വിമര്‍ശനകല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ കണ്ണടവെച്ച് നോക്കുമ്പോഴും, മുട്ടിനോക്കിയാല്‍ വിപ്ലവം വരുന്ന സൂപ്പര്‍ഫിഷലായ കൃതികള്‍ക്ക് പിറകെ എംആര്‍സി പോകാറില്ല. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ നോക്കിക്കൊണ്ട് ഒരു സാഹിതിക്കും ഏറെക്കാലം മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സത്യം എംആര്‍സിക്കറിയാം. വിമര്‍ശനകല സത്യ സൗന്ദര്യങ്ങളുടെ ഈടുവെപ്പാണ്. റഷ്യന്‍ സാഹിത്യത്തിലെ ദീപഗോപുരങ്ങളായ ഡോസ്റ്റോവ്സ്ക്കിയേയും മാക്സിം ഗോര്‍ക്കിയേയും ചെക്കോവിനേയും പുഷ്ക്കിനേയും ടര്‍ജനീവിനേയും മിഖായേല്‍ ഷൊളക്കോവിനേയും ഈ നിരൂപകന് വിലയിരുത്തിയത് അവരുടെ സാമൂഹ്യ പ്രതിബദ്ധത വെച്ചുകൊണ്ടല്ല.
ഭാവുകത്വത്തിന്റെ ഗതിവിഗതികള്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്ന എംആര്‍സി മലയാള നിരൂപണ സാഹിത്യത്തിലെ ഒറ്റയാനാണ്. സമൃദ്ധമായ ആഴക്കാഴ്ച ഈ നിരൂപകനെ ഇന്നും പുതുവായനക്കാരിലേക്കടുപ്പിക്കുന്നു. തൊണ്ണൂറു കഴിഞ്ഞിട്ടും, പൂര്‍ണ ആരോഗ്യത്തോടെ വായനയുടെ ലോകത്ത് കഴിയുന്ന ഈ എഴുത്തുകാരനെ പ്രശസ്ത നോവലിസ്റ്റ് പ്രകാശന് ചുനങ്ങാടുമൊത്ത് ഒരു മാസം മുന്‍പ് അദ്ദേഹം താമസിക്കുന്ന തൃശൂരിലുള്ള വീട്ടില്‍ പോയി കണ്ടു. രാഷ്ട്രീയവും സാഹിത്യവും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രവും മിസ്റ്റിസിസവും മലയാളത്തിലെ നവ നിരൂപണവും ഞങ്ങള്‍ സംസാരിച്ചു. തന്റെ ജീവിതത്തിന്റെ പ്രഭാതത്തിലും മധ്യാഹ്നത്തിലും, മാര്‍ക്സിയന്‍ ചിന്താധാരയ്ക്കൊപ്പം സഞ്ചരിച്ച എംആര്‍സി ഇപ്പോള്‍ സ്റ്റാലിന്റെയും പോള്‍ പോട്ടിന്റെയും മനുഷ്യക്കുരുതിയെപ്പറ്റിയാണ് പറയുന്നത്.
കമിറ്റ്മെന്റ് സാഹിത്യം എന്നത് എല്ലാക്കാലത്തും കേരളത്തിലെ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ധാരണയുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്താണീ കമിറ്റ്മെന്റ് സാഹിത്യം? തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദരിദ്ര ഗാഥകള്‍ എഴുതുന്നവര്‍ മാത്രമേ കമിറ്റ്മെന്റ് എഴുത്തുകാരാകൂ എന്ന സ്റ്റാലിനിസ്റ്റ് രീതിയില്‍ മാറ്റം വരേണ്ടത് അനിവാര്യമല്ലേ?
മാര്‍ക്സിസ്റ്റ് തിയറികള്‍ കലയുടേയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളിലേക്ക് കടന്നുവന്നതോടെ ‘സോഷ്യലിസ്റ്റ് റിയലിസം’ എന്ന പ്രസ്ഥാനം റഷ്യയില്‍ ഉണ്ടായി. കലാകാരന്മാരെല്ലാം സ്റ്റേറ്റിന്റെ പരിചാരകന്മാരാണെന്നുള്ള ചിന്തയ്ക്ക് സ്റ്റാലിന് അടിത്തറയിട്ടു. മനുഷ്യാത്മാക്കളുടെ എഞ്ചിനീയര്‍മാരായി സ്റ്റാലിന് എഴുത്തുകാരെയും ചിത്രകാരന്മാരെയും വിശേഷിപ്പിച്ചു. പക്ഷേ സ്റ്റാലിന്റെ മരണശേഷം റഷ്യയില്‍ മഞ്ഞുരുകിത്തുടങ്ങി. അപ്പോള്‍ അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങല്‍ക്ക് ശൈഥില്യം സംഭവിച്ചു. സാഹിത്യത്തിലെ നിയന്ത്രണങ്ങള്‍ക്ക് വന്ന അയവ് കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രീകരണങ്ങളില്‍ പ്രകടമായി. സമുദായത്തിന്റെ പ്രതിരൂപങ്ങളായി മാത്രം കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ പോരാ, അവരെ പ്രാഥമികമായിട്ട് മനുഷ്യരായി ചിത്രീകരിക്കണം എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. ”മുട്ടിനോക്കി വിപ്ലവം വരുന്ന കൃതികള്‍ മാത്രം മികച്ചത്” എന്ന സ്റ്റാലിനിസ്റ്റ് രീതി മാറിക്കഴിഞ്ഞു.
കാറല്‍ മാര്‍ക്സ്, ഷെയ്ക്സ്പിയറെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ കര്‍ത്താക്കളായ സോഫോക്ലീസ്, എസ്ക്കിലസ് തുടങ്ങിയ മഹാപ്രതിഭകളേയും ഇഷ്ടപ്പെട്ടിരുന്നു. ഷെയ്ക്സ്പിയറുടെ കൃതികളൊന്നും കമിറ്റ്മെന്റ് സാഹിത്യത്തിന് ഉദാഹരണമല്ല. ഹാംലറ്റും മക്ബത്തും ജൂലിയസ് സീസറും ആരും ഇതുവരെ സോഷ്യോളജിക്കല്‍ സാഹിത്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തു പറയുന്നു?
ശരിയാണ്, കാറല്‍ മാര്‍ക്സ് കമിറ്റ്മെന്റ് സാഹിത്യത്തിനു വേണ്ടി വാദിക്കുകയോ അത്തരം കൃതികള്‍ ഇഷ്ടപ്പെടുകയോ ചെയ്ത ആളല്ല. സ്റ്റാലിനിസത്തിന്റെ ഭാഗമായി വളര്‍ന്നുവന്നതാണ് സൂപ്പര്‍ഫിഷലായ കമിറ്റ്മെന്റ് വാദം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ രാഷ്ട്രത്തിന്റെ താല്പര്യങ്ങളും വ്യക്തിയുടെ താല്പര്യങ്ങളും ഒന്നായിച്ചേര്‍ന്നിരുന്നു. പക്ഷേ മാറ്റങ്ങള്‍ വന്നപ്പോള്‍ വ്യക്തികളുടെ മാനസിക വ്യാപാരങ്ങള്‍ക്ക് പ്രസക്തി വന്നു. സ്റ്റാലിന്റെ മരണശേഷം റഷ്യയിലുണ്ടായ പ്രധാന എഴുത്തുകാരില്‍ ഫസില്‍ ഇസ്കന്തര്‍, വിക്റ്റര്‍ കൊണോസ്ക്കി, യൂറി ട്രിഫോനോവ് തുടങ്ങിയ എഴുത്തുകാര്‍ കമിറ്റ്മെന്റ് സാഹിത്യത്തെ വിപുലമാക്കി.
മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ സാങ്കേതിക സ്വഭാവത്തെ അല്ലെങ്കില്‍ യാഥാസ്ഥിതിക സ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട് ജര്‍മന്‍-അമേരിക്കന്‍ ചിന്തകന്‍ ഹെര്‍ബര്‍ട്ട് മര്‍ക്കൂസ് എഴുതിയ’ദ ഈസ്തെറ്റിക് ഡയമന്ഷന്’ ചിന്താലോകത്ത് വലിയ അഗ്നിസ്ഫുലിംഗങ്ങള്‍ ഉണ്ടാക്കിയെന്ന് പറയുന്നുണ്ടല്ലോ? ഈ പുസ്തകം താങ്കള്‍ വായിച്ചിരുന്നോ?
ഇല്ല. പക്ഷേ ഈ പുസ്തകത്തെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും വന്ന ലേഖനങ്ങള്‍ ഒരുപാട് വായിച്ചിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ സാങ്കേതിക സ്വഭാവം അല്ലെങ്കില്‍ യാഥാസ്ഥിതികത്വം എന്നു പറയുമ്പോള്‍ മര്‍ക്കൂസ് ലക്ഷ്യമാക്കുന്നത് നിലവിലുള്ള ഉല്‍പ്പാദന ബന്ധങ്ങളോട് ചേര്‍ത്തുകൊണ്ടുള്ള പഠനം തന്നെയാണ്. ഭൗതിക സമ്പത്തിന്റെ ഉല്‍പ്പാദനം, കൈമാറ്റം, വിതരണം ഇവയുമായി ബന്ധപ്പെടുത്തി കലാസാഹിത്യത്തെക്കുറിച്ചുള്ള പഠനം തന്നെയാണ് മര്‍ക്കൂസും പറയുന്നത്. കലയും സമൂഹത്തിലെ വര്‍ഗ്ഗവും തമ്മില്‍ നിശ്ചിതമായ ബന്ധമുണ്ട്. ഉല്‍പ്പാദന ബന്ധങ്ങള്‍ മാറുമ്പോള്‍ ഉപരിഘടന എന്ന നിലയില്‍ കലയ്ക്കും മാറ്റം വരുന്നു എന്നതത്ത്വത്തില്‍നിന്ന് മാറി നില്ക്കാന് മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന് കഴിയില്ല.
ഇന്ന് റഷ്യന്‍ ചരിത്രകാരന്മാര് സ്റ്റാലിന് ഭരണകാലത്തുണ്ടായ വലിയ മനുഷ്യക്കുരുതിയുടെ ഭയാനകമായ ഒരു ചിത്രമാണല്ലോ നല്‍കുന്നത്. അടുത്തകാലത്ത് മിലോവന്‍ ജിലാസ് റഷ്യന്‍ ഭാഷയില്‍ എഴുതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത “The Devils Kingdom’ (ചെകുത്താന്റെ രാജ്യം) എന്ന ഗ്രന്ഥം താങ്കള്‍ വായിച്ചുകാണുമല്ലോ? താങ്കളുടെ പുതിയ പല പുസ്തകങ്ങളിലും സ്റ്റാലിനിസത്തിന്റെ കൊടുംഭീകരതയെക്കുറിച്ച് പരാമര്‍ശവുമുണ്ടല്ലോ?
സ്റ്റാലിനിസ്റ്റ് റഷ്യയെക്കുറിച്ചുള്ള പുസ്തകങ്ങളിപ്പോള്‍ നൂറു കണക്കിന് കിട്ടാനുണ്ട്. ഇന്നത്തെ റഷ്യന്‍ ചരിത്രകാരന്മാര്തന്നെ പറയുന്നത് അദ്ദേഹം ലോക ചരിത്രത്തിലെ ഏറ്റവും വലിയ കശാപ്പുകാരന് ആയിരുന്നു എന്നാണ്. റഷ്യയില്‍ ഒരു സംസ്കാരത്തിന്റെ പുതുവസന്തം പിറവിയെടുത്തപ്പോള്‍ കോടാനുകോടി മനുഷ്യരെ കൊന്നൊടുക്കി. തന്റെ ഭരണക്രമത്തിന് ഏതെങ്കിലും തരത്തില്‍ ഭീഷണിയാണെന്ന് കരുതിയാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ കൊന്നൊടുക്കാന്‍ സ്റ്റാലിന് തയ്യാറായി. കുലാക്കുകള്‍, കുട്ടികള്‍, സ്ത്രീകള്‍, തന്റെ ബന്ധുക്കള്‍ ഇങ്ങനെ ലക്ഷക്കണക്കിന് മനുഷ്യരെ അദ്ദേഹം നിഷ്ഠുരമായി കൊന്നു. കോടിക്കണക്കിന് മനുഷ്യരെ കൊന്നു എന്ന പുതിയ കണക്ക് നമ്മെ ഞെട്ടിക്കുന്നു.
നൊബേല്‍ സമ്മാന ജേതാവ് അലക്സാണ്ടര്‍ സോള്‍ ഷെനിറ്റ്സിന്‍ എഴുതിയ ‘ഇവാന് ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം’ വായിച്ച് താങ്കള്‍ ആസ്വാദനം എഴുതിയിരുന്നുവല്ലോ? ഈ നോവല്‍ ‘പരമബോറ്’ എന്ന് മാര്‍ക്സിയന്‍ നിരൂപകനായ ഡോ. മോഹന്‍ തമ്പി എഴുതിയതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
ഇല്ല. സോള്‍ ഷെനിറ്റ്സിന്‍ ഇവാന് ഡെനിസോവിച്ചായി മാറുകയാണ്. തന്റെ സൈബീരിയന്‍ അനുഭവമാണദ്ദേഹം പങ്കുവെയ്ക്കുന്നത്. ഒരെഴുത്തുകാരന്, പ്രത്യേകിച്ച് നോവലിസ്റ്റുകള്‍ സ്വന്തം അനുഭവങ്ങളില്‍ ഊന്നി നില്‍ക്കണം. ‘ഇവാന് ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം’ എന്ന നോവലിന്റെ ക്രാഫ്റ്റും നറേറ്റീവ് സ്റ്റൈലും ചര്‍ച്ച ചെയ്ത് സമയം കളയുന്നതില്‍ കാര്യമില്ല. എല്ലാ മൂല്യങ്ങളിലും വെച്ച് ഏറ്റവും വലുത് മാനുഷികമൂല്യങ്ങളാണ്. അത് ഈ കൃതിയില്‍ നിറഞ്ഞുനില്ക്കുന്നു. സ്റ്റാലിനിസത്തിന്റെ പടയോട്ടവും അത് സൃഷ്ടിച്ച നടുക്കവും ഈ കൃതി ചെവിയോടു ചേര്‍ത്തുപിടിച്ചാല്‍ കേള്‍ക്കാന്‍ കഴിയും.
കേരളത്തില്‍ ഇഎംഎസ്, പി. ഗോവിന്ദപ്പിള്ള, എന്‍.ഇ. ബാലറാം തുടങ്ങിയവര്‍ എഴുതിയത് ഏറെയും കമിറ്റ്മെന്റ് സാഹിത്യത്തെക്കുറിച്ചാണ്. ഇഎംഎസ് റഷ്യന്‍ സാഹിത്യത്തിലെ ഇതിഹാസ ഗോപുരങ്ങളായ ഡസ്റ്റോവ്സ്ക്കി, ടോള്‍സ്റ്റോയി, ടര്‍ജനീവ്, ചെക്കോവ് തുടങ്ങിയവരെക്കുറിച്ച് പഠനം നടത്താതെ ഗോര്‍ക്കിക്കും ഷൊളഖോവിനും ചുറ്റും കറങ്ങുകയായിരുന്നു. ഇഎംഎസ്സിനെ ഒരു മാര്‍ക്സിയന്‍ ഈസ്തെറ്റീഷ്യന്‍ എന്ന് വിളിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
~ഒരര്‍ത്ഥവുമില്ല. അദ്ദേഹം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ചില കൃതികളാണ് എടുത്തു കാണിക്കാറ്. ഓരോ കാലഘട്ടത്തിലും പാര്‍ട്ടിയുടെ നിലനില്പ്പിനാവശ്യമായ, അല്ലെങ്കില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഗുണം ചെയ്യുന്ന ചില കൃതികളെടുത്ത് മഹത്തരം എന്നു പറയാറുണ്ട്. സി.വി.രാമന് പിള്ളയെക്കുറിച്ചോ, എന്തിന് ബഷീറിനെക്കുറിച്ചോ അദ്ദേഹം എഴുതുകയുണ്ടായില്ല.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ‘പുകസ’യായി മാറിയപ്പോഴും, വൈക്കം മുഹമ്മദ് ബഷീറിനെ ഉയര്‍ത്തിക്കാട്ടാന്‍ പു.ക.സയില്‍ ആരും തയ്യാറായില്ല. ഒടുവില്‍ എം.എന്‍. വിജയന് നേതൃനിരയിലേക്ക് വന്നപ്പോള്‍ ബഷീര്‍ സാഹിത്യം സജീവ ചര്‍ച്ചയായി. അതല്ലേ നടന്നത്?
ബഷീര്‍ തലമുറകള്‍ കൊണ്ടാടിയ മഹാനായ എഴുത്തുകാരനാണ്. ദേവും തകഴിയും പൊറ്റെക്കാടും ചര്‍ച്ച ചെയ്യുന്നതില്‍ കൂടുതല്‍ ബഷീര്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇടതുപക്ഷ കേന്ദ്രങ്ങളില്‍ ഒരു കാലഘട്ടത്തില്‍ ബഷീര്‍ അദ്ദേഹം അര്‍ഹിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്തില്ല എന്ന വാദം ശരിയാണ്.
മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതയുടെ വസന്തം പെയ്തിറങ്ങുമ്പോഴും എം. സുകുമാരന്‍ എന്ന കഥാകൃത്ത് ആധുനികതയുടെ നറേറ്റീവ് സ്റ്റൈല്‍ ഉപയോഗിച്ച് മികച്ച കമിറ്റ്മെന്റ് കഥകളെഴുതി. പക്ഷേ ഇടതുപക്ഷത്തിന് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
‘ശേഷക്രിയ’ എന്ന നോവല്‍ സിപിഎം തെറ്റായി വ്യാഖ്യാനിച്ചു. എം. സുകുമാരനെ ഒരു ആന്റി കമ്യൂണിസ്റ്റ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു. തെറ്റ് മനസ്സിലാക്കാന്‍ അവര്‍ വൈകിപ്പോയി.
ഒ.വി. വിജയന്, ആനന്ദ്, സേതു, എം. മുകുന്ദന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, കാക്കനാടന്, പി. പത്മരാജന് തുടങ്ങിയ എഴുത്തുകാര്‍ എഴുപതുകളിലും എണ്‍പതുകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആധുനികര്‍ എന്ന പേരിലാണിവര്‍ അറിയപ്പെട്ടത്. മലയാളത്തിലെ ആധുനികതയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് അന്നത്തെ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ സിപിഎം ആധുനിക എഴുത്തുകാരുടെ കൃതികള്‍ പഠിച്ച് വിമര്‍ശിക്കുകയല്ല ചെയ്തത്, വ്യക്തിപരമായി കാക്കനാടനേയും എം. മുകുന്ദനേയും ഒ.വി. വിജയനേയും ആക്രമിക്കുകയാണ് ചെയ്തത്. ആനന്ദിന്റെ ‘മരണ സര്‍ട്ടിഫിക്കറ്റ്’ കാഫ്കയുടെ നോവലുകളുടെ വിദൂര ധ്വനികളാണെങ്കില്‍ അത് പറയണം. അല്ലാതെ വ്യക്തിഹത്യകൊണ്ട് കാര്യമുണ്ടോ? ആധുനിക നിരൂപകന് കെ.പി. അപ്പന് കൊല്ലത്തുള്ള തന്റെ വീട്ടില്‍നിന്ന് തൊട്ടടുത്തുള്ള എസ്എന്‍ കോളജിലേക്ക് കാറില്‍ പോകുന്നു. പിന്നെ കെ.പി. അപ്പനെന്ത് അസ്തിത്വ ദുഃഖം എന്ന് പിജി ചോദിച്ചിരുന്നു. ഇത്തരം ബാലിശമായ വാചകമേളകളായി മലയാളത്തിലെ മാര്‍ക്സിയന്‍ നിരൂപണം ചുരുങ്ങിയില്ലേ?
മലയാളത്തില്‍ മാര്‍ക്സിയന്‍ ഈസ്തെറ്റിക്സ് അപ്റ്റുഡേറ്റായി പഠിച്ചവരില്ല. പിന്നെ സിപിഎം പാര്‍ട്ടിയുടെ വളര്‍ച്ചയെ ലക്ഷ്യമാക്കി കെപിജിയേയും തിരുനെല്ലൂര്‍ കരുണാകരനേയും ഡി.എം. പൊറ്റക്കാടിനേയും ചെറുകാടിനേയും വാഴ്ത്തി. യഥാര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞ എഴുത്തുകാരില്‍ കലാംശം കുറവായിരുന്നു. സാമൂഹ്യപരിപ്രേക്ഷ്യം ഇല്ലാതെയും മികച്ച കൃതികള്‍ ഉണ്ടാകുമെന്ന് ഇഎംഎസ് പറഞ്ഞത് 1999-ലാണ്. സമൂഹം ഇരച്ചുകയറാതെ മികച്ച കൃതികള്‍ ഉണ്ടാകാം എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ആനന്ദിന്റെ ആള്‍ക്കൂട്ടം, കാക്കനാടന്റെ ഉഷ്ണമേഖല, എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങിയ നോവലുകള്‍ താങ്കള്‍ പഠനത്തിനെടുത്തിട്ടുണ്ട്. അസ്തിത്വദുഃഖവും നൈയിലിസവും (ചശവശഹശശൊ)മലയാളത്തിലെ ആധുനിക കൃതികളുടെ ഒരു പോരായ്മയായി കാണുന്നുണ്ടോ?
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ചാരമാക്കിയ യുദ്ധഭൂമിയെ കണ്ടവരാണ് സാര്‍ത്രും കമ്യുവും കാഫ്കയും അയനസ്ക്കോവുമൊക്കെ. പക്ഷേ അവര്‍ അവതരിപ്പിച്ച അന്യതാബോധവും സംത്രാസവും കാക്കനാടനും ആനന്ദും സേതുവും മലയാളത്തിലേക്ക് കൊണ്ടുവന്നു. നമ്മുടെ അന്തരീക്ഷവുമായി അതിനെ ഇണക്കാന്‍ ആനന്ദിനും ഒ.വി.വിജയനും കാക്കനാടനും കഴിഞ്ഞില്ല. ഇവരെല്ലാം മികച്ച എഴുത്തുകാരാണ്. കവികളില്‍ അയ്യപ്പപ്പണിക്കരും ആറ്റൂരും കക്കാടും സച്ചിദാനന്ദനും കടമ്മനിട്ടയും കവിത്വമുള്ളവരാണ്. പക്ഷേ ആധുനികതയുടെ ഹാങ് ഓവറില്‍ ഇവരെല്ലാം കവിതയുടെ ലക്ഷ്യം വികാരങ്ങളുടെ വിനിമയമാണെന്നു മറന്നുപോയി.
മലയാളത്തില്‍ സേതു തന്റെ കഥകളിലും ‘പാണ്ഡവപുരം’ എന്ന ലാന്‍ഡ്മാര്‍ക്ക് നോവലിലും മാജിക്കല്‍ റിയലിസം പരീക്ഷിച്ചപ്പോള്‍ അത് ശ്രദ്ധിക്കാന്‍ പിജിയുള്‍പ്പെടെയുള്ളവര്‍ മറന്നുപോയി. പക്ഷേ ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ മാര്‍കേസിനേയും വര്‍ഗാസ് യോസയേയും ഇവിടെ ഇടതുപക്ഷം കൊണ്ടാടുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന എന്തെങ്കിലും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലുണ്ടോ? അടിയന്തരാവസ്ഥ പ്രതീകാത്മകമാക്കി ഒ.വി. വിജയന് എഴുതിയ ‘അരിമ്പാറ’ ഇന്ത്യന്‍ ഭാഷകളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ എഴുതിയ മികച്ച രചനയാണെന്ന് സച്ചിദാനന്ദന് എഴുതിയിട്ടുണ്ട്?
ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസമെന്ന സങ്കേതം ഉപയോഗിച്ചെഴുതിയ നോവലുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവയൊന്നും പ്രചാരണത്തിന്റെ നിലപാടുകളില്‍ നിന്നുകൊണ്ടല്ല കാര്യങ്ങളെ സമീപിക്കുന്നത്. പക്ഷേ ഇവിടെ ഇടതുപക്ഷം ഇത്തരം കൃതികള്‍ കൊണ്ടാടുന്നതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: