ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷം നേടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഒപ്പം 57 മന്ത്രിമാരും കേരളത്തില്‍നിന്നും വി. മുരളീധരനും മന്ത്രി പദവി ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് വിജയം ആവര്‍ത്തിക്കാന്‍ ഇടയാക്കിയതെന്ന് സര്‍വരും സമ്മതിക്കുന്നു. മറിച്ചെന്തെങ്കിലും പറയാന്‍പോലും കെല്‍പ്പില്ലാതെ പ്രതിപക്ഷം കിടന്നുപോയി.
കഴിഞ്ഞതവണ ബിജെപി 282 സീറ്റില്‍ വിജയിച്ചെങ്കില്‍ ഇത്തവണ 303 ആയി ഉയര്‍ത്തി. 272 മതി കേവല ഭൂരിപക്ഷത്തിന്. സഖ്യകക്ഷികളെല്ലാം കൂടി അന്‍പത് സീറ്റിലും വിജയിച്ചു. പഴയതുപോലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനാവശ്യമായ 54 സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേഠിയില്‍ ദയനീയമായി തോറ്റു.
ചില ചാനലുകളിലെ ഇടതുവലത് മിടുക്കന്മാരായ അവതാരകര്‍ കേരളത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്നാണ് ആവേശത്തോടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ദയനീയമായി തോറ്റ ഇടതുപക്ഷത്തെ നോട്ടം കോണ്ടുപോലും നോവിക്കാന്‍ തയാറാകുന്നില്ല. യുഡിഎഫ് നേടിയ വിജയം വര്‍ഗീയ-തീവ്രവാദ ഗ്രൂപ്പുകളുടെ ഏകീകരണം കൊണ്ടാണെന്ന സത്യംപോലും മൂടിവയ്ക്കുന്നു. വിജയത്തിന് ഏറെ തന്തമാരുണ്ടാകും. പക്ഷെ തോല്‍വിക്ക് അച്ഛനേ ഉണ്ടാകില്ലെന്ന ചൊല്ലുപോലെയാണ് കേരളക്കാര്യം. ബിജെപി കേരളത്തില്‍ തകര്‍ന്നോ? സംഭവിച്ചതെന്താണ്? നേടിയ വോട്ട്കണക്ക് സത്യാവസ്ഥ വരച്ചുകാട്ടുന്നു.
സീറ്റ് നേടിയില്ലെങ്കിലും കേരളത്തില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ വര്‍ധനയാണുണ്ടായത്. 2014നെ അപേക്ഷിച്ച് 12 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവ് ഇത്തവണ ഉണ്ടായി. 2014 ല്‍ എന്‍ ഡി എയ്ക്ക് ആകെ കിട്ടിയത് 19,44,249 വോട്ടായിരുന്നത് ഇപ്പോള്‍ 31,71,792 ആയി ഉയര്‍ന്നു. 12,27,543 വോട്ടിന്റെ വര്‍ധന. ഏറ്റവും അധികം വോട്ട് കിട്ടിയത് തിരുവന ന്തപുരത്താണ്. കുമ്മനം രാജശേഖരന് ഇവിടെ 3,16,142 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 33,806 വോട്ടിന്റെ വര്‍ധന.
വോട്ടില്‍ തിരുവനന്തപുരമാണ് മുന്നിലെങ്കില്‍ വോട്ട് വര്‍ധനയില്‍ തൃശ്ശൂരാണ് മുന്നില്‍. 2,93,822 വോട്ട് പിടിച്ച സുരേഷ് ഗോപി 2014നെക്കാള്‍ 1,91,141 വോട്ടുകളാണ് കൂട്ടിയത്. പത്തനംതിട്ടയാണ് വോട്ട് വര്‍ധനയില്‍ രണ്ടാമത്. മുന്‍വര്‍ഷത്തേക്കാള്‍ 1,58,442 വോട്ടുകളാണ് കെ.സുരേന്ദ്രന് ഇവിടെ കൂടിയത്. ആറ്റിങ്ങലില്‍ 1,57,553 വോട്ടുകള്‍ ഇത്തവണ അധികമായി നേടി ശോഭാസുരേന്ദ്രന് ശോഭപ്രകടിപ്പിച്ചു. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വര്‍ധനവ് ഉണ്ടായ മറ്റ് മണ്ഡലങ്ങള്‍ ആലപ്പുഴയും (1,44,678) കോട്ടയവും (1,10,778) ആണ്. പാലക്കാട്ട് 81,969 വോട്ടുകള്‍ കൂടി. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, ആലത്തൂര്‍, ഇടുക്കി എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും എന്‍ഡിഎയുടെ വോട്ട് ഒരു ലക്ഷത്തിലധികം ഉണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ , പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ട് ലക്ഷത്തിലധികമാണ് വോട്ട്. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞത്.( 1936)
കേരളത്തില്‍നിന്നും ഒരാളെപ്പോലും വിജയിപ്പിക്കില്ലെന്ന കടുത്ത വാശിയിലായിരുന്നു ഇടതുവലത് മുന്നണികള്‍. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ്. മകന് മരിച്ചാലും വേണ്ടില്ല, അവന്റെ ഭാര്യയുടെ കണ്ണീരുകണ്ടാല്മതി എന്ന ചൊല്ലുപോലെ സ്വന്തം മുന്നണിയെ തോല്‍പ്പിച്ചു മറുമുന്നണിക്ക് വോട്ട് മറിച്ചുനല്‍കി. ബിജെപിയുടെ പരാജയം ഉറപ്പുവരുത്താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇടത്പക്ഷം ചെയ്ത ചതി ഇക്കുറിയും ആവര്‍ത്തിച്ചു. സിപിഐയുടെ പ്രമുഖനേതാവ് സി. ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വോട്ട് കച്ചവടം നടക്കാനിടയില്ലെന്നാണ് സര്‍വരും പ്രതീക്ഷിച്ചത്. പക്ഷെ ബന്നറ്റ് അബ്രഹാം നേടിയ വോട്ടുപോലും ദിവാകരന് പിടിക്കാനായില്ല. സിപിഐ ജയിച്ച കോര്പ്പറേഷന് വാര്‍ഡില്‍ പോലും വന്‍തോതില്‍ത്തന്നെ ചോര്‍ച്ചയുണ്ടായി. എന്നിട്ടും ബിജെപി വോട്ട് യുഡിഎഫിന് നല്‍കിയെന്ന് ദിവാകരന് പ്രസ്താവിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ തൊലിക്കട്ടിയുടെ മേന്മസമ്മതിച്ചുകൊടുത്തേപറ്റു.
കോണ്‍ഗ്രസ് മുന്നണി 19 സീറ്റ് നേടിയത് സ്വന്തംമിടുക്കുകൊണ്ടല്ല. ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി വോട്ട് ഉറപ്പിച്ചതുകൊണ്ടാണ്. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ കേരളത്തിലെ 20 സീറ്റ് മാത്രം മതി. രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയുമാക്കി. പ്രധാനമന്ത്രിക്ക് വോട്ടുചെയ്യാന്‍ കേരളീയര്‍ക്ക് അവസരം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്.134 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കോണ്‍ഗ്രസ് അറുപതിലേറെ വര്‍ഷക്കാലം കേന്ദ്രഭരണത്തിലായിരുന്നു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അടക്കിവാണവരും അവര്‍തന്നെ. പതിനേഴ് വര്‍ഷത്തോളം നെഹ്റുവും അത്രയും തന്നെ മകള്‍ ഇന്ദിരയും പ്രധാനമന്ത്രിയുമായി. ഇന്ദിരയുടെ മകന് രാജീവും ആ സ്ഥാനം വഹിച്ചു.
പറഞ്ഞിട്ടെന്തുകാര്യം, 19 മണ്ഡലത്തില്‍ ജയിച്ചിട്ടും ഒന്നാഘോഷിക്കാന്‍ പോലും യുഡിഎഫിന് കഴിയാതെ പോയി. മരണവീട്ടില്‍ ലോട്ടറിയടിച്ചതുപോലെയായിപ്പോയി കേരളത്തിലെ കാര്യം. അങ്ങനെ തരിച്ചുനില്ക്കവെയാണ് അബ്ദുള്ളക്കുട്ടി പ്രത്യക്ഷപ്പെടുന്നത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നും സിപിഎം തട്ടിയെടുത്ത അബ്ദുള്ളക്കുട്ടിയെ രണ്ട് തവണ ലോക്സഭയിലെത്തിച്ചു. നരേന്ദ്രമോദിയെ ദുബായില്‍ പോയി പ്രശംസിച്ചതോടെ അബ്ദുള്ളക്കുട്ടി സിപിഎമ്മിന്റെ കണ്ണിലെ കരടായി. ഒരുകാലത്ത് അത്ഭുതക്കുട്ടിയെന്ന് വിശേഷിപ്പിച്ച അബ്ദുള്ളക്കുട്ടി അസ്പൃശ്യനായി. അതോടെ കോണ്‍ഗ്രസാണ് തന്റെ താവളമെന്ന് കണ്ടെത്തി. കണ്ണൂരില്‍നിന്നും നിയമസഭയിലുമെത്തി. വിവാദം അബ്ദുള്ളക്കുട്ടിയുടെ കൂടപ്പിറപ്പാണ്. നിയമസഭാംഗമായിരിക്കെയും അതിന് കുറവുണ്ടായില്ല. ഇപ്പോള്‍ കോണ്‍ഗ്രസുകാരെല്ലാം അണിനിരക്കുന്നത് അബ്ദുള്ളക്കുട്ടിയെ നിലയ്ക്കുനിര്ത്തണമെന്നാവശ്യപ്പെട്ടാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണം മികച്ചതാണെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയുടെ സ്വപ്നങ്ങളാണ് മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞാല്‍ എങ്ങനെ സഹിക്കും. ഗാന്ധിജി കോണ്‍ഗ്രസിന്റെ കുടുംബസ്വത്താണല്ലൊ. ഏതായാലും തരിച്ചിരുന്ന കോണ്‍ഗ്രസിന് നിവര്‍ന്ന് കയര്‍ക്കാന്‍ വിഷയംകിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: