ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാജയഭീതി. തൃണമൂലും ബിജെപിയും നേരിട്ട് പോരാടുന്ന ബംഗാളില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞെന്നാണ് വിലയിരുത്തല്‍.
പത്ത് ശതമാനം വരെ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നും 18 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നും തൃണമൂലിന്റെ ആഭ്യന്തര കണക്കുകൂട്ടലില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടത് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചില്ലെങ്കില്‍ പോലും തൃണമൂല്‍ 30 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. രണ്ട് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. 23 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്.
മമതയുടെ ശക്തികേന്ദ്രവും തലസ്ഥാനവുമായ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഒന്‍പത് സീറ്റുകളിലാണ് 19ന്് വോട്ടെടുപ്പ്. കഴിഞ്ഞ തവണ തൂത്തുവാരിയ മണ്ഡലങ്ങളില്‍ ബിജെപി നടത്തുന്ന ശക്തമായ മുന്നേറ്റം തൃണമൂലിനെ ആശങ്കപ്പെടുത്തുന്നു. കൊല്‍ക്കത്ത സൗത്ത്, കൊല്‍ക്കത്ത നോര്‍ത്ത് എന്നിവിടങ്ങളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. സൗത്ത് കൊല്‍ക്കത്തയില്‍ തൃണമൂലിന് 20.24 ശതമാനം വോട്ട് നഷ്ടപ്പെട്ടപ്പോള്‍ ബിജെപിക്ക് 21.33 ശതമാനം വര്‍ധിച്ചു. നോര്‍ത്ത് കൊല്‍ക്കത്തയിലും തൃണമൂലിന്റെ വലിയ വോട്ട് നഷ്ടം ബിജെപിക്ക് നേട്ടമായി. ജാദവ്പൂരും സൗത്ത് കൊല്‍ക്കത്തയും മമത പ്രതിനിധീകരിച്ച മണ്ഡലങ്ങളാണ്. മമതയുടെ മരുമകനാണ് ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ 30 ശതമാനത്തോളമുണ്ടായിരുന്ന ഇടത് വോട്ടുകളില്‍ ചെറിയ ശതമാനം ബിജെപിയിലേക്ക് ഒഴുകിയാല്‍ ഈ സീറ്റുകളില്‍ താമര വിരിയും.
അവസാനവട്ട വോട്ടെടുപ്പ് ലക്ഷ്യമിട്ട് വന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. നരേന്ദ്ര മോദി നാലും അമിത് ഷാ മൂന്നും റാലികള്‍ നടത്തി. ഇതിന് പുറമെ യോഗി ആദിത്യനാഥും സ്മൃതി ഇറാനിയും കളത്തിലിറങ്ങി. മോദി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ റാലികള്‍ക്ക് അനുമതി നല്‍കാതെ ബിജെപിയുടെ പ്രചാരണം തടയാന്‍ നിരവധി തവണ മമത അധികാരം ദുരുപയോഗിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ റോഡ് ഷോ തൃണമൂലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മുന്‍പ് സിപിഎമ്മിനും ഇപ്പോള്‍ തൃണമൂലിനും മാത്രം സാധിക്കുന്ന തരത്തിലുള്ള ആവേശവും ജനപങ്കാളിത്തവും പരിപാടിക്കുണ്ടായി. അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയെന്ന പഴയ സിപിഎം തന്ത്രം ബംഗാളില്‍ പയറ്റാന്‍ മമത തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: