പെരിയ കൂട്ടക്കൊലക്കേസില്‍ ഒരു സിപിഎമ്മുകാരന് കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. കേസിലെ എട്ടാം പ്രതി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന ഇയാളെ നാട്ടിലെത്തിക്കുന്നതിനായി രാജ്യാന്തര ഏജന്‍സിയായ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതി പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവരാണ് പട്ടാപ്പകല്‍ കാസര്‍കോട്ട് പെരിയയില്‍ കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ മാസം പതിനാലിന് സിപിഎം ഉദുമ ഏരിയാ കമ്മിറ്റി സെക്രട്ടറി മണികണ്ഠന്, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ അറസ്റ്റിലാവുകയുണ്ടായി.
2019 ഫെബ്രുവരി പതിനേഴിന് നടന്ന കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അന്നേ ദിവസം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം. ഇത് പച്ചക്കള്ളമാണെന്നും, സിപിഎം അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങളെന്നും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന സിപിഎമ്മിന്റെ വാദം ഒന്നിനു പുറകെ ഒന്നായി പാര്‍ട്ടി നേതാക്കള്‍തന്നെ പിടിയിലായതോടെ പൊളിഞ്ഞിരിക്കുന്നു. കൊലപാതകത്തിനുശേഷം സിപിഎമ്മുകാര്‍ തന്നെയായ കൊലയാളികള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന പാര്‍ട്ടി നേതാക്കളായ മണികണ്ഠനുമായും ബാലകൃഷ്ണനുമായും ബന്ധപ്പെട്ടുവെന്നും, പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും, ആയുധങ്ങള്‍ ഒളിപ്പിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും വസ്ത്രങ്ങള്‍ കത്തിക്കാനും ഇവര്‍ സഹായിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍നിന്നുതന്നെ കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാവുന്നു.
ടി.പി. ചന്ദ്രശേഖരനെ അമ്പത്തിയൊന്നു വെട്ടിലൂടെ കൊലപ്പെടുത്തിയതിന്റെ തനിയാവര്‍ത്തനമാണ് പെരിയ ഇരട്ടക്കൊലയിലും കാണുന്നത്. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന് മുതലുള്ള നേതാക്കള്‍ ആണയിട്ടു. എന്നാല്‍ കേസില്‍ പ്രതികളായവരെല്ലാംതന്നെ പാര്‍ട്ടിയുടെ നേതാക്കളും, പാര്‍ട്ടി പറഞ്ഞാല്‍ എന്ത് അതിക്രമവും ചെയ്യുന്ന വാടകക്കൊലയാളികളും. കേസില്‍ ശിക്ഷിക്കപ്പെട്ടവരിലുമുണ്ട് സിപിഎം നേതാക്കള്‍. തികച്ചും രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ വ്യക്തിവൈരാഗ്യംകൊണ്ടാണെന്ന് പറഞ്ഞുപരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മിന്റെ രീതി. കൊന്നവരെ പ്രതികളാക്കിക്കൊടുത്ത് കൊല്ലിച്ചവരെ രക്ഷപ്പെടുത്തുന്നതിനാണിത്. ടിപി വധക്കേസ് സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാവുമായിരുന്നു.
പെരിയ ഇരട്ടക്കൊലയും പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. അന്വേഷണം ശരിയായ ദിശയിലായാല്‍ ഇക്കൂട്ടര്‍ പിടിയിലാകുമെന്ന് സിപിഎമ്മിനറിയാം. അതിനാലാണ് ചില നേതാക്കളെ പ്രതികളാക്കി വിട്ടുനല്‍കുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ ആവശ്യം കോടതി അംഗീകരിക്കുന്നപക്ഷം സിപിഎം പ്രതിക്കൂട്ടിലാവും. അപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതികള്‍ പിടിയിലാവുന്നുണ്ടെന്നും കോടതിയില്‍ വാദിച്ച് സിബിഐ അന്വേഷണം ആവശ്യമില്ലെന്നു വരുത്തുകയാണ് സിപിഎമ്മിന്റെ തന്ത്രം. ഒരുവിധത്തിലും ഇത് അനുവദിക്കാന്‍ പാടില്ല. ടിപി വധക്കേസിലേതുപോലെ പെരിയ കേസില്‍ കോണ്‍ഗ്രസ്സ്-സിപിഎം ഒത്തുകളി ഉണ്ടാവില്ലെന്ന് സമാധാനകാംക്ഷികള്‍ക്ക് പ്രതീക്ഷിക്കാമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: