ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും അനുഗ്രഹം തേടി നരേന്ദ്ര മോദിയും അമിത് ഷായും. ദല്‍ഹിയിലെ വീട്ടിലെത്തിയാണ് നേതാക്കള്‍ ഇരുവരെയും കണ്ടത്. അദ്വാനിയുടെ കാല് തൊട്ടു വന്ദിച്ച് മോദിയും ഷായും അനുഗ്രഹം വാങ്ങി. മോദിയെ ആലിംഗനം ചെയ്താണ് ജോഷി സ്വീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാംവട്ടവും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെത്തിയ മോദിയെയും ഷായെയും ഏറെ വൈകാരികമായാണ് അദ്വാനിയും ജോഷിയും സ്വീകരിച്ചത്. അദ്വാനിയെപ്പോലുള്ള മഹാന്മാര് പാര്‍ട്ടി കെട്ടിപ്പടുക്കാനും ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ പകര്ന്നുനല്കാനും പതിറ്റാണ്ടുകളോളം പ്രയത്നിച്ചതിനാലാണ് ബിജെപിക്ക് ഇപ്പോള്‍ വിജയം നേടാന്‍ സാധിച്ചതെന്ന് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് മോദി അഭിപ്രായപ്പെട്ടു. പണ്ഡിതനും ബുദ്ധിജീവിയുമായ മുരളീ മനോഹര്‍ ജോഷി ബിജെപിയെ ശക്തിപ്പെടുത്താന്‍ ഏറെ പ്രയത്നിച്ചു. എന്നെപ്പോലുള്ള നിരവധി കാര്യകര്‍ത്താക്കള്‍ക്ക് വഴികാട്ടിയായി. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ അതുല്യമാണ്, മോദി ചൂണ്ടിക്കാട്ടി.
ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതിന് മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നത് പാര്‍ട്ടിയുടെ സംസ്കാരമാണെന്ന് ജോഷി വ്യക്തമാക്കി. ഇരുവരും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. വലിയ വിജയവും നേടി. അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപിയുടെ അത്ഭുതാവഹമായ വിജയത്തിന് നേരത്തെ മോദിയെ അദ്വാനി അഭിനന്ദിച്ചിരുന്നു. 75 വയസ്സ് കഴിഞ്ഞവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് അദ്വാനിയും ജോഷിയും ഇത്തവണ മത്സരിച്ചിരുന്നില്ല. ഇത് വിവാദമാക്കിയ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ജോഷി കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് വ്യാജപ്രചാരണം നടത്തിയിരുന്നു. അദ്വാനിയുടെ സീറ്റായ ഗാന്ധിനഗറില്‍ മത്സരിച്ച അമിത് ഷാ 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: