നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അനാഥാലയങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു ഒരു റിപ്പോര്‍ട്ട് കണ്ടു. ഇത് അടിയന്തിര ഇടപെടല്‍ ഉണ്ടാകേണ്ട ഒരു വിഷയംതന്നെ. നാടുള്ളിടത്തോളംകാലം അനാഥരും ഉണ്ടായിക്കൊണ്ടേയിരിക്കും എന്നൊരു പറച്ചിലുണ്ട്. പക്ഷേ, അനാഥാലയങ്ങള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചു വേണം ചിന്തിക്കാന്‍. ഒരാള്‍ അനാഥനോ അനാഥയോ ആകുന്നത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ. അനാഥാലയങ്ങള്‍ കൂടുതല്‍ സ്ഥാപിക്കപ്പെടണം എന്ന താല്പര്യവും ഹനിക്കപ്പെടണം. എന്നാല്‍ നിലവില്‍ ഉള്ളവയെ സംരക്ഷിക്കണം. അവ നിയമാനുസൃതം അനാഥരുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതായിരിക്കുകയും വേണം.
സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് കേരളത്തില്‍മാത്രം നാനൂറോളം അനാഥാലയങ്ങള്‍ അടച്ചുപൂട്ടിയതുമൂലം ഏഴായിരത്തോളം കുഞ്ഞുങ്ങളാണത്രെ വീണ്ടും അനാഥരായത്. നിയമപ്രശ്നം മൂലം ഈ കുട്ടികളെ മറ്റ് കേന്ദ്രങ്ങള്‍ സ്വീകരിച്ചതുമില്ല. ഈ വാര്‍ത്ത നമ്മളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍കഴിയുന്ന ഒന്നല്ല. അനാഥരെയും അശരണരെയും ആലംബഹീനരെയും സഹായിക്കുന്ന ഒരു ഭരണസംവിധാനമാണ് എക്കാലവും കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
ബാലനീതിനിയമം കര്‍ശനമായി പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ താമസം നേരിട്ടതാണ് ഇത്രയധികം സ്ഥാപനങ്ങള്‍ പൂട്ടേണ്ടിവരാന്‍ കാരണം. ഇനിയും തീരുമാനം വൈകിയാല്‍ വീണ്ടും നാനൂറോളം കേന്ദ്രങ്ങളും പൂട്ടേണ്ടി വരുമെന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് തീരുമാനം അധികൃതര്‍ കാണണം.
അടച്ചുപൂട്ടിയ കേന്ദ്രങ്ങളിലെ പലകുട്ടികള്‍ക്കും സ്കൂള്‍വിദ്യാഭ്യാസം നഷ്ടപ്പെട്ടു. കൂടുതല്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നതോടെ പുറത്താകുന്നവരുടെ എണ്ണം സ്വാഭാവികമായും കൂടും. ഇത് ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം. കേരളത്തിലെ പ്രത്യേക സാമൂഹ്യ സാഹചര്യത്തെ മുന്‍നിര്‍ത്തി പല വിട്ടുവീഴ്ചകളും ചെയ്തെങ്കില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുള്ളൂ.
അതിന് ഉതകുന്ന തരത്തിലുള്ള നിയമപരമായ ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അതില്‍ പ്രധാനപ്പെട്ട ഒരു നിബന്ധനയാണ് ഒരു ജില്ലയില്‍ ജനിച്ചവര്‍ക്ക് മറ്റൊരു ജില്ലയിലെ സ്ഥാപനത്തില്‍ പ്രവേശനം ഇല്ലെന്നുള്ളത്. ഇത് തീര്‍ത്തും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. അതുപോലെ ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം. അതിന് ഗവണ്മെന്റിന്റെ ഇടപെടലുകള്‍ ഉണ്ടായേ പറ്റൂ. സുരക്ഷിതമായ താമസം, പോഷകസമൃദ്ധമായ ഭക്ഷണം, അര്‍ഹതപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ സൗകര്യങ്ങള്‍, പുനഃരധിവാസം ഇവയൊക്കെ അവര്‍ക്ക് കിട്ടേണ്ടത് തന്നെ.
ശ്രദ്ധിക്കേണ്ടതു കള്ളനാണയങ്ങളെയാണ്. ലാഭവും വരുമാനവും മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വിദേശസഹായം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യാപകമാണ്. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വാര്‍ദ്ധക്യകാലത്ത് വന്‍തുക നല്കി ഇവിടങ്ങളില്‍ ഉപേക്ഷിക്കുന്നരും കുറവല്ല.
എന്നാല്‍ നിയമാനുസൃതവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. അവര്‍ക്ക് വേണ്ടുന്ന പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് സമൂഹത്തിന്റെകൂടെ ഉത്തരവാദിത്ത്വമാണ്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷംപേരും അവരുടെ വീടുകളിലെ ആഘോഷങ്ങള്‍ മിക്കതും സംഘടിപ്പിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലാണ്. അതൊരു നല്ല കാഴ്ചപ്പാടാണ്. അത് അവിടെ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്കപ്പുറം തന്റെ ജീവിതത്തില്‍ ആരൊക്കെയോ കൂടെയുണ്ടെന്നുള്ള തോന്നലും ഉണ്ടാകുന്നു.
അനാഥത്വത്തിന്റെ ദുഃഖം അത് അനുഭവിച്ചവര്‍ക്കേ അറിയൂ. അവര്‍ക്കായി നമുക്ക് ഒരുമിച്ചുനിന്നു ശ്രമിച്ചാലോ? തുടക്കം കുടുംബങ്ങളില്‍നിന്ന് തന്നെയാകണം. ആധുനിക ജീവിതയാത്രയില്‍ സുഖം മാത്രം തേടിപ്പോകുന്ന, അനുഭവിച്ചുവളരുന്ന നമ്മുടെ കുട്ടികള്‍ക്ക് സ്കൂളിലെ വിനോദയാത്രക്കൊപ്പം ഇത്തരം അനാഥാലയങ്ങളും ആതുരാലയങ്ങളും സന്ദര്‍ശിക്കാന്‍ സാഹചര്യം ഉണ്ടാകണം. രക്ഷിതാക്കളും അദ്ധ്യാപകരും ആണ് അതിന് വഴികാട്ടി ആകേണ്ടവര്‍.
തൊട്ടടുത്തിരിക്കുന്ന സഹപാഠിയുടെ സുഖത്തിലും ദുഖത്തിലും ഇല്ലായ്മയിലും വല്ലായ്മയിലും പങ്കുചേരാന്‍ ഓരോ കുട്ടിക്കും കഴിയണം. ഇപ്പോള്‍ രാവിലെ സ്യുട്ടും കോട്ടുമിടുവിച്ചു വീട്ടുപടിക്കല്‍നിന്നു സ്കൂള്‍ ബസിന്റെ പടിയിലേക്ക് കുട്ടിയെ കയറ്റി വിടുമ്പോള്‍ ‘ആരോടും മിണ്ടരുത്, ആര്‍ക്കും ഒന്നും പങ്കുവെയ്ക്കരുത്, ഓടരുത്, ചാടരുത് തുടങ്ങിയുള്ള നിര്‍ദേശങ്ങളാണല്ലോ രക്ഷിതാക്കള്‍ നല്‍കുന്നത്. എന്നാല്‍ ഒരു ദിവസം ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിയുന്ന മനോഭാവമുള്ളവരായി കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരണം. ആശുപത്രിയില്‍ കഴിയുന്ന അയല്‍ക്കാരെയും ബന്ധുമിത്രാദികളെയും സന്ദര്‍ശിക്കുവാന്‍ പോകുന്ന വേളയില്‍ കുട്ടികളെയും കൂട്ടുക.
തന്റെ മാതാപിതാക്കളെ വാര്‍ധക്യകാലത്തില്‍ സംരക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും കുട്ടികള്‍ നേര്‍സാക്ഷ്യങ്ങള്‍ ആകട്ടെ. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും ആകട്ടെ ഓരോ രക്ഷിതാവും തന്റെ കുട്ടിക്ക് കൊടുക്കുന്നത്. ഈ മാതൃകകള്‍ അവരെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി മാറ്റും. സ്വാര്‍ത്ഥമതികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനു പകരം തന്റെ ചുറ്റുമുള്ള സഹജീവികളെയും അതിലുപരി സമൂഹത്തെയും സ്വന്തം പ്രതിബിംബമായി കാണുന്ന ഒരു പുത്തന്‍സംസ്കാരം സാക്ഷാത്കരിക്കപ്പെടുവാന്‍ നമ്മള് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ കുടുംബബന്ധങ്ങളും സാമൂഹിക കാഴ്ചപ്പാടുകളും സുദൃഢവും സ്നേഹസമ്പന്നവുമാവുകയാണെങ്കില്‍ നാട്ടിലെ അനാഥാലയങ്ങളുടെ എണ്ണം കുറഞ്ഞുവരും. ഉള്ളതിനെ നന്നായി സംരക്ഷിച്ചു നിലനിര്‍ത്താന്‍ നമ്മുക്ക് സാധിക്കും. അതിനായിരിക്കട്ടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: