ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. 12 കോടിയാണ് അംഗസംഖ്യ. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22 കോടിയിലധികം വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെ വിജയിപ്പിച്ചത് ബിജെപിയാണ്. ന്യൂനപക്ഷ മണ്ഡലങ്ങളില്‍പോലും വിജയിച്ചത് ബിജെപിയാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് 282 പേര്‍ക്കാണ്. കേവല ഭൂരിപക്ഷത്തിന് 272 മതി. 30 വര്‍ഷത്തിനുശേഷമാണ് ഒറ്റക്കക്ഷി ഭൂരിപക്ഷം കരസ്ഥമാക്കുന്നത്. ഇത്തവണ 303 അംഗങ്ങള്‍ ബിജെപിക്ക് മാത്രമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെ ലക്ഷ്യം 333. ജയവും തോല്‍വിയും ജനാധിപത്യത്തില്‍ സര്‍വസാധാരണമാണ്.
1984ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വി ആരെയും അത്ഭുതപ്പെടുത്തുന്നതും നിരാശയുണ്ടാക്കുന്നതുമായിരുന്നു. അടല്‍ ബിഹാരി വാജ്പേയിപോലും തോറ്റു. കിട്ടിയത് രണ്ടേരണ്ട് സീറ്റ്. ഒന്ന് ഗുജറാത്തില്‍നിന്ന്. മറ്റൊന്ന് ആന്ധ്രയിലും. ദയനീയമായ ആ തകര്‍ച്ചയെത്തുടര്‍ന്ന് ആരും രാഷ്ട്രീയം മതിയാക്കിയില്ല. ഒരിടത്തും കൂട്ടരാജിയും സംഭവിച്ചില്ല.
പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചു. വീഴ്ചകള്‍ മനസ്സിലാക്കി. കരുതലോടെ ഭാവിരാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ കാര്യമായി പണിയെടുത്തു. അഭിപ്രായഭിന്നതയില്ലാതെ അച്ചടക്കത്തോടെ. അഞ്ച് വര്‍ഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലംകണ്ടു. പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. വച്ചടിവച്ചടി കയറ്റമാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നാംകക്ഷിയായി. മൂന്ന് തവണ പ്രധാനമന്ത്രിയായി അടല്‍ജി സത്യപ്രതിജ്ഞ ചെയ്തു. 2004ല്‍ ഒന്നാംകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുനിഞ്ഞില്ല. ഭൂരിപക്ഷം ലഭിക്കാതെ അധികാരമേറ്റാല്‍ പാലംവലിച്ച് ഇടയ്ക്ക് ഇറങ്ങേണ്ടിവരുമെന്ന പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുനീങ്ങി.
2004ല്‍ അവിശുദ്ധ, അവിഹിത മുന്നണിയാണ് ഭരണമേറ്റത്. 10 വര്‍ഷം യുപിഎ എന്ന അശ്ലീലമുന്നണി ഭരണം രാജ്യത്തിനുണ്ടാക്കിയ മാനക്കേട് മായ്ക്കാന്‍ കഴിയാത്തതാണ്. പൊതുമുതല്‍ കൊള്ളയടിച്ച് പോക്കറ്റിലാക്കാന്‍ മാത്രമാണ് ആ ഭരണക്കാര്‍ ശ്രദ്ധിച്ചത്. ഏഴരലക്ഷം കോടിയുടെ തീവെട്ടിക്കൊള്ളയാണ് അന്ന് നടന്നത്. ഭരണത്തിലുണ്ടായിരുന്ന എല്ലാ കുംഭകോണക്കാരുടെയും മുഖം ജനങ്ങള്‍ക്ക് നന്നായി മനസ്സിലായി.
2014ലെ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ബിജെപി നരേന്ദ്രമോദിയെയാണ് മുന്നില്‍ നിര്‍ത്തിയത്. അദ്ദേഹം കഠിനാധ്വാനം ചെയ്തു. രാജ്യമാകെ സഞ്ചരിച്ച് അഴിമതിയുടെ തായ്വേര് അറുക്കുമെന്ന് ഉറപ്പുനല്‍കി. ജനങ്ങളത് വിശ്വസിച്ചു. ബിജെപിയെ ജനം അംഗീകരിച്ചു. അധികാരം ഏറ്റയുടന്‍ മോദി ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി തെളിച്ചുപറഞ്ഞു. ഒരു രൂപപോലും പൊതുഖജനാവില്‍നിന്നും പാഴാക്കില്ല. ഒരാളെയും കക്കാനും അനുവദിക്കില്ല. വാക്ക് അക്ഷരംപ്രതി പാലിച്ചു. ഒരു അഴിമതിക്കേസുപോലും അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായില്ല. ഭരണമാകട്ടെ പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും ഏറെ പ്രയോജനപ്പെട്ടതും.
മെയ് 23 വരെ മാത്രമെ മോദി പ്രധാനമന്ത്രിക്കസേരയില്‍ ഉണ്ടാകൂ, അതിനുശേഷം പുതിയ പ്രധാനമന്ത്രിയുണ്ടാകും എന്ന് 23 പാര്‍ട്ടികള്‍ പാടിനടന്നു. ആ പാണന്മാരുടെ പാട്ടില്‍ സത്യമുണ്ടായിരുന്നില്ല. വിശ്വസിക്കാന്‍ കൊള്ളുന്നതുമായിരുന്നില്ല. ആ പാട്ടുകളെല്ലാം മാലോകര്‍ കുട്ടയില്‍ തള്ളി. നരേന്ദ്രമോദിയും പാര്‍ട്ടിയും സഖ്യകക്ഷികളും നല്ല ഭൂരിപക്ഷത്തിന് തിരിച്ചെത്തി എന്നത് ആവര്‍ത്തിക്കുന്നില്ല.
പ്രധാനമന്ത്രിയാകാന്‍ സാരിയും ബ്ലൗസും കുര്‍ത്തയും ജുബ്ബയും പുതിയ ഓവര്‍കോട്ടുമെല്ലാം തുന്നി തുനിഞ്ഞിറങ്ങിയവര്‍ ഒരുപാടായിരുന്നല്ലൊ. അതില്‍ പ്രമാണി രാഹുല്‍തന്നെ. ‘അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കും അതിലും നല്ലൊരു മാമാങ്കം’ എന്ന് പറഞ്ഞാണ് സഹോദരി പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്. ഉത്തര്‍പ്രദേശായിരുന്നു അവരുടെ ലക്ഷ്യസ്ഥാനം. അമേഠിയില്‍ സഹോദരനെ ജയിപ്പിക്കാന്‍ ഗംഗയിലെ വെള്ളം കുടിച്ചു. കാശിയില്‍ ദര്‍ശനവും പൂജയും ബോട്ട് യാത്രയും നടത്തി. ഒരു തവണ ആവേശത്തില്‍ പാമ്പാട്ടിപോലുമായി. സഹോദരിയെ മുന്നില്‍നിര്‍ത്തി വോട്ട് പിടിച്ചിട്ടും ജനങ്ങള്‍ ആട്ടാണ് കൊടുത്തത്. ദയനീയമായി തോറ്റു.
തോല്‍വിയില്‍ മനംനൊന്ത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നിട്ട് ആഴ്ചകളായി. രാജി സ്വീകരിക്കാന്‍ ആരും ഒരുക്കമല്ല. രാഹുലിന്റെ രാജി സ്വീകരിച്ചാലും ഇല്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ രാജി തുടരുകയാണ്. തെലങ്കാനയിലെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തെലുങ്കാന രാഷ്ട്രീയ സമിതിയില്‍ ചേരാന്‍ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്കാണ് വരുന്നത്.
കര്‍ണാടക കുറെ എംഎല്‍എമാര്‍ ഒരു കാല് പൊക്കിയാണ് നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ചാടാനൊരുങ്ങി. രാജസ്ഥാനില്‍ കലഹം മൂത്തു. പിസിസി പ്രസിഡന്റുമാര്‍ ഓരോന്നായി സ്ഥാനം വിടുന്നു. ഒരു തോല്‍വി സംഭവിച്ചപ്പോഴുള്ള അവസ്ഥയാണിത്. നേരത്തെ ബിജെപി തോറ്റപ്പോളാണ് രാജി നാടകങ്ങള്‍ ഇല്ലാത്തത്. ആദര്‍ശത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് അത്. കോണ്‍ഗ്രസിന് ഇപ്പോള്‍ ആദര്‍ശമല്ല ആമാശയമേയുള്ളു. അഖിലേന്ത്യാ പ്രസിഡന്റാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. അതാകട്ടെ കഷ്ടകാലത്തിന് മൊട്ടയടിച്ചതിന് തുല്യമായി കല്ലുമഴയാണ് മൊട്ടയ്ക്കുമുകളില്‍ പെയ്തിറങ്ങുന്നത്. കഷ്ടം എന്നല്ലാതെ എന്തുപറയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: