കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും റെയ്ഡുകളും നടക്കുമ്പോള്‍ എന്‍ഐഎയുടെ രഹസ്യവിവരങ്ങള്‍ ചോരുന്നത് പ്രതിസന്ധിയാവുന്നു.
എന്‍ഐഎ നടത്തുന്ന റെയ്ഡുകള്‍ക്ക് മുന്നോടിയായി പോലീസ് ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറാറുണ്ട്. ഇത്തരത്തില്‍ കൈമാറുന്ന അതീവ ഗൗരവമുള്ള വിവരങ്ങള്‍ പോലും പോലീസിലൂടെ ചോരുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.
എന്‍ഐഎ അടുത്തിടെ കാസര്‍കോട്ട് നടത്താന്‍ പദ്ധതിയിട്ട റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദ് ചെയ്ത സംഭവവുമുണ്ടായി. തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന റെയ്ഡുകള്‍ ഒന്നും എന്‍ഐഎ പോലീസിനെ അറിയിക്കാറില്ല. സാധാരണ റെയ്ഡിന് മുന്നോടിയായി പോലീസ് ഇന്റലിജന്‍സിനെ ഉപയോഗിച്ച് എന്‍ഐഎ സ്ഥലത്തിന്റെ വിശദവിവരങ്ങള്‍ ശേഖരിക്കുകയും ജനങ്ങളുടെ പശ്ചാത്തലം, ആയുധങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാറുമുണ്ട്.
രഹസ്യ വിവരങ്ങള്‍ തീവ്രഗ്രൂപ്പുള്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് കൊച്ചി എന്‍ഐഎ യൂണിറ്റിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. അതീവ ഗൗരവമുള്ള റിപ്പോര്‍ട്ടുകള്‍ പോലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും തുടര്‍ച്ചയായിട്ട് അവഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംസ്ഥാന പോലീസില്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സമാന്തര ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നതിന് പിന്നില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍ഐഎ ഓഫീസില്‍ അടക്കം ഡ്യൂട്ടിയില്‍ വന്നിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുണ്ട്. സംശയമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍
ഭീകരവാദത്തിന് പ്രോത്സാഹനം നല്കുന്ന, കേരളത്തിലും തമിഴ്നാട്ടിലുമുള്ള 26 ഇസ്ലാമിക മതപുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഐബിയുടെ നിരീക്ഷണം.
നിരീക്ഷണത്തിലുള്ളവര്‍ ഒരു കേസുകളിലും പ്രതികളല്ല. സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ലാസുകള്‍ സംഘടിപ്പിക്കുന്ന ഇവര്‍ ജിഹാദി ലേഖനങ്ങള്‍ തയാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റു മതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരീഅത്ത് നിയമം യുവാക്കള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഐഎസ് വേരുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലേയും തമിഴ്നാട്ടിലേയും പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. അല്‍ഖ്വയ്ദ, ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടത്തില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: