വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പ്രതിബദ്ധതയും ജനകീയമായ ഇടപെടലുകളുമാണ് വി. മുരളീധരനെ ശ്രദ്ധേയനാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്ത്തനത്തിലെത്തുകയും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ദേശീയ നേതൃത്വത്തിലേക്കുയരുകയും ചെയ്തു, മുരളീധരന്. പടിപടിയായി പ്രവര്‍ത്തിച്ച്, ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയില്‍ വരെയെത്തിയ അദ്ദേഹത്തിന് ലഭിക്കുന്ന അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനം.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് മുരളീധരന് പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കേ തലശ്ശേരിയില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റേതോ മുരളീധരനെ കിട്ടാന്‍ വേണ്ടിയാണ് എബിവിപി നേതാവായ മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ എബിവിപി പ്രവര്‍ത്തകര്‍ കേരള ഹൗസില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരേയും വ്യവസായ മന്ത്രി പി.സി.ചാക്കോയെയും ഘെരാവോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസ് പിന്നീട് കോടതി എഴുതി തള്ളുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലും എബിവിപി സംഘടിപ്പിക്കുന്നതില്‍ മികച്ച പങ്കു വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവച്ച് മുരളീധരന് അപ്പോഴേക്കും മുഴുവന്‍ സമയപ്രവര്‍ത്തകനായി മാറിക്കഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം എബിവിപി ക്ക് പ്രകടമായ വളര്‍ച്ച ഉണ്ടായെങ്കിലും അതിന് ഒരു സംഘടനാ രൂപം കൈവരുന്നത് മുരളീധരന് നേതൃത്വത്തില്‍ വന്നതോടെയാണ്. മുന്നില്‍ നിന്ന് സമരം നയിച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചത്. പ്രീഡിഗ്രി ബോര്‍ഡ് സമരത്തിലും പോളിടെക്നിക് സമരത്തിലും കാലക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരായി നടന്ന സമരത്തിലുമെല്ലാം അതുകാണാനായി. ഈ സമര വീര്യം ഒട്ടും ചോര്‍ന്നില്ലെന്ന് മുരളീധരന് കാണിച്ചു കൊടുത്തത് അടുത്തിടെ ലോ അക്കാദമി സമരത്തിനിടെയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അനിശ്ചിതകാല നിരാഹാര സമരം കിടക്കാന്‍ മുരളീധരന് തയാറായതോടെ സമരത്തിന്റെ ദിശമാറി.
എസ്എഫ്ഐ അല്ലെങ്കില്‍ കെഎസ്യു എന്നതുമാറ്റി മൂന്നാമതൊരു സംഘടനയെന്ന നിലയില്‍ എബിവിപിയെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മുരളീധരന് കഴിഞ്ഞു. മദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞ മുരളീധരന് എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കാനും വിദ്യാഭ്യാസ രംഗത്തേയും ദേശീയ രംഗത്തെയും പ്രശ്നങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു. വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അക്കാദമികവും അല്ലാത്തതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും അവസരം ലഭിച്ചു. നെഹ്റു യുവകേന്ദ്രയുടെ തലപ്പത്ത് വന്നതോടെ ഈ അനുഭവം മുരളീധരന് വളരെ അനുകൂലമായ ഘടകമായിരുന്നു. നെഹ്റു യുവകേന്ദ്രയെ യുവാക്കളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കി മാറ്റാന്‍ അദ്ദേഹത്തിനായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്തര്‍സംസ്ഥാന സഹകരണ സംഘം തുടങ്ങാന്‍ മുന്‍കൈ എടുത്തതും മുരളീധരനാണ്.
മുരളീധരന് നേതൃത്വത്തിലിരുന്ന ആറു വര്‍ഷം കൊണ്ട് കേരളത്തിന്റെ ഏതാണ്ട് പകുതി ബൂത്തുകളില്‍ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന സജീവ ഘടകങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. 2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ കാലികമായി ഇടപെടാനും ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തകരുടെ കൂടെ അണിനിരക്കാനും മുരളീധരന് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിന്റെ പ്രഭാരിയെന്ന നിലയിലും അത് ദര്‍ശിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: