തിരുവനന്തപുരം: പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട. കുളവാഴ തുടങ്ങി ആറ്റില്‍ വ്യാപകമായിട്ടുളള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് നിലവിലുളള കരാറുകാരായ മാറ്റ് പ്രോപ്പിനെ മാറ്റി യുഎസ്എ ആസ്ഥാനമായിട്ടുളള എംജിഎം റിസോഴ്സിന് നല്‍കിയതിലാണ് രഹസ്യ അജണ്ട നടപ്പിലായത്. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിക്കാതെയാണ് എംജിഎമ്മിന് പാര്‍വതീ പുത്തനാറിന്റെ ശുചീകരണ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കിവില്‍ പ്രവര്‍ത്തി നല്‍കിയിരിക്കുന്നത്.
പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ നിന്നും വൃത്തിയാക്കല്‍ പുര്‍ത്തിയാക്കാതെ മാറ്റ്പ്രോപ്പ് പിന്‍വാങ്ങിയതാണ് എംജിഎമ്മിന് നല്കാന് കാരണമായത്. കോട്ടപ്പുറം പൊന്നാനി ഭാഗത്ത് ശുചീകരണം നടത്തിയിരുന്ന ഇവരെ ഇവിടേക്ക് കിവില്‍ ക്ഷണിക്കുകയായിരുന്നു. കോവളം മുതല്‍ ആക്കുളം വരെയുളള ശുചീകരണത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയായിരുന്നു എംജിഎം. എന്നാല്‍ ഇവരെ പിന്തളളിയാണ് മാറ്റ്പ്രോപ്പിന് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍പോലും ഇക്കാര്യത്തില്‍ അട്ടിമറിച്ചിരുന്നുവെന്നതാണ് വസ്തുത.
കഴിഞ്ഞ ജൂണിലാണ് കോവളം മുതല്‍ ആക്കുളം വരെയുളള ശുചീകരണം മാറ്റ്പ്രോപ്പിന് നല്‍കിയത്. മൂന്ന് മാസത്തെ കാലാവധിയില്‍ 35 ലക്ഷമാണ് കരാര്‍ തുകയായി ടെന്‍ഡറില്‍ കാണിച്ചത്. എന്നാല്‍ 42 ലക്ഷം രൂപയാണ് ഇക്കാര്യത്തില്‍ മാറ്റ്പ്രോപ്പിന് ചെലവഴിച്ചത്. മാത്രവുമല്ല കരാര്‍ വ്യവസ്ഥയില്‍ നിന്നും ഒരുമാസം അധികം അനുമതി വാങ്ങി ഒക്ടോബര്‍ വരെ നാലുമാസം ശുചീകരണ രംഗത്തുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കരാറില്‍ പറഞ്ഞിട്ടുളള ശുചീകരണത്തിന്റെ നാലിലൊരു ഭാഗം പോലും പൂര്‍ത്തിയാക്കാന്‍ മാറ്റ്പ്രോപ്പിന് കഴിഞ്ഞിട്ടില്ല. വളളക്കടവ് മുതല്‍ വെണ്‍പാലവട്ടം വരെയാണ് ഇവരുടെ ശുചീകരണം ഭാഗികമായി നടന്നത്. കരാറില്‍ പറഞ്ഞിട്ടുളള ആറിന്റെ വശങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആറ്റില്‍ കടപുഴകി വീണിട്ടുളള മരങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ തുടങ്ങിയവ ശാശ്വതമായി നീക്കം ചെയ്യാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വേണ്ടത്ര യന്ത്രസാമഗ്രികള്‍ ഇവര്‍ക്ക് ഇല്ലെന്നതാണ് പരാജയത്തിന് കാരണമായത്. എന്നാല്‍ ടെന്‍ഡര്‍ വ്യവസ്ഥയനുസ്സരിച്ചുളള യന്ത്രസാമഗ്രികളില്ലാത്ത ഇവര്‍ക്ക് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്.
ഒക്ടോബറില്‍ മാറ്റ്പ്രോപ്പ് ശുചീകരണം വിട്ടൊഴിഞ്ഞതോടെ ജനശ്രദ്ധയാകര്‍ഷിക്കാത്തവിധം മാറ്റ്പ്രോപ്പിന്റെ ജീവനക്കാരെക്കൊണ്ട് കഴിഞ്ഞ ആറ് മാസം ശുചീകരണം തട്ടിയുംമുട്ടിയും നീട്ടിക്കൊണ്ട് പോവുകയായിരുന്നു കിവില്‍ ചെയ്തത്. ഇതിനായി ചെലവഴിച്ചതും ലക്ഷങ്ങളാണ്. കഴിഞ്ഞ 13 നാണ് എംജിഎം ശുചീകരണം തുടങ്ങിയത്. ഇവരുടെ വീഡ് കട്ടര്‍ ഉപയോഗിക്കുന്നതിന് മണിക്കൂറില്‍ 6000 രൂപയെന്ന ക്രമത്തിലാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ എംജിഎമ്മിന് ശുചീകരണം കൈമാറിയെങ്കിലും നിയമാനുസൃതമുളള ടെന്‍ഡര്‍ നടപടികളുണ്ടായിട്ടില്ല. മാറ്റ്പ്രോപ്പിന്റെ കരാറിന്റെ മറവിലാണ് എജിഎംമ്മിനെ കിവില്‍ ശുചീകരണം ഏല്പിച്ചിരിക്കുന്നത്. മാറ്റ്പ്രോപ്പിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുളള കിവിലിലെ ചില ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: