കോട്ടയം: എതിര്‍പ്പുകളും അന്വേഷണങ്ങളും അറസ്റ്റുകളും ശക്തമായിട്ടും കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസിലേക്കുള്ള ഭീകരരുടെ റിക്രൂട്ട്മെന്റ് തുടരുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിന് കേരളത്തിലെ ചില മതപുരോഹിതരുടെ അടക്കം പിന്തുണയുണ്ടെന്നും ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പുരോഹിതര്‍ ഇപ്പോള്‍ ഐബി നിരീക്ഷണത്തിലാണ്. വിദേശത്തേക്ക് കടക്കുന്നതിന് പകരം, കശ്മീരിനെ ഇന്ത്യയില്‍നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്താണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ്.
കാസര്‍കോട്ടു നിന്ന് ഐഎസ് ഭീകരകേന്ദ്രത്തിലെത്തിയ അബ്ദുള്ള റാഷിദും, ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും ചാവേറുമായിരുന്ന സഹ്റാന്‍ ഹാഷിമുമാണ് ഇന്ത്യയില്‍ ജിഹാദ് നടത്താനും, കശ്മീര്‍ ഇതിനായി തെരഞ്ഞെടുക്കാനും ആഹ്വാനം നല്‍കിയിരുന്നത്. ഇരുവരും ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിരന്തരം അയച്ചിരുന്ന ടെലഗ്രാം സന്ദേശം ഐബിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ റാഷിദ് അഫ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാഷിം ചാവേറായി പൊട്ടിത്തെറിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്മെന്റിന് സഹായം നല്‍കുന്നത് ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളാണ്. എന്‍ഐഎയും, ഐബിയും കേരളത്തില്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെ ഇന്ത്യക്ക് പുറത്തേക്കുള്ള റിക്രൂട്ട്മെന്റ് സ്ലീപ്പര്‍ സെല്ലുകള്‍ അവസാനിപ്പിച്ചു. സ്ലീപ്പര്‍ സെല്ലിലുള്ള പലരും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാവുകയും ചെയ്തു. കേരളത്തില്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം.
ശ്രീലങ്കന്‍ സ്ഫോടനത്തിനുശേഷം ദക്ഷിണേന്ത്യയിലെ 32 ഇസ്ലാമിക മതപുരോഹിതന്മാര് കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെ എന്‍ഐഎ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം ചെറുഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. കശ്മീരില്‍നിന്ന് കേരളത്തിലെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഐബി പരിശോധ നടത്തിയിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും, തമിഴ്നാട്ടില്‍ കോയമ്പത്തൂരും, കര്‍ണാടകയില്‍ മംഗലാപുരവും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, ചെന്നൈ എന്‍ഐഎ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഐബിയും, സൈനിക ഇന്റലിജന്‍സും സ്ഥതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: