നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുന്ന ചരിത്രപരമായ ജനവിധി ഉയര്‍ത്തിയ ആവേശത്തിന്റെ അലകള്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാത്തത് സ്വാഭാവികം. 2014-ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയടക്കം സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ച മോദി തന്റെ സര്‍ക്കാര്‍ ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുകയെന്ന് വ്യക്തമാക്കുകയുണ്ടായി. ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിനിടെ മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ വലിയ വിജയങ്ങളായിത്തീരുകയും, ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നേര്‍ക്ക് ആദരവോടെ ഉറ്റുനോക്കുകയും ചെയ്തു. വന്‍ ശക്തികളുടെ ഭരണാധിപന്മാര്ക്കു മുന്നില്‍ വിധേയത്വത്തോടെ പെരുമാറിയിരുന്ന പതിവുരീതി ഉപേക്ഷിച്ച മോദി അവരോട് ഇന്ത്യയ്ക്കു ചേര്‍ന്ന അന്തസ്സോടും അഭിമാനത്തോടുമാണ് ഇടപഴകിയത്. ഇത് ഇന്ത്യയുടെ യശസ്സുയര്‍ത്തുകയും, സാമ്പത്തികരംഗമുള്പ്പെടെയുള്ള മേഖലകളില്‍ നേട്ടമാവുകയും ചെയ്തു.
അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ പ്രധാനമന്ത്രി മോദി ലോക നേതാവായിരിക്കുന്നു എന്നതിന്റെ തെളിവാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിച്ചതിന് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളില്‍നിന്ന് ലഭിച്ച പ്രശംസ. തിളങ്ങുന്ന വിജയം നേടിയ മോദിയെ ആദ്യം അഭിനന്ദിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് മോദി നല്കുന്ന നേതൃത്വത്തിലുള്ള വിശ്വാസം പുനരര്പ്പിക്കുന്നതാണ് ഈ വിജയമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു.
സുനിശ്ചിതമായ വിജയം നേടിയ മോദിയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ടെലഗ്രാം അയയ്ക്കുകയുണ്ടായി. മോദി നേടിയത് അനിവാര്യമായ വിജയമാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അഭിപ്രായപ്പെട്ടു. മോദിയെ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അയച്ച കത്തിലുള്ളത്. ഫോണില്‍ അഭിനന്ദനം അറിയിച്ച ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സന്ദേശത്തില്‍ സമാധാനത്തിനുവേണ്ടി മോദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തില്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും മോദിയെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഹത്തായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുകയാണെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്ക്കുവേണ്ടി ഇന്ത്യയുടെ ഉത്തമ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന രീതിയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. വിശ്വപൗരനാവാന്‍ ശ്രമിച്ച പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ നയത്തിന്റെ ഉപജ്ഞാതാവ്. ലോകരാജ്യങ്ങളുമായുള്ള ബന്ധത്തിലും രാജ്യാന്തര വേദികളിലും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അവസരങ്ങള്‍ നെഹ്റു കളഞ്ഞുകുളിച്ചു. ജമ്മു കശ്മീര്‍ പ്രശ്നം, ചൈനയുമായുള്ള ബന്ധം, യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ നെഹ്റു വന്‍ പരാജയമായിരുന്നു. ജനതാ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തും, വാജ്പേയി നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുമാണ് തലതിരിഞ്ഞ നെഹ്റുവിയന്‍ നയത്തിന് മാറ്റം വന്നത്. ഈ നയം ഫലപ്രദമായി നടപ്പാക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. വീണ്ടും അധികാരത്തില്‍ വരുന്ന മോദിക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഇന്ത്യാസെന്ട്രിക് ആയ പുത്തന്‍ ലോകക്രമത്തിന് വഴിതെളിക്കുമെന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: