശിഷ്ട സേവനത്തിനും ധീരതയ്ക്കുമുളള പോലീസ് മെഡല്‍ കിരണിനു ലഭിച്ചതോടെ ആ ബഹുമതിക്ക് അര്‍ഹയായ ആദ്യ വനിതാ പോലീസ് ഓഫീസറുമായി.
1982ല്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഡപ്യൂട്ടി കമ്മീഷണറായിരിക്കെ, ഗതാഗത നിയമലംഘകരുടെ പേടിസ്വപ്നമായിരുന്നു. അന്നു ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് കാലത്ത് ഗതാഗത നിയന്ത്രണച്ചുമതല കിരണിനായിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ചു പൊക്കി മാറ്റുന്ന പരിഷ്ക്കാരത്തിന്റെ പേരില്‍ ക്രെയിന്‍ബേദി എന്ന പേരും കിട്ടി. ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ ഒരു കാര്‍ ഇങ്ങനെ നീക്കം ചെയ്യാനുള്ള തന്റേടം കാണിക്കുകയും ചെയ്തു. അതിനുശേഷം ജയിലുകളുടെ ഇന്‍സ്പെക്ടര്‍ ജനറലായി നിയമിക്കപ്പെട്ടു. കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമേറിയതും ഏഷ്യയിലെ ഏറ്റവും വലിയ ജയിലുമാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍. ഇവിടെ കിരണ്‍ബേദി അന്തേവാസികളുടെ ജീവിതസാഹ ചര്യങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി ഒരു പരിഷ്കരണ പരമ്പര തന്നെ ഏര്‍പ്പെടുത്തി. യോഗ, ധ്യാനം, സംഗീതം, കലകള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. ലഹരിമരുന്നു ബ്യൂറോയില്‍ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ ലഹരി പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. മയക്കുമരുന്നിന് അടിമകളായവരുടെയും പാവങ്ങളുടെയും പുരോഗതിക്കുവെണ്ടി ബേദി സ്ഥാപിച്ച രണ്ടു സംഘടനകളാണ് നവജ്യോതിയും (1988) ഇന്ത്യാ വിഷന്‍ ഫൗണ്ടേഷനും (1994). ഇക്കാലത്തുതന്നെ ഭിക്ഷാടകര്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനും അവസരമൊരുക്കി വാര്‍ത്തകളില്‍ ഇടം നേടി.
ജയിലിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ നടത്തിയ ഒട്ടേറെ സംഭാവനകളുടെ അംഗീകാരമായി 1994ല്‍ മാഗ്സെസെ പുരസ്കാരം അവരെത്തേടിയെത്തി. 1994ല്‍ നെഹ്റു ഫെലോഷിപ്പ് ലഭിച്ച കിരണ്‍ ബേദിക്ക് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പോരാടിയതിന് ഐക്യരാഷ്ട്രസഭയുടെ സെര്‍ജിസോയി ട്രോഫ് മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ സിവിലിയന്‍ പോലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് അവര്‍. ഏഷ്യയില്‍നിന്നുള്ള ഒരു പോലീസ് ഓഫീസര്‍ക്ക് ആദ്യമായാണ് ആ അവാര്‍ഡ് ലഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, നവഭാരത് ടൈംസ് എന്നീ പത്രങ്ങളില്‍ കിരണ്‍ ബേദി ദ്വൈവാര പംക്തി കൈകാര്യം ചെയ്തു. ഭൂതകാലങ്ങളില്‍ തങ്ങള്‍ ചെയ്ത തെറ്റുകള്‍ വിവിധ വ്യക്തികള്‍ അയവിറക്കുന്നതാണ് പംക്തിയുടെ ഉള്ളടക്കം. ഈ പാഠങ്ങളിലൂടെ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിരണ്‍ ഈ പംക്തി തുടങ്ങിയത്. യഥാര്‍ത്ഥ ജീവിതമുള്‍ക്കൊള്ളുന്ന 37 ജീവിതകഥകളടങ്ങിയ ലേഖനങ്ങള്‍ യൂബിഎസ് പബ്ലിഷേഴ്സാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. തിഹാര്‍ ജയിലില്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കിരണ്‍ ഒരു പുസ്തകം പുറത്തിറക്കി. സ്ത്രീകള്‍ പുരുഷന്മാരോടു സമത്വത്തിനായി മത്സരിക്കാതെ, സ്വന്തമായി സ്വത്വം നേടിയെടുക്കുകയാണ് വേണ്ടതെന്ന അഭിപ്രായക്കാരിയാണ്, എക്കാലത്തും കിരണ്‍. വിരമിച്ച ശേഷവും പൊതുസേവനത്തിന്റെ പാത ഉപേക്ഷിച്ചില്ല. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റത്തിലും കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയിലും സജീവമായി. പിന്നീടു ബിജെപിയില്‍ എത്തി. പോണ്ടിച്ചേരി ലഫ്. ഗവര്‍ണറുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: