ഭാരതത്തിന്റെ സൂര്യോദയമെന്ന് പ്രതിയോഗികള്‍ പോലും ഒരുവേള വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി ഭരണത്തിലേറാന്‍ ഒരുങ്ങുമ്പോള്‍ ചില നേതാക്കള്‍ രാജിയുടെ വഴിയിലാണ്. രാഷ്‌ട്രീയവും വൈയക്തികവുമായി മോദിസര്‍ക്കാരിനെ അങ്ങേയറ്റം അധിക്ഷേപിക്കുകയും ജനമനസ്സുകളില്‍ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വൈറസുകള്‍ പടര്‍ത്തുകയും ചെയ്ത നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ഇടിവെട്ടേറ്റ അവസ്ഥയിലാണ്. അധികാരമില്ലാതെ അരനിമിഷംപോലും കഴിയാനാവാത്ത അവര്‍ എങ്ങനെയെങ്കിലും ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് കരുതി. അതിന് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പൊറാട്ടുനാടകങ്ങളും നടത്തി. എന്നാല്‍ അതൊന്നും ഇവിടുത്തുകാരുടെ മനസ്സിന്റെ നാലയലത്തുപോലും എത്തുകയുണ്ടായില്ല.
അതിന്റെ ഇച്ഛാഭംഗം എങ്ങനെയൊക്കെ തീര്‍ക്കാമെന്ന ചിന്തയിലാണ് അവര്‍. കോണ്‍ഗ്രസ്സാണ് തികച്ചും നാണംകെട്ടത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അതിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയെ കൂട്ടുപിടിച്ചുപോലും തന്റെ പെരുംനുണയ്‌ക്ക് ബലമേകാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. അതിന് കോടതിയില്‍നിന്ന് കണക്കിന് കിട്ടി. ഒരു ഭരണകൂടം എങ്ങനെയാണ് ജനങ്ങളെ സേവിക്കുന്നതെന്നും അവരുടെ പ്രതീക്ഷകള്‍ പൂവണിയിക്കാനുള്ള വഴികള്‍ വെട്ടിയൊരുക്കിക്കൊടുക്കുന്നതെന്നും വ്യക്തമായി മനസ്സിലാക്കിയവര്‍ രാഹുലും സംഘവും പടച്ചുവിട്ട പെരുംനുണകളുടെ മുദ്രാവാക്യങ്ങള്‍ തള്ളിക്കളയുകയായിരുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ തേരോട്ടം നടത്തുന്നതിലൂടെ ഭരണം സ്വപ്‌നം കണ്ടവര്‍ക്ക് ഇരട്ടപ്രഹരം പോലെയായി തെരഞ്ഞെടുപ്പ് ഫലം. ഇത്തരമൊരു സ്ഥിതിയില്‍ ഇനിയും മുന്നോട്ടുപോയാല്‍ പാര്‍മെന്റില്‍ പാര്‍ട്ടിപ്രതിനിധികള്‍ രണ്ടക്കം പോലും കടക്കാത്ത നിലവരും എന്ന് മനസ്സിലാക്കാന്‍ ഗവേഷണം വേണ്ടല്ലോ.
നിവൃത്തിയില്ലാതെ രാഹുല്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. നരേന്ദ്രമോദിക്കെതിരെ വിടുവായത്തം പറയുകയല്ലാതെ ക്രിയാത്മക രാഷ്‌ട്രീയത്തിന്റെ തരിപോലും കൈയിലില്ലാത്ത രാഹുല്‍ പാരമ്പര്യത്തിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഇനിയും അങ്ങനെ മുന്നോട്ടുപോയാല്‍ ചരിത്രത്തിന്റെ കരിമ്പടത്തിനുള്ളില്‍ ഒളിക്കേണ്ട സ്ഥിതിവരും. അങ്ങനെ വരാതിരിക്കാനുള്ള മാര്‍ഗമെന്ന നിലയ്‌ക്കാണ് രാഹുല്‍ അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ തയാറായിരിക്കുന്നത്. കാര്യപ്രാപ്തിയോടെ ഒരൂ രാഷ്‌ട്രീയ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പാരമ്പര്യത്തിന്റെ പത്രാസ് മാത്രം പോര. ഈ രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വിചാരധാരകളെക്കുറിച്ച് അത്യാവശ്യം ധാരണയൊക്കെ വേണം. ആര്‍ക്കുനേരെയും എന്താരോപണവും വിളിച്ചുപറയാന്‍ അത്ര വലിയ കഴിവൊന്നും വേണമെന്നില്ല. അതിന് വിവരക്കേട് മതി താനും. രാഹുലിനെ സംബന്ധച്ചിടത്തോളം അത് പരസ്യമായ രഹസ്യവുമാണ്.
രാഹുലിന്റെ അതേവഴിയില്‍ തന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരും ചില മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും. അത്രമാത്രം അവരുടെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. അസം, ഝാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരാണ് രാജി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. രാജ്യത്ത് ആകമാനം തകര്‍ന്ന സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും രാജിയേപ്പറ്റി ചിന്തിച്ചു തുടങ്ങിയത്രെ. ജനങ്ങളെ മനസ്സിലാക്കുന്നതിലും അവരുടെ വികാരവിചാരങ്ങളുടെ ചിത്രം അറിയുന്നതിലും പരാജയപ്പെടുകയെന്നാല്‍ രാഷ്‌ട്രീയത്തിന്റെ പരാജയം തന്നെയാണ്. രാഷ്‌ട്രത്തിനുവേണ്ട വഴി അറിയുന്നതില്‍ പരാജയപ്പെട്ടവര്‍ രാജിവച്ച് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കി ഉയരുകയാണ് വേണ്ടത്. ഭരണകൂടത്തെ ഇരുപത്തിനാലു മണിക്കൂറും പഴി പറയാനുപയോഗിക്കുന്ന സമയം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ വിനിയോഗിക്കണം. പൈതൃകവും പാരമ്പര്യവും മുന്നോട്ടുള്ള യാത്രയ്‌ക്ക് കൈമുതലാവണമെങ്കില്‍ എന്താണ് അതൊക്കെയെന്ന് തിരിച്ചറിയണം. ചുരുക്കിപ്പറഞ്ഞാല്‍ പണിയെടുക്കണം. പാരമ്പര്യത്തിന്റെ പത്രാസില്‍ ഇനി ഈ രാജ്യത്തെ നയിക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കുന്നതത്രേ നന്ന്. കാരണം ഇന്ത്യന്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, ജനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് കുതിക്കുന്ന ഭരണകൂടമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാമതും അധികാരത്തിലേറുന്നത്. അതിനെതിരു നില്‍ക്കുന്ന രാഷ്‌ട്രീയ നൃശംസതകള്‍ക്ക് രാജിയല്ലാതെ മറ്റെന്തു വഴി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: