ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ആനന്ദിന്റെ ആള്‍ക്കൂട്ടം, സേതുവിന്റെ പാണ്ഡവപുരം, കാക്കനാടന്റെ ഉഷ്ണമേഖല, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍, ടി.ആറിന്റെ കൊരുന്ന്യേടത്ത് കോമൂട്ടി തുടങ്ങിയവ ഇന്നും ആധുനികതയുടെ കയ്യൊപ്പ് ചാര്‍ത്തിയ കൃതികളായി അറിയപ്പെടുന്നു. കെ.പി. അപ്പന്, വി. രാജകൃഷ്ണന്, ആഷാ മേനോന്, നരേന്ദ്രപ്രസാദ് തുടങ്ങിയ ആധുനിക നിരൂപകരും ഈ കാലത്താണ് രംഗത്തുവന്നത്. ആധുനികതയുടെ സ്വാധീനം ചെറുപ്പക്കാരില്‍ മയക്കുമരുന്നും ഹിപ്പി സംസ്കാരവും വളര്‍ത്തിയെന്ന് പ്രതിബദ്ധതാ സാഹിത്യത്തിന്റെ വക്താക്കളായ പി. ഗോവിന്ദപ്പിള്ളയും പവനനും എന്‍.ഇ. ബാലറാമും കെ.ഇ.എന്‍. കുഞ്ഞഹമ്മദും പറഞ്ഞുകൊണ്ടേയിരുന്നു.
റഷീദ് പാനൂര്‍ ‘ആത്മാവില്‍ മുറിവേറ്റ മാലാഖമാര്‍’ എന്ന നിരൂപണ ഗ്രന്ഥത്തിലൂടെ കേരളത്തിലെ ആധുനിക എഴുത്തുകാരുടെ വിഖ്യാത കൃതികളെ പുനര്‍ മൂല്യനിര്‍ണയം ചെയ്യുകയാണ്. ഈ ഗ്രന്ഥത്തിലെ ആദ്യലേഖനം. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളിലെ മെറ്റാഫിസിക്കലായ തലം ഭാരതീയദര്ശനത്തിന്റേയും സൂഫിസത്തിന്റേയും കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുന്നതാണ്. അനല്‍ഹഖ് (അഹംബ്രഹ്മാസ്മി) എഴുതിയ ബഷീര്‍ ഓറിയന്റല്‍ മിസ്റ്റിസിസത്തിന്റെ വക്താവാണെന്നതിന് അദ്ദേഹത്തിന്റെ രചനകളിലെ ചരാചര സ്നേഹവും പ്രകൃതിയിലെ ദൈവിക ചൈതന്യവും തെളിവാണെന്ന് റഷീദ് പാനൂര്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. ഖലീല്‍ ജിബ്രാന്, മുഹമ്മദ് ഇക്ബാല്‍, ടാഗോര്‍ തുടങ്ങിയ മിസ്റ്റിക്കുകളുടെ പ്രപഞ്ച വീക്ഷണം ബഷീറിനുണ്ട് എന്നാണ് റഷീദിന് പറയാനുള്ളത്.
ഈ പുസ്തകത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനം ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ളതാണ്. അസ്തിത്വ ദുഃഖവും അബ്സേര്‍ഡ് വ്യൂ ഓഫ് ലൈഫും പഠിച്ച് വിജയന്റെ ദര്‍ശനം നെഗറ്റീവാണെന്ന് വാദിക്കുന്നവരെ റഷീദ് വെല്ലുവിളിക്കുന്നത് വിജയന്റെ മനുഷ്യസ്നേഹത്തിന്റെ നീരുറവ ഖസാക്കിന്റെ ഇതിഹാസത്തില്‍ തളംകെട്ടി നില്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ഖസാക്കിലെ ഭാഷയും ഇമേജറിയും ആഴത്തില്‍ പഠിക്കുന്ന ഈ ലേഖനം ഖസാക്ക് പഠനങ്ങളില്‍ ഒറ്റപ്പെട്ട് നില്ക്കുന്നു.
ലാറ്റിനമേരിക്കയില്‍ ഉടലെടുത്ത ‘മാജിക്കല്‍ റിയലിസം’ മലയാളത്തിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ചാണ് സമാഹാരത്തിലെ മറ്റൊരു പഠനം. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ പരിമിതികളെ നോക്കി റഷീദ് പരിഹസിക്കുന്നത് ഗാര്‍സിയാ മാര്‍കേസിന്റെ കൃതികളില്‍ പ്രത്യക്ഷത്തില്‍ കമിറ്റ്മെന്റ് പ്രത്യക്ഷപ്പെടുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞ 35 വര്‍ഷമായി മലയാളത്തില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരും അവരുടെ രചനകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇടതുപക്ഷം മാര്‍കേസില്‍ നിന്നും വാര്‍ഗാസ് യോസയില്നിന്നും പഠിക്കേണ്ട പാഠം, എങ്ങനെ കമിറ്റ്മെന്റ് നോവല്‍ സൂപ്പര്‍ഫിഷലായ പ്രതിബദ്ധതയില്ലാതെ എഴുതാം എന്നതാണ്. ആദ്യകാല ലാറ്റിനമേരിക്കന്‍ നോവലായ റൂഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലിനെക്കുറിച്ച് റഷീദ് പറയുന്ന ഭാഗമിതാ
”ശാപഗ്രസ്തമായ ഒരു ഗ്രാമത്തില്‍ നൂറ്റാണ്ടു
കളായി നിലനില്‍ക്കുന്ന ചൂഷണത്തിന്റെ
കഥയാണീ നോവല്‍ പറയുന്നത്, പക്ഷേ
നറേഷന്റെ മാഗ്നറ്റിക്കായ പ്രത്യേകത ഈ കൃതിയെ ഒരു എപ്പിക് മേക്കിങ് നോവലാക്കി മാറ്റുന്നു. കേശവദേവും ചെറുകാടും എഴുതിയ അസംഖ്യം നോവലുകള്‍ സമൂഹത്തിന്റെ മുഖത്ത് നോക്കി അത്യുച്ചത്തില്‍ ചിലത് വിളിച്ചുപറയുക മാത്രമാണ് ചെയ്തത്. കാരൂരും ബഷീറും ഉറൂബും കഥയുടെ ജൈവ വികാസത്തിനാവശ്യമായ സൗന്ദര്യപരമായ മെറ്റബോളിസം കൊണ്ട് തങ്ങളുടെ കലകളെ ധന്യമാക്കിയതുകൊണ്ടാണ് ഇന്നും ആധുനികരായി നിലകൊള്ളുന്നതെന്നും റഷീദ് സ്ഥാപിക്കുന്നു.
കമലാ സുരയ്യയുടെ മാനസികാവസ്ഥ അപഗ്രഥിക്കുന്ന ‘രതിയുടെയും മൃതിയുടെയും കല’ ഈ എഴുത്തുകാരിയുടെ വൈകാരികലോകം തുറന്നു കാണിക്കുന്നു. വ്യക്തിയിലേക്കും അവനെ ചൂഴ്ന്ന പ്രശ്നങ്ങളിലേക്കും കടന്നുചെല്ലുന്ന കമലാസുരയ്യയുടെ രചനകള്‍ക്ക് ഒരു ഭാവഗീതത്തിന്റെ ഏകാഗ്രമായ ആഴവും താളവുമുണ്ടെന്ന് റഷീദ് പറയുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. മുകുന്ദന്, ആനന്ദ്, കാക്കനാടന് തുടങ്ങിയ ആധുനിക എഴുത്തുകാരുടെ രചനകളിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള ശ്രമവും റഷീദ് നടത്തുന്നുണ്ട്.
വിശ്വസാഹിത്യത്തിലെ ദീപഗോപുരങ്ങളായ സാമുവല്‍ ബക്കറ്റ്, ആല്‍ബേര്‍ കാമു, വിപ്ലവത്തിന്റെ അഗ്നിനക്ഷത്രമായ നെറൂദ തുടങ്ങിയവരെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയങ്ങളാണ്. ചുള്ളിക്കാടിന്റെ പൈങ്കിളി സീരിയല്‍ അഭിനയവും കന്നട എഴുത്തുകാരന് അനന്തമൂര്‍ത്തിയുടെ കാപട്യവും എടുത്തുകാണിക്കുന്ന ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: