വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന വൈക്കം ക്ഷേത്ര കലാപീഠം അടച്ച് പൂട്ടാന്‍ നീക്കം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം വര്‍ക്കല ഗ്രൂപ്പിലേക്ക് മാറ്റി ക്രമേണ ഇല്ലാതാക്കാനാണ് ശ്രമം.
വര്‍ക്കല ഗ്രൂപ്പിലെ ആറ്റിങ്ങല്‍ തിരുആറാട്ട്കാവ് ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് കലാപീഠം തുടങ്ങാനാണ് ശ്രമം. മുന്‍പ് ഇവിടെയുണ്ടായിരുന്ന കലാപീഠം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1982ല്‍ വൈക്കത്ത് ആരംഭിച്ച കലാപീഠം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് അഭിരുചി പരിക്ഷ ഈ മാസം 20ന് നടത്താനിരിക്കെയാണ് കേന്ദ്രം മാറ്റാന്‍ നീക്കം നടക്കുന്നത്.
പഞ്ചവാദ്യം, തകില്, നാദസ്വരം തുടങ്ങിയ ത്രിവത്സര കോഴ്സുകളാണ് ഇവിടെയുള്ളത്. കലാപീഠത്തില്‍ പഠിക്കുന്ന വിദ്യവൈക്കം ക്ഷേത്ര കലാപീഠം ാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. താമസിക്കുന്നതിന് വൈക്കം ക്ഷേത്രത്തോടനുബന്ധിച്ച് സൗകര്യവുമുണ്ട്. ഇവിടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ആറ്റിങ്ങലില്‍ ആയിരിക്കും പഠന സൗകര്യം ഒരുക്കുന്നതെന്നാണ് അറിയുന്നത്.
തകില്, നാദസ്വരം എന്നിവയ്ക്കു 15 വിദ്യാര്‍ത്ഥികളും പഞ്ചവാദ്യത്തിനു 40 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഒരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. പുതിയതായി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആറ്റിങ്ങലിലേക്ക് പോകുമ്പോള്‍ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാത്രം വൈക്കത്ത് ഉണ്ടാവും. ഇവരുടെ കോഴ്സ് പൂര്‍ത്തിയാകുന്നതോടെ വൈക്കം ക്ഷേത്ര കലാപീഠവും ഇല്ലാതാവും. ഇവിടെ 14 അദ്ധ്യാപകരുള്‍പ്പടെ ഏകദേശം 18 ജീവനക്കാര്‍ ഉണ്ട്.
പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവമടക്കമുള്ള ചടങ്ങുകള്‍ക്ക് ക്ഷേത്ര കലാപീഠത്തിന്റെ സേവനം വിലയേറിയതാണ്. ക്ഷേത്രനഗരിയായ വൈക്കത്തെ പല ക്ഷേത്രങ്ങളിലും കലാപീഠത്തിലെ കുട്ടികള്‍ മേളം ഒരുക്കുക പതിവാണ്. വൈക്കം ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആരംഭിച്ച ക്ഷേത്ര കലാപീഠം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭക്തജന സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: