പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ടങ്ങള്‍ കഴിയാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഭജനത്തിന്റെ നായകന്’ ആയി ചിത്രീകരിച്ചുകൊണ്ടുള്ള കവര്‍ സ്റ്റോറിയുമായി അമേരിക്കന്‍ മാസികയായ ‘ടൈം’ വായനക്കാരിലേക്കെത്തിയത്. വോട്ടെടുപ്പ് അവസാനിച്ചശേഷം മേയ് ഇരുപതിന് പുറത്തിറങ്ങേണ്ടിയിരുന്ന മാസിക 10 ദിവസം മുന്‍പ് ഓണ്‍ലൈനായി പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടായിരുന്നു. ‘ജനശത്രു’വായി ചിത്രീകരിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും കിട്ടേണ്ട ചില സീറ്റുകളെങ്കിലും നഷ്ടപ്പെടുത്തിയാല്‍ മോദിയുടെ രണ്ടാംവരവ് തടയാമെന്നായിരുന്നു കണക്കുകൂട്ടല്‍. മറ്റൊരു അഞ്ച് വര്‍ഷംകൂടി ഭരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മോദി സര്‍ക്കാരിനെ അനുവദിക്കുമോ എന്നാണ് ലേഖനം എഴുതിയ അതീഷ് തസീര്‍ അദ്ഭുതപ്പെട്ടത്.
വിഭജനത്തിന്റെ നായകന് യഥാര്‍ത്ഥത്തില്‍ ഐക്യത്തിന്റെ പ്രതിപുരുഷനാണെന്ന് ‘ടൈം’മാസികയ്ക്ക് തിരിച്ചറിയാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. തെരഞ്ഞെടുപ്പ് ഫലം മറ്റ് പലരെയുംപോലെ ‘ടൈം’ മാസികയേയും ഞെട്ടിച്ചു. അടുത്ത ലക്കത്തില്‍ അവര്‍ തിരുത്തി ‘പതിറ്റാണ്ടുകളായി മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്ത വിധം മോദി ഇന്ത്യയെ യോജിപ്പിച്ചിരിക്കുന്നു.’ മുഖപ്രസംഗത്തിലൂടെ ഔദ്യോഗികമായിരുന്നു ഈ നയപ്രഖ്യാപനം. ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് സുപരിചിതമായ മോദി ഇഫക്ട്. വിമര്‍ശകര്‍ക്കുപോലും സത്യം വിളിച്ചുപറയേണ്ടിവരുന്ന അവസ്ഥ.
അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ച ദിവസം ദല്‍ഹിയിലെ ബിജെപി ഓഫീസില്‍ മോദിയും അമിത് ഷായും മാധ്യമ പ്രതിനിധികളെ കണ്ടിരുന്നു. സംഘടനാപരമായ ചോദ്യങ്ങള്‍ക്ക് താനല്ല, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മറുപടി നല്‍കുമെന്ന് പറഞ്ഞ മോദിയെ, പരാജയം മുന്നില്‍ കാണുന്ന ഭരണാധികാരിയായി ചിത്രീകരിക്കുകയായിരുന്നു മാധ്യമങ്ങള്‍. മോദി പരിക്ഷീണനായി കാണപ്പെട്ടത് ഇതിനാലാണെന്നും അവര്‍ വിധിയെഴുതി. ബിജെപിക്ക് 300-ലേറെ സീറ്റ് ലഭിക്കുമെന്ന് ഷാ ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അത് മുഖവിലയ്ക്കെടുക്കാന്‍ ഊണിലും ഉറക്കത്തിലും മോദിയുടെ പരാജയം ആഗ്രഹിച്ച മാധ്യമ പ്രവര്‍ത്തകര്‍ തയാറായില്ല. ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ മോദി എന്ന രാഷ്ട്രതന്ത്രജ്ഞനു മുന്നിലാണ് തങ്ങളിരിക്കുന്നതെന്നും, പൊള്ളയായ അവകാശവാദങ്ങളുന്നയിക്കുന്നയാളല്ല ഷാ എന്ന രാഷ്ട്രീയ നേതാവെന്നും മാധ്യമങ്ങള്‍ക്ക് തിരിച്ചറിയാനായില്ല.
ശരിയാണ്, നരേന്ദ്ര മോദി ക്ഷീണിതനായിരുന്നു. ചരിത്രം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മോദി നടത്തിയത്. 100 ദിവസംകൊണ്ട് 142 സമ്മേളനങ്ങളിലും നാല് റോഡ് ഷോകളിലും പങ്കെടുത്തു. 1.05 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നരക്കോടി ജനങ്ങളെ നേരില്‍ കണ്ടു. ഒരു ദിവസം അഞ്ചിലധികം മഹാ സമ്മേളനങ്ങള്‍. 4000-ലേറെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിച്ച ആറായിരത്തോളം പേരുമായി സംവദിച്ചു. ഇതിനു മുന്‍പ് മറ്റൊരു രാഷ്ട്രീയ നേതാവോ ഭരണാധികാരിയോ ഏറ്റെടുത്തിട്ടില്ലാത്ത ദൗത്യം.
വാരാണസിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മോദിക്ക് ലഭിച്ചത് 4.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്ന് അമിത് ഷാ തെരഞ്ഞെടുക്കപ്പെട്ടത് 5.51 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ഗുജറാത്തിലെ നവ്സാരി മണ്ഡലത്തില്‍നിന്ന് ബിജെപിയുടെ സി.ആര്. പാട്ടീലിന് ലഭിച്ചത് 6.90 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. തന്നെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചവര്‍ക്കും അത് നേടിക്കൊടുത്തത് മോദിയാണ്. ”മോദിക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്തത്. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് നോക്കാതെപോലും ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തു” എന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി പറയുന്നതാണ് ശരി.
ആന്റി ഇന്‍കംപന്‍സി അഥവാ ഭരണവിരുദ്ധത എന്ന വാക്കാണ് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവര്‍ക്ക് സുപരിചിതം. എത്ര നല്ല ഭരണം നടത്തിയാലും ജനങ്ങള്‍ അനുകൂലമായി വോട്ടു ചെയ്യണമെന്നില്ല. 1999-2004 കാലയളവില്‍ നല്ല ഭരണം കാഴ്ചവച്ച വാജ്പേയി സര്‍ക്കാരിന് എതിരായ ജനവിധി ഉദാഹരണം. 2004-ലും 2009-ലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ്സിന് സ്വന്തമായി ഭൂരിപക്ഷം ലഭിച്ചില്ല. ലഭിച്ചത് യഥാക്രമം 145 സീറ്റും 206 സീറ്റും. എന്നാല്‍ 2014-ല്‍ 282 സീറ്റു നേടി സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം ലഭിച്ച ബിജെപി, അഞ്ച് വര്‍ഷത്തിനു ശേഷം 303 സീറ്റു നേടിയാണ് ചരിത്രം തിരുത്തിയിരിക്കുന്നത്. ഇവിടെയാണ് പ്രചാരണത്തിലുടനീളം മോദി ആവര്‍ത്തിച്ച ‘പ്രോ ഇന്‍കംപന്‍സി’ അഥവാ ഭരണാനുകൂല തരംഗത്തിന്റെ പ്രസക്തി. എന്‍ഡിഎ സഖ്യം 353 സീറ്റു നേടിയ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടോയെന്ന് പലരും സംശയിച്ചപ്പോള്‍ അക്കാര്യത്തില്‍ യാതൊരു സംശയവും മോദിക്ക് ഇല്ലായിരുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊരു ജനവിധി എന്നതിന് പലര്‍ക്കും ലഭിക്കുന്ന ഉത്തരം പലതായിരിക്കും. അനുകൂലമായി പല ഘടകങ്ങള്‍ പ്രവര്ത്തിച്ചിരിക്കാമെങ്കിലും ഏറ്റവും നിര്‍ണായകമായത് മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണമാണെന്ന് നിസ്സംശയം പറയാം. രാജ്യത്തെ ദരിദ്ര ജനകോടികള്‍ക്കുവേണ്ടി ഇത്രയേറെ ആത്മാര്‍ത്ഥമായി നിലകൊണ്ട മറ്റൊരു സര്‍ക്കാരില്ല. സ്വച്ഛ് ഭാരത് പദ്ധതിയില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ്, പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ആറ് കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായ പാചകവാതക കണക്ഷന്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 1.37 കോടി പേര്‍ക്ക് വീട്. 3.49 കോടി പേര്‍ക്ക് മുദ്ര യോജനയിലൂടെ ബാങ്ക് വായ്പ. ജന്‍ധന്‍ പദ്ധതി വഴി 35.7 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട്. ദീന്‍ദയാല്‍ ഗ്രാം ജ്യോതി യോജനയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സൗജന്യ വൈദ്യുതി കണക്ഷന്. 50 കോടി ജനങ്ങള്‍ അഞ്ച് ലക്ഷം രൂപവരെ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍. അഞ്ച് വര്‍ഷത്തെ മോദി ഭരണം പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് പറയാന്‍ മറ്റ് തെളിവുകള്‍ ആവശ്യമില്ല. ആറ് പതിറ്റാണ്ടു കാലത്തെ വ്യര്‍ത്ഥമായ കാത്തിരിപ്പിനുശേഷമാണ് ഈ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത്. പാവങ്ങളുടെ രക്ഷകനാവുകയായിരുന്നു മോദി.
അഴിമതി ആഗോള പ്രതിഭാസമാണെന്ന് പ്രഖ്യാപിച്ച ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു-ഇന്ദിരാഗാന്ധി. അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിനെ നയിച്ചത് അഴിമതി ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തെ മോദി ഭരണം അഴിമതി നിര്‍മാര്‍ജനത്തില്‍ ലോകത്തിനു തന്നെ മാതൃകയായി. അഴിമതിയുടെ കാര്യത്തില്‍ ‘തിന്നുകയില്ല, തീറ്റിക്കുകയുമില്ല’ എന്ന മോദിയുടെ നയം എണ്ണിയാലൊടുങ്ങാത്ത ശത്രുക്കളെ ഉണ്ടാക്കിയെങ്കിലും ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. നോട്ട് നിരോധനവും ജിഎസ്ടി സംവിധാനവും കള്ളപ്പണത്തിന്റെയും അഴിമതിയുടെയും അടിവേരില്ത്തന്നെയാണ് കത്തിവച്ചത്. ഇതിനെതിരെ മലപോലെ ഉയര്‍ന്ന പ്രതിഷേധത്തെ മൗനമന്ദഹാസത്തോടെ മോദി നേരിട്ടു. കാലം ഇങ്ങനെയൊരു ഭരണാധികാരിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.
മോദി സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് വരുത്താന്‍ ആഗോള ഗൂഢാലോചനതന്നെ നടന്നു. റഫാല്‍ ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ച കോണ്‍ഗ്രസ്സ് വൈദേശിക ശക്തികളുമായിപ്പോലും കൈകോര്‍ത്തു. മോദി അഴിമതിക്കാരനാണെന്നു വരുത്താന്‍ സ്വന്തം പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചു. ബോഫോഴ്സ് ഇടപാടുപോലെ റഫാലും അഴിമതിയാണെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ആണ്. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്ന് മറുപടി പറഞ്ഞ മോദി, തനിക്കെതിരായ കുപ്രചാരണങ്ങളെ ഒറ്റയടിക്ക് അവസാനിപ്പിച്ചു.
മോദിക്കെതിരെ താന്‍ നടത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ പ്രചാരണം കോണ്‍ഗ്രസ്സ് നേതാക്കള്‍പോലും ഏറ്റെടുത്തില്ലെന്ന് തോല്‍വിയുടെ ശവക്കുഴിയില്‍ക്കിടന്ന് രാഹുല്‍ പരിതപിക്കുകയാണല്ലോ. സ്വന്തം പാര്‍ട്ടി നേതാക്കള്‍പോലും മോദിക്കെതിരായ ആരോപണം വിശ്വാസത്തിലെടുത്തില്ല എന്നല്ലേ ഇത് കാണിക്കുന്നത്. അഞ്ച് വര്‍ഷം ഇടതടവില്ലാതെ പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളുടെയും പുകമറയില്‍നിന്ന് മോദി അഗ്നിശുദ്ധിയോടെ പുറത്തുവന്നു എന്നാണ് തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്.
രാജ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെങ്കിലും താന്‍ പാര്‍ട്ടി പ്രവര്ത്തകന് മാത്രമാണെന്നും, തെരഞ്ഞെടുപ്പ് വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും വിനയാന്വിതനാവുന്ന മറ്റൊരു ഭരണാധികാരിയെ ജനങ്ങള്‍ക്ക് പരിചയമില്ല. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേര്‍ന്ന 1942-1947 കാലഘട്ടംപോലെ നിര്‍ണായകമാണെന്നു മോദി പറയുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. ലോകരാഷ്ട്ര സമുച്ചയത്തില്‍ ഇന്ത്യയുടെ ഇനിയുള്ള പ്രയാണ ദിശയാണ് ഈ വാക്കുകള്‍ കുറിക്കുന്നത്. സമ്മര്‍ദ്ദത്തിനു കീഴടങ്ങാതെ ഉറച്ച തീരുമാനങ്ങളെടുത്തപ്പോള്‍ അത് ഇഷ്ടപ്പെടാത്തവര്‍, മോദിയെന്താ ചക്രവര്‍ത്തിയാണോ എന്ന് ചോദിച്ച സന്ദര്‍ഭങ്ങളുണ്ട്.
ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ഒരു ഘട്ടത്തില്‍ കേന്ദ്രത്തിനു പുറമെ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും മോദിയുടെ (ബിജെപിയുടെ) ഭരണത്തിന് കീഴില്‍ വരികയുണ്ടായി. ഇതൊരു റെക്കോര്‍ഡാണ്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ്സ് അധികാരത്തിലേറുന്നതുവരെ ഇതായിരുന്നു സ്ഥിതി. ഈ സംസ്ഥാനങ്ങളില്‍ അധികം വൈകാതെ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂപ്രദേശം ഭരിച്ച ചക്രവര്‍ത്തി ചന്ദ്രഗുപ്ത മൗര്യനാണ്. ഇത്രത്തോളം വരും മോദിയുടെ ഭരണത്തിന്‍കീഴില്‍ വന്ന ഇന്ത്യന്‍ ഭൂപ്രദേശങ്ങളും. ജനാധിപത്യത്തിന്റെ ചക്രവര്‍ത്തിയെന്ന് മോദിയെ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: