തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപില്‍ നിന്നും സഹകരണസംഘങ്ങളിലെ ജീവനക്കാരെ പൂര്‍ണമായും തഴഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയായപ്പോള്‍ സഹായിച്ച സഹകരണ സംഘങ്ങളെ പദ്ധതിയില്‍ നിന്നും തഴഞ്ഞതില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.
സഹകരണമേഖലയിലെ ജീവനക്കാര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ രണ്ട് പോളിസികളാണ് നിലവിലുള്ളത്. അപകടമരണത്തിന് മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാല്‍ ചികിത്സാ ചെലവുകള്‍ക്ക് ഇരുപതിനായിരത്തോളം രൂപ വാര്‍ഷിക പ്രീമിയമായി നല്കി മറ്റ് സ്വകാര്യ കമ്പനികളുടെ ഇന്‍ഷ്വറന്‍സ് പദ്ധതികളെയാണ് സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ ആശ്രയിക്കുന്നത്.
സാധാരണ കെആര്‍എസ്(കേരള സര്‍വീസ് റൂള്‍സ്) പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാണ്. ഇതിലേയ്ക്കായി സര്‍ക്കാര്‍ അനുമതി നല്കി രജിസ്ട്രാര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കണം. ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കും ലഭിക്കുമെന്നാണ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍ ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും സര്‍ക്കാരില്‍ നിന്നും രജിസ്ട്രാര്‍ക്ക് ലഭിച്ചിട്ടില്ല. സഹകരണ മന്ത്രിയും ഇന്‍ഷ്വറന്‍സ് പദ്ധതിക്കു വേണ്ടി താല്‍പ്പര്യമെടുത്തില്ല. രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് സഹകരണസംഘങ്ങളില്‍ ജോലിനോക്കുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ബോണസ് നല്കാന് പണമില്ലാതെ വലഞ്ഞപ്പോള്‍ സഹകരണസംഘങ്ങളിലെ നിക്ഷേപമാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. കൂടാതെ മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ നല്കിയതും സഹകരണ സംഘങ്ങള്‍ ആയിരുന്നു. സര്‍വീസ് സംഘടന യൂണിയനുകളുടെ ആവശ്യപ്രകാരം സര്‍വകലാശാലകളിലെ ജീവനക്കാരെ വരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സഹകരണ മേഖലയിലെ യൂണിയനുകള്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാരെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സഹകരണവകുപ്പിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ജീവനക്കാര്‍ പറയുന്നു.
250 രൂപയാണ് പ്രീമിയം തുകയായി ഓരോ മാസവും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മെഡിസെപിനായി ഈടാക്കുന്നത്. റിലയന്‍സ് കമ്പനിക്കാണ് കാരാര്‍ നല്‍കിയത്. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വര്‍ഷം രണ്ടു ലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമെ പരമാവധി ആറു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: