ന്യൂദല്‍ഹി: വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും എന്‍ഡിഎ ഭരണം തുടരുമെന്ന് വ്യക്തമാക്കുന്നു. മുന്നൂറിലേറെ സീറ്റുകള്‍ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം. കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും മിക്ക എക്സിറ്റ് പോളുകളും പറയുന്നു. കേരളത്തില്‍ എന്‍ഡിഎ മൂന്നു സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്.
ആജ്തക്-ഇന്ത്യടുഡേ, സിഎന്‍എന്‍ എന്നിവരുടെ എക്സിറ്റ് പോളുകളാണ് എന്‍ഡിഎയ്ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നത്. എന്നാല്‍, എബിപിയുടെ എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്കു നല്‍കുന്നത് 267 സീറ്റുകള്‍. 543 അംഗ ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു പറയുന്നതും എബിപിയുടെ എക്സിറ്റ് പോള്‍.
ആജ്തക്-ഇന്ത്യ ടുഡേ എക്സിറ്റ്പോള്‍ പ്രവചിക്കുന്നത് എന്‍ഡിഎയ്ക്ക് 339 മുതല്‍ 365 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ്. സിഎന്‍എന്‍ പ്രവചിക്കുന്നത് 336 സീറ്റുകള്‍. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി ആധിപത്യം നിലനിര്‍ത്തും. ബംഗാള്‍, ഒഡീഷ, വടക്കു കിഴക്കന്‍ മേഖല തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കും.
ഉത്തര്‍പ്രദേശിലെ സീറ്റു നിലയില്‍ എക്സിറ്റ്പോളുകള് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ആജ്തക്-ഇന്ത്യ ടുഡേ പറയുന്നത് കഴിഞ്ഞ തവണത്തെ മുന്നേറ്റം ഇക്കുറിയും ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ ആവര്‍ത്തിക്കുമെന്നാണ്. എസ്പി-ബിഎസ്പി മഹാസഖ്യത്തിന് പത്തു മുതല്‍ പതിനാറു സീറ്റുകള്‍ മാത്രമേ ഇവര്‍ നല്‍കുന്നുള്ളൂ. ബിജെപിക്ക് അറുപത്തെട്ടു സീറ്റു വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. കോണ്‍ഗ്രസ് യുപിയില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്ന ഇന്ത്യടുഡേ പ്രവചനം ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ജയിക്കുന്ന സീറ്റ് സോണിയ മത്സരിക്കുന്ന റായ്ബറേലിയോ രാഹുല്‍ മത്സരിക്കുന്ന അമേഠിയോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ബംഗാളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് എന്‍ഡിഎ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ചില എക്സിറ്റ്പോള്‍ ഫലങ്ങളില്‍ കാണുന്നു. രാജ്യതലസ്ഥാനത്തെ ഏഴു സീറ്റിലും ബിജെപിക്കു ജയം. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍ നിന്ന് എന്‍ഡിഎ ശക്തമായി തിരിച്ചു വരുമെന്നും പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: