പത്രങ്ങളില്‍ നിന്ന്: ”സിമ്പിളായി പറഞ്ഞാല്‍ ഷോപ്പുകള്‍ക്ക് ഓണ്‍ലൈനായി തന്നെ ഷോപ്പിങ് നടത്താം. സംരംഭം വിജയമാണെന്ന് കണ്ടപ്പോള്‍ അവരെല്ലാം ഹാപ്പിയായി”.
‘ലളിത’വും ‘സന്തോഷ’വുമുണ്ടെങ്കിലും സിമ്പിളും ഹാപ്പിയും തന്നെ വേണം! ഈ ശൈലിക്ക് പ്രിയമേറി വരുകയാണ്! ഇതിന്റെ പ്രചാരകര്‍ ഇംഗ്ലീഷിനെയും മലയാളത്തെയും ഒന്നായി കാണുന്നവരാണത്രെ!
”54000 ജീവനക്കാരെ പിരിച്ചുവിടലിനു വിധേയമാക്കാനാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നീക്കം”.
ചിലര്‍ എന്തിനെയും ‘വിധേയ’മാക്കുന്നു. അരോചകവും അപഹാസ്യവുമാണ് ഈ പ്രയോഗം.
”54000 ജീവനക്കാരെ പിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം” എന്നെഴുതിയാല്‍ എന്താണ് കുഴപ്പം?
”500 പേരെയെങ്കിലും ഉടന്‍ നിയമനത്തിന് വിധേയമാക്കണം”.
”താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലിന് വിധേയമാക്കണം”.
”10 കൊല്ലം സര്‍വ്വീസുള്ളവരെ പ്രമോഷന് വിധേയമാക്കണം”.
ഇങ്ങനെയുള്ള പ്രയോഗങ്ങളും താമസിയാതെ ഉണ്ടായേക്കാം!
‘വിധേയ’ത്തിന് എഴുത്തുകാര്‍ ഇങ്ങനെ വിധേയരാകരുതെന്ന് അഭ്യര്‍ത്ഥിക്കാനേ കഴിയൂ.
”ഒരു മാസം കൊണ്ട് നീന്തലില്‍ നൈപുണ്യത നേടാം”.
‘നൈപുണ്യത’ തെറ്റ്
നിപുണത, നൈപുണ്യം എന്നിവ ശരി.
”ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കിയിട്ടില്ലാത്തവരാണ് അവര്‍”.
മഹത്വം തെറ്റ്.
മഹത്+ത്വം-മഹത്ത്വം ശരി
തത്വം തെറ്റ്
തദ്+ത്വം=തത്ത്വം ശരി
”സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് സത്യം മറച്ചുപിടിക്കാനാണെന്ന് ജനങ്ങള്‍ സംശയിച്ചേക്കാനിടയുണ്ട്”.
‘സംശയിച്ചേക്കാനിടയുണ്ട്’ എന്നതില്‍ ആവര്‍ത്തനമുണ്ട്.
ജനങ്ങള്‍ സംശയിച്ചേക്കാം (ശരി)
ജനങ്ങള്‍ സംശയിക്കാനിടയുണ്ട് (ശരി)
”നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ഹൃദയഭാഗമായ പോത്തന്‍കോടു മുതല്‍ നെയ്യാറ്റിന്‍കരവരെയുള്ള പ്രദേശത്താണ് ഇതിന്റെ പ്രവര്‍ത്തന മേഖല”.
‘നിലവില്‍’ ഒഴിവാക്കാം.
‘ജില്ലയുടെ ഹൃദയഭാഗമായ’ എന്നുവേണം
‘പ്രദേശമാണ് ഇതിന്റെ പ്രവര്‍ത്തനമേഖല’ എന്നോ’പ്രദേശത്താണ് ഇതിന്റെ പ്രവര്‍ത്തനം’എന്നോ വേണം.
‘തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗമായ, പോത്തന്‍കോടു മുതല്‍ നെയ്യറ്റിന്‍കരവരെയുള്ള പ്രദേശമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല (ശരി)
ചിലര്‍ക്ക് വിധേയത്വം പോലെ ഒഴിവാക്കാനാകാത്ത പ്രയോമാണ് ‘ഒരു’.
”ഒരു മനുഷ്യനായാല്‍ അല്‍പം മനുഷ്യത്വം ഉണ്ടായിരിക്കണം”.
”ഒരു ദിവസം 800 രൂപയാണ് ആ പണിക്കാരന് കൂലി”.
”ഒരു ഹെല്‍മറ്റ് ധരിക്കാതെ ഒരു ഇരുചക്രവാഹനവും ഓടിക്കരുത്”.
മൂന്നു വാക്യങ്ങളിലെയും ‘ഒരു’ ഒഴിവാക്കാം.
”വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലുമായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്”. (തെറ്റ്)
”വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്”. (ശരി)
പിന്‍കുറിപ്പ്:
ഒരു പ്രശസ്ത നോവലില്‍ നിന്ന്:
”അദ്ദേഹം പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ ഉറക്കെ പ്രസ്താവിച്ചു. അല്ല… ആ തൂക്കുമരം കാണാന്‍ പോകണ്ടേ”?
‘ചോദിച്ചു’ വിനു പകരം ‘പ്രസ്താവിച്ചു’ എന്നെഴുതിയത് പത്രഭാഷയുടെ സ്വാധീനതകൊണ്ടാവാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: