കാരണത്വാധികരണം തുടരുന്നു.
സൂത്രം സമാകര്ഷാത്
മുമ്പും പിമ്പും പറഞ്ഞ വാക്കുകളെ ആകര്‍ഷിച്ച് അസത് എന്നതിന് അര്‍ത്ഥത്തെ പറയണം. ആദ്യം പറഞ്ഞതും പിന്നീട് പറഞ്ഞതുമായ വാക്യങ്ങളെ പൂര്‍ണ്ണമായും ആകര്‍ഷിച്ച് കൂട്ടിയോജിപ്പിക്കണം, അപ്പോള്‍ ജഗത്തിന്റെ കാരണം പരബ്രഹ്മസ്വരൂപനായ പരമാത്മാവ് തന്നെയെന്ന് ബോദ്ധ്യപ്പെടും.
തൈത്തിരിയോപനിഷത്തില്‍ ‘അസദ് വാ ഇദമഗ്ര ആസീത് തതോ വൈ സദ് ജായതേ’ എന്നതില്‍ ആദ്യം ഇത് അസത്തായിരുന്നു എന്നും അതില്‍ നിന്നാണ് സത്ത് ഉണ്ടായതെന്നും പറയുന്നു.
ഇവിടത്തെ അസത് ശബ്ദത്തെ വേണ്ടപോലെ മനസ്സിലാക്കേണ്ടതുണ്ട്.
അസത് എന്നതിന് ശൂന്യമെന്ന് അര്‍ത്ഥമില്ല. അഭാവത്തിന്റേയോ മിഥ്യാത്വത്തിന്റെയോ വാക്കല്ല അത്.
തൈത്തിരീയത്തിലെ ഒന്നാം അനുവാകത്തില്‍ ബ്രഹ്മത്തെ സത്യജ്ഞാന അനന്ത ലക്ഷണങ്ങളോടുകൂടിയതായും പിന്നീട് അതില്‍ നിന്ന് ആകാശം മുതലായ ഭൂതങ്ങളുണ്ടായതും പറയുന്നുണ്ട്. പിന്നീട് ആറാമത്തെ അനുവാകത്തില്‍ ‘സോകാമയത ‘ എന്നതില്‍ സ: എന്ന തച്ഛബ്ദ ശബ്ദം കൊണ്ട് മുമ്പ് പറഞ്ഞ ബ്രഹ്മത്തിനെ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് ആ അനുവാകത്തിന്റെ അവസാനം ഇവിടെ എന്തൊക്കെയുണ്ടോ അവയെല്ലാം സത്യമാണ് എന്നും അവ ബ്രഹ്മമാണെന്നും കീര്‍ത്തിക്കുന്നു.
ഇതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ശ്ലോകത്തിനെ പറയാമെന്ന് ഉറപ്പ് പറഞ്ഞാണ് ഏഴാം അനുവാകത്തില്‍ വീണ്ടും ‘അസദ് വാ ഇദമഗ്ര ആസീത് ‘ എന്നിങ്ങന്നെ കിര്ത്തിച്ചത്.
ഇങ്ങനെ മുമ്പും പിമ്പും പറഞ്ഞത് പരിശോധിച്ച് നോക്കുമ്പോള്‍ ഇവിടെ അസത് ശബ്ദം അഭാവത്തിന്റെയോ മിഥ്യാത്വത്തിന്റെയോ വാചകമല്ല എന്ന് മനസ്സിലാകും.
അതിനാല്‍ ഇവിടെ അസത് ശബ്ദത്തിന് പ്രകടമാകാത്ത ബ്രഹ്മമെന്നും സത് ശബ്ദത്തിന് പ്രകടമായ ബ്രഹ്മമെന്നും മനസ്സിലാക്കണം.
ഛാന്ദോഗ്യോപനിഷത്തില്‍ ഇത്തരത്തില്‍ വിവരണമുണ്ട്.’ആദിതേ്യാ ബ്രഹ്മേത്യാദേശ: തസ്യോപവ്യാഖ്യാനമസ ദേവദമഗ്ര ആസീത്’
ആദിത്യന് ബ്രഹ്മമാണ്, ഇത് ഉപദേശമാണ്, അതിന്റെ വിസ്താരമാണ് ഇത്. ആദ്യത്തില്‍ ഇത് അസത്തായിരുന്നു എന്ന് പറയുന്നു. ഇവിടെയും അസത് ശബ്ദം പ്രകടമാകാത്ത ബ്രഹ്മത്തെ കുറിക്കുന്ന വാചകമാണ്. മാത്രമല്ല ഇതിന് മുന്‍പുള്ള മന്ത്രത്തില്‍ തത് സദാസീത് എന്ന് പറഞ്ഞ് അതിലെ സത് ശബ്ദത്തെ അവലംബിച്ചാണ് ആരംഭിച്ചിരിക്കുന്നത്.അങ്ങനെ വരുമ്പോള്‍ അസത് ശബ്ദത്തിന് പ്രകടമാകാത്ത ബ്രഹ്മമെന്ന് തന്നെയാകും അര്‍ത്ഥം.
ബൃഹദാരണ്യകത്തില്‍ അസത് ശബ്ദത്തിന്റെ സ്ഥാനത്ത് പ്രകടമാകത്തത് എന്ന അര്‍ത്ഥത്തില്‍ അവ്യാകൃത ശബ്ദത്തെ ഉപയോഗിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പല ശ്രുതിയിലുമുള്ള പൂര്‍വ്വാപര (മുന്‍, പിന്) ശബ്ദങ്ങളെ വേണ്ട പോലെ കണക്കിലെടുത്താല്‍ അവയിലെ ഭിന്ന ശബ്ദങ്ങളില്‍ കൂടി ജഗത്തിന്റെ കാരണമായി പറഞ്ഞത് ഒരേ തത്വത്തെയാണെന്ന് കാണാം. അത് പരമാത്മാവിനെ തന്നെയെന്ന് ബോധ്യമാവുകയും ചെയ്യും.
തൈത്തിരീയത്തില്‍ ‘അസന്നേവ സ ഭവതി അസദ് ബ്രഹ്മേതി വേദ ചേത് അസ്തി ബ്രഹ്മേതിചേദ് വേദ. സന്തമേനം തതോ വിദു:’
ബ്രഹ്മം ഇല്ലെന്ന് വിചാരിക്കുകയാണെങ്കില്‍ അയാള്‍ ഇല്ലാത്തവനെന്നും ബ്രഹ്മം ഉണ്ടെന്ന് കരുതിയാല്‍ അയാള്‍ സദ്രൂപനെന്നും അറിയുന്നു. അതിനാല്‍ അസത് എന്നതിന് പ്രകടമാത്തതായ അവ്യാകൃത നാമരൂപമെന്നും സത് എന്നതിന് പ്രകടമായ വ്യാകൃത നാമരൂപമെന്നും അര്‍ത്ഥം ധരിക്കണം. മുന്നും പിന്നും പറഞ്ഞ മന്ത്രങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: