ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ രാജി തീരുമാനിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചതോടെ ഇന്ന് അടിയന്തര വര്‍ക്കിങ്കമ്മിറ്റി ചേരുകയാണ്. വന്‍പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ്സിന്റെ മൂന്നു സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിവെച്ചിട്ടുണ്ട്. രാഹുലടക്കം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് യുപിയിലെ പ്രസിഡന്റ് രാജ് ബബ്ബാര്‍ രാജിവെച്ചത്. ഫത്തേപൂര്‍ സിക്രിയില്‍ മത്സരിച്ച ബബ്ബാറും ദയനീയമായി തോറ്റു. അമേഠിയിലെ ജില്ലാ പ്രസിഡന്റും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് യുപിയില്‍ 2014ലേക്കാള്‍ വോട്ട് ശതമാനവും താഴേക്ക് പോയിരുന്നു. ഒഡീഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന് പട്നായിക്കും രാജിവെച്ചൊഴിഞ്ഞു. ഒഡീഷയില്‍ നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നഷ്ടമായി. കര്‍ണ്ണാടകയില്‍ പ്രചരണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവ് എച്ച്.കെ പാട്ടീലും രാജിവെച്ചു.
തെരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കുന്നതില്‍ എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് സംഭവിച്ച വീഴ്ചയും രാഹുലിന്റെ ഉപദേശകനായി കോണ്‍ഗ്രസ് സംഘടനാ സംവിധാനം നിയന്ത്രിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട കെ.സി വേണുഗോപാലിന്റെ നടപടികളും നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അമേഠിയിലെ പരാജയം മുന്നില്‍ കണ്ട് വയനാട്ടിലേക്ക് രാഹുലിനെ മാറ്റാനായി ആന്റണി മുന്‍കൈ എടുത്തത് വലിയ നേട്ടമായാണ് ഉപദേശക വൃന്ദം പ്രചരിപ്പിക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ദയനീയമായേനെയെന്നും വിലയിരുത്തുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ഭരണം പിടിച്ചെടുത്ത മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ അവസ്ഥ അതീവ ദയനീയമായി മാറിയിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും തമിഴ്നാട്ടിലും മാത്രമാണ് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തിയത്. മറ്റൊരിടത്തും കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം പോലുമില്ല.
കടുത്ത നിരാശയിലും മാനസിക സമ്മര്‍ദ്ദത്തിലുമാണ് രാഹുലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാജയം അംഗീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ വിതുമ്പലിന്റെ വക്കിലെത്തിയിരുന്നു. ഇത്ര കനത്ത തിരിച്ചടി കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമേഠിയില്‍ 52,000 വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതു കൂടിയായതോടെ രാഹുല്‍ വ്യക്തിപരമായി ഏറെ പ്രതിസന്ധിയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാഹുലിന്റെ രാജി ആവശ്യം പ്രവര്‍ത്തക സമിതി അംഗീകരിക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്സിനെ നിലവിലെ അവസ്ഥയില്‍ ഏറ്റെടുക്കാന്‍ ഒരു നേതാവും തയാറല്ലെന്നതും പ്രതിസന്ധിക്ക് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: