നിപ വൈറസിന്റെ രണ്ടാം വരവ് പേടിപ്പെടുത്തുന്നതാണെങ്കിലും സധൈര്യം അതിനെ നേരിടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആത്മവിശ്വാസത്തെ നമുക്ക് വിശ്വസിക്കാം. തങ്ങള്‍ സര്‍വ സജ്ജരാണ് എന്ന സര്‍ക്കാര്‍ പ്രഖ്യാപനം തന്നെ പൊതുസമൂഹത്തിന് നല്കുന്ന ആത്മവിശ്വാസവും സമാധാനവും ചെറുതല്ല. വിദഗ്ധ പരിശോധനയില്‍ കൊച്ചിയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അങ്ങേയറ്റം കരുതല്‍ ആവശ്യമായിവരുന്നു. മുന്നൂറിലേറെ പേര് നിരീക്ഷണത്തിലുമാണ്.
ദുരന്തങ്ങള്ക്കുനേരേ ഭീതിയല്ല നടപടികളാണല്ലോ വേണ്ടത്. കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട ഈ മാരക രോഗത്തെ നിയന്ത്രിക്കാന്‍ നാം കാണിച്ച ജാഗ്രതയും കൃത്യമായ ആസൂത്രണവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രോഗത്തിന്റെ പൊടുന്നനെയുള്ള ആക്രമണത്തില്‍ പകച്ചുപോയ അന്നത്തെ സാഹചര്യമല്ല ഇന്ന്. മുന്‍കൂട്ടി ഒരുങ്ങാനും പഴുതടച്ച പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനുമുള്ള അനുഭവപാഠം നമുക്ക് ലഭിച്ചതാണല്ലോ. ശ്രദ്ധാപൂര്‍വമുള്ള മുന്‍കരുതലുകള്‍ വഴി നിയന്ത്രിക്കാവുന്ന രോഗമാണ് നിപ. അതിന് വേണ്ടത് തികഞ്ഞ ജാഗ്രതയാണ്. ഭീതിയല്ല മറുമരുന്ന്.
സര്‍ക്കാരും ആരോഗ്യ വകുപ്പും എത്ര ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താലും പൊതുജനങ്ങളുടെ ഉത്തരവാദിത്വം കുറയുന്നില്ല. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി, ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ആവശ്യസമയത്ത് ചികിത്സ നേടുന്നു എന്ന് ഉറപ്പാക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്.
അസത്യവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ഭീതിപടര്ത്തുന്നതില്നിന്ന് വിട്ടുനില്‍ക്കുകയും വേണം. എന്തും വാര്‍ത്തയാകുന്ന കാലത്ത് എന്തും പ്രചരിപ്പിക്കാനുള്ള സൗകര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അവിടെ വിവേകമാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. വിശ്വാസയോഗ്യമെന്ന് ഉറപ്പുള്ള വിവരങ്ങള്‍ മാത്രം കൈമാറുകയും സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിക്കുകയും ചെയ്യണം. വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പുമായി മാത്രം ബന്ധപ്പെടുകയും ഊഹാപോഹങ്ങളില്‍ കുടുങ്ങാതിരിക്കുകയും ചെയ്യണം. നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തി മാത്രം കൈമാറുക.
രോഗത്തിന് പൂര്‍ണ ഫലപ്രദമായ മരുന്നുകള്‍ ഇനിയും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ചികിത്സയേക്കാള്‍ പ്രാധാന്യം പ്രതിരോധത്തിനാണ്. രോഗത്തെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്ക്കാവണം മുന്‍ഗണന. ഒരാളുടെ അശ്രദ്ധ പലരെയും ബാധിച്ചെന്ന് വരാം. സാമീപ്യംകൊണ്ടുപോലും പകരുന്ന ജന്തുജന്യമായ വൈറസ് ബാധയായതിനാല്‍ പൊതുവെ വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്ന കേരളീയര്‍ ഏറെ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. ജന്തുക്കളുമായുള്ള ഇടപഴകല്‍ സുരക്ഷിതമല്ല. പഴങ്ങളുടെ കാലമാണല്ലോ ഇത്. വവ്വാലുകള്‍ ഈ വൈറസിന്റെ പ്രധാന വാഹകരുമാണ്. പക്ഷികളടക്കം ജന്തുക്കള്‍ തിന്നതിന്റെ ബാക്കിയായ പഴങ്ങള്‍ കഴിക്കാതിരിക്കുകയും വേണം. ഇക്കാര്യത്തില്‍ കുട്ടികളുടെമേല്‍ നല്ല ശ്രദ്ധ വേണ്ടിവരും.
കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷമാണു നാട്ടില്‍ നിലനില്‍ക്കുന്നത് എന്ന സത്യം അവശേഷിക്കുമ്പോഴും അതിനപ്പുറം കടന്ന് സമചിത്തതയോടെയും ഒത്തൊരുമയോടെയും ചിന്തിക്കേണ്ട സമയമാണിത്. അത് മനസ്സിലാക്കാനുള്ള പാകത നമുക്ക് ഉണ്ടെന്നത് പല അവസരങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. കഴിഞ്ഞ വര്‍ഷത്തെ നിപ ഭീതിയുടെ ദിനങ്ങളിലും പ്രളയദിനങ്ങളിലും പകര്‍ച്ചപ്പനി നാടിനെയാകെ പിടിച്ചുലച്ച സന്ദര്‍ഭത്തിലും കാണിച്ച അതേ മാനസികഐക്യത്തോടെ ഈ മഹാമാരിയോടും പോരാടാന്‍ നമുക്ക് കഴിയണം. ആരോപണങ്ങളും വിചാരണയും മറ്റും തത്ക്കാലം മാറ്റിവെച്ച് പൊതുവായ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ചേരാന്‍ എല്ലാവര്ക്കും കഴിയേണ്ട ദിവസങ്ങളാണിത്. ഇതൊരു പാരാട്ടമാണ്. പൊതുജനങ്ങള്‍ ഒന്നിച്ച് അണിനിരക്കേണ്ട പോരാട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: