ന്യൂദല്‍ഹി: കഠിനാദ്ധ്വാനം എന്ന വാക്കിന് ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ. അതാണ് അമിത് ഷാ. 2014 ജൂലൈ 9ന് ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് എത്തിയത് മുതല്‍ അമിത് ഷാ നടത്തിയ അത്യദ്ധ്വാനത്തിന്റെ ഫലമാണ് ബിജെപിയുടെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ മൂന്നുമാസങ്ങള്‍ കൊണ്ട് 312 തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ അമിത് ഷായുടെ സംഘാടന മികവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാകെ പ്രകടമായിരുന്നു.
മികച്ച ഭരണനേട്ടങ്ങളും അടല്‍ ബിഹാരി വാജ്പേയി എന്ന പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവവും അപ്രസക്തമായ 2004ലെ ബിജെപിയുടെ പരാജയ കാരണങ്ങളെ മറികടക്കുന്നതില്‍ അമിത് ഷാ നേടിയ വിജയമാണ് എന്‍ഡിഎയുടെ ഭരണ തുടര്‍ച്ച. 2004ലെ തോല്‍വിയെപ്പറ്റി ആഴത്തില്‍ പഠിച്ച് അതിന് പരിഹാരം കാണാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമിത് ഷാ ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യ തിളങ്ങുന്നു എന്ന 2004ലെ മുദ്രാവാക്യം വിജയിച്ചെങ്കിലും താഴേത്തട്ടില്‍ പ്രവര്‍ത്തനം എത്തിക്കുന്നതില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് എന്‍ഡിഎയ്ക്ക് തുടര്‍ച്ച നഷ്ടപ്പെടാന്‍ കാരണം. ഇതിനുള്ള പരിഹാരമായി ബൂത്ത് തലത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ അമിത് ഷാ നടത്തിയ പരിശ്രമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ്.
ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ചു
മൂവായിരത്തിലധികം മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിച്ച് മോദിയുടെ ഭരണനേട്ടങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമിത് ഷാ രൂപം നല്കി. പാര്‍ട്ടി അംഗസംഖ്യ പതിനൊന്ന് കോടിയിലേക്ക് ഉയര്‍ത്താന്‍ നടത്തിയ അംഗത്വ യജ്ഞം ലോക റിക്കോര്‍ഡിലേക്കെത്തി. പതിനൊന്ന് കോടി ്അംഗങ്ങളുടേയും വ്യക്തിവിവരങ്ങള്‍ അടക്കം ഏതു നിമിഷവും ലഭ്യമാകുന്ന തരത്തില്‍ സാങ്കേതിക വിദ്യകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാനും ദേശീയ അധ്യക്ഷന്‍ സാധിച്ചു.
മൈക്രോ മാനേജ്മെന്റ് സംവിധാനം തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മികച്ച രീതിയില്‍ ബിജെപി ഉപയോഗിച്ചു. ബൂത്ത് കമ്മിറ്റികള്‍ക്ക് പുറമേ വോട്ടേഴ്സ് ലിസ്റ്റിലെ ഓരോ പേജിനും പേജു പ്രമുഖന്മാരെയും പത്തുവീടുകള്‍ക്ക് ഒരു പ്രമുഖനെയും വരെ നിയോഗിച്ച് കൃത്യം വോട്ടുകളുടെ കണക്ക് ശേഖരിക്കാനും പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം ഏറ്റവും താഴേത്തട്ടിലേക്ക് വരെ വിന്യസിക്കാനും ദേശീയ അധ്യക്ഷന്‍ സാധിച്ചു. ഇതിനായി അദ്ദേഹം ദേശീയ തലം മുതല്‍ പഞ്ചായത്ത്, ബൂത്ത് തലം വരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മികച്ച നിരയെ ഉപയോഗിച്ചു.
ലക്ഷ്യത്തിലേക്ക് ജാഗ്രതയോടെ
2014 ജൂലൈ മുതലുള്ള അഞ്ചുവര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും നിരവധി തവണ യാത്ര ചെയ്ത് പാര്‍ട്ടി സംവിധാനങ്ങളെ ഊര്‍ജ്ജിതമാക്കി നിര്‍ത്താന്‍ അമിത് ഷായ്ക്ക് സാധിച്ചു. യുപി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും തെക്കന്‍ സംസ്ഥാനങ്ങളെയും കൂടുതല്‍ ശ്രദ്ധയോടെ അമിത് ഷാ നിരീക്ഷിച്ചു. 75 സീറ്റുകളാണ് ഇവിടെ നിന്ന് ലക്ഷ്യം വെച്ചത്. അത്രതന്നെ ബിജെപി സീറ്റുകളെത്തിക്കാന്‍ സാധിച്ചത് അമിത് ഷായുടെ സംഘടനാ പ്രവര്‍ത്തന മികവ് തെളിയിക്കുന്നു.
ആര്‍എസ്എസിലൂടെ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അമിത്ഷാ എബിവിപി ചുമതലകള്‍ വഹിച്ച ശേഷം 1986ലാണ് ബിജെപിയിലെത്തുന്നത്. സംഘപ്രചാരകനായിരുന്ന നരേന്ദ്രമോദി ബിജെപിയിലെത്തുന്നതിന് ഒരുവര്‍ഷം മുമ്പ് ബിജെപി ചുമതലയിലെത്തിയ അമിത് ഷാ 1990ല്‍ ഗുജറാത്ത് ഫിനാന്‍സ് കോര്പ്പറേഷന് ചെയര്മാന് പദവിയിലെത്തി. പിന്നീട് 1997ല്‍ സര്‍കജില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയുമായി. 1998,2002,2007 എന്നീ വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ച അമിത്ഷാ 2012ല്‍ നാരാന്‍പുരയില്‍ നിന്നാണ് എംഎല്‍എയായത്.
വീ@ും വിജയശില്‍പ്പി
2001ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ച ഷാ ഒരേ സമയം 12 വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിസഭയിലെ ശക്തനായ രണ്ടാമനായിരുന്നു. ഒടുവില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വിജയമുറപ്പിക്കാന്‍ അമിത്ഷാ നിയോഗിക്കപ്പെട്ടു. 80 സീറ്റില്‍ 73ഉം നേടി യുപിയില്‍ ബിജെപിക്ക് ചരിത്രവിജയം നല്കിയ അമിത്ഷായുടെ തന്ത്രങ്ങള്‍ 2019ലും ആവര്‍ത്തിച്ചു.
മഹാഗഢ്ബന്ധനെ പരാജയപ്പെടുത്തി അറുപതിനടുത്ത് സീറ്റുകളിലേക്ക് യുപിയില്‍ ബിജെപിയെ എത്തിക്കാന്‍ ഇത്തവണയും അമിത് ഷായ്ക്ക് കഴിഞ്ഞു. ഇതിന് പുറമേ ബംഗാളിലും ഒഡീഷയിലും ഷായുടെ മാജിക് വിജയം കണ്ടു. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ ഷാ ഇത്തവണ ഗാന്ധിനഗറില്‍ നിന്ന് റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനിലേക്കുള്ള അമിത് ഷായുടെ യാത്രയായാണ് ലോക്സഭാ വിജയം രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: