അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത ബാല്യം. അങ്ങനെ ഹൃദയത്തിലും സിരകളിലും സംഗീതം ലഹരിയായി. പാട്ടിന്റെ വഴിയിലൂടെ നടന്നത് കാലങ്ങളോളം. ഒടുവില്‍ സംഗീത ലോകത്ത് താരോദയമായി ബാബു കൃഷ്ണ എന്ന പാട്ടുകാരന്. ശുദ്ധസംഗീതത്തിന്റെ അമൃതൂട്ടി ബാബു കൃഷ്ണ സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങള്‍. ആല്‍ബങ്ങളിലും യൂടൂബിലും ഷോര്‍ട്ട് ഫിലിമുകളിലും നിറഞ്ഞുനിന്ന ആ ഗാനങ്ങള്‍ സംഗീതപ്രേമികളുടെ ചുണ്ടുകളില്‍ സദാ മൂളിക്കളിച്ചു. ഏതൊരു സംഗീതജ്ഞന്റെയും സ്വപ്നമായ സിനിമയെന്ന ബിഗ് സ്ക്രീനിലും ബാബു കൃഷ്ണയുടെ ഈണങ്ങള്‍ ഇടം പിടിച്ചു. ‘ഓര്‍മ്മ’ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ.
ആദ്യ ഗുരു
കരമന കാലടി ഒരിക്കമ്പില്‍ വീട്ടില്‍ ബാബു കൃഷ്ണയ്ക്ക് അന്തരിച്ച പ്രശ്ത സംഗീതജ്ഞനും സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായിരുന്ന ആലപ്പി ശ്രീകുമാറായിരുന്നു ആദ്യ ഗുരു. എണ്‍പതുകളുടെ ആരംഭം. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ സംഗീത പഠനത്തിനായി എത്തിയ ആലപ്പി ശ്രീകുമാര്‍ മിത്രാനന്ദപുരത്തുള്ള ആര്‍എസ്എസ് കാര്യാലയത്തിലാണ് താമസിച്ചിരുന്നത്. അക്കാലത്ത് കാര്യാലയത്തിലെ നിത്യസന്ദര്‍ശകനായിരുന്ന ബാബുവിന് മധുരശബ്ദത്തിന്റെ ഉടമയായ ശ്രീകുമാറിനോട് വല്ലാത്തൊരു ആരാധന. ബാബുവാണ് അന്നൊക്കെ ആര്‍എസ്എസ് പരിപാടികളില്‍ വ്യക്തിഗീതവും വന്ദേമാതരവും പാടിയിരുന്നത്. ആ ശബ്ദമാധുരി ശ്രീകുമാറിനെ ആകര്‍ഷിച്ചു. ബാബുവിലെ പാട്ടുകാരനെ സ്ഫുടം ചെയ്തെടുക്കാന്‍ ശ്രീകുമാര്‍ തീരുമാനിച്ചു.
സംഗീത ലോകത്തേക്ക്
അതിരാവിലെ നാലിന് വീട്ടില്‍നിന്ന് മിത്രാനന്ദപുരത്തെ കാര്യാലയത്തിലേക്ക് യാത്ര തിരിക്കും. ഈ യാത്രക്കിടയില്‍ പടിഞ്ഞാറേ തെരുവിലെ അഗ്രഹാരങ്ങളില്‍ നിന്നുയര്‍ന്ന കീര്‍ത്തനങ്ങള്‍ ബാബുവിന് പകര്‍ന്നത് ശുദ്ധസംഗീതത്തിന്റെ കുളിര്‍മ കൂടിയായിരുന്നു. കാര്യാലയത്തിലെത്തി ശ്രീകുമാറിനെ വിളിച്ചുണര്‍ത്തി കുളി കഴിഞ്ഞ് മിത്രാനന്ദപുരം ക്ഷേത്ര കല്മണ്ഡപത്തിലിരുന്നു സംഗീത പഠനം. അക്കാലത്ത് ശ്രീകുമാറിനും ബാബുവിനും ബാലഗോകുലത്തിന്റെ ചുമതലയുണ്ടായിരുന്നു. സംഗീത പഠനത്തില്‍ കുടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വന്നപ്പോള്‍ ശ്രീകുമാറിന് ബാലഗോകുലത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടിവന്നു. ബാബുവിനാകട്ടെ സംഘടനാ പ്രവര്‍ത്തനത്തിലും കുടുതല്‍ ശ്രദ്ധ നല്‍കേണ്ടി വന്നു. അതോടെ സംഗീത പഠനം പാതിവഴിയില്‍ നിലച്ചു.
വീ@ും പാട്ടീണങ്ങള്‍ തേടി
വര്‍ഷങ്ങള്‍ക്കുശേഷം ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തുമായ പൂജപ്പുര ജയശങ്കറിന്റെ ഉപദേശപ്രകാരം പ്രശസ്ത ഹാര്‍മോണിസ്റ്റായ പാങ്ങോട് ഗംഗാധര ഭാഗവതര്‍ക്കരികില്‍ സംഗീത പഠനം. പഠനത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചിരുന്നത് ജയശങ്കര്‍. മനസ്സില്‍ മായാതെ കിടന്ന സംഗീതത്തെ ഭാഗവതര്‍ തേച്ചുമിനുക്കി എടുത്തു. പിന്നീട് സംഗീതരംഗത്ത് സജീവമാവുകയായിരുന്നു.
വേദികളില്‍ നിന്ന് വേദികളിലേക്ക്
തിരുവനന്തപുരത്തെ തിരക്കുള്ള ഗായകനായി മാറുകയായിരുന്നു ബാബു കൃഷ്ണ. ഗാനമേള ട്രൂപ്പുകളില്‍ ആ ശബ്ദം സ്വരരാഗ പ്രവാഹമായി. ജൂപ്പിറ്റര്‍, മെഗാമിക്സ്, മ്യൂസിക് ഇന്ത്യ തുടങ്ങിയ മ്യൂസിക്കല്‍ ട്രൂപ്പുകളുടെ സ്ഥിരം ഗായകന്. ഇപ്പോള്‍ ജയന് കലാ സാംസ്കാരിക വേദി, വയലാര്‍ സാംസ്കാരിക വേദി, ഭാസ്കരന് മാസ്റ്റര്‍ സാംസ്കാരിക വേദി എന്നീ സമിതികളുടെ സംഗീത പരിപാടികളിലും ബാബു പാടുന്നു.
സംഗീത സംവിധാന രംഗത്തേക്ക്
1984 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാബു ആദ്യഗാനം സംവിധാനം ചെയ്യുന്നത്. യുവജനോത്സവത്തില്‍ പാടാന്‍ വേണ്ടിയായിരുന്നു അത്. വൃന്ദാവനത്തിലെ രാധേ… എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ആ വര്‍ഷം ലളിതഗാന മത്സരത്തില്‍ ബാബുവിന് ഒന്നാം സ്ഥാനം. വളര്‍ന്നപ്പോള്‍ നിരവധി ആല്‍ബങ്ങള്‍ക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. മുന്‍പ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഒരു ആല്‍ബത്തിലെ ഗാനം കേള്‍ക്കാനിടയായ സംവിധായകന് സുരേഷ് തിരുവല്ല തന്റെ ഓര്‍മ്മ എന്ന പുതിയ സിനിമയ്ക്കുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ ബാബുവിനെ ക്ഷണിക്കുകയായിരുന്നു. അതിലെ നീയും ഞാനും ഒരു ശലഭം എന്നുതുടങ്ങുന്ന എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കുവേണ്ടി ഒരുക്കുന്ന ഗാനത്തിന്റെ പണിപ്പുരയിലാണ്. മറ്റ് രണ്ട് ചിത്രങ്ങളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
കുടുംബം
സംഗീത സാന്ദ്രമായ ജീവിതത്തില്‍ പ്രോത്സാഹനമായി കൂടെയുണ്ട് ഭാര്യ കെ.എസ് സന്ധ്യ. ബികോം വിദ്യാര്‍ത്ഥി ശ്രാവണ്‍ ബി.എസ്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം ബി.എസ് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: